കോട്ടയം: കെ എം മാണിയെക്കുറിച്ച് സർക്കാർ ഒന്നും കോടതിയിൽ പറഞ്ഞിട്ടില്ലെന്നും, എല്ലാ കുഴപ്പവും മാധ്യമങ്ങളുടേതാണെന്നും ജോസ് കെ മാണി. കെ എം മാണി അഴിമതിക്കാരനാണെന്ന് സർക്കാർ അഭിഭാഷകൻ സുപ്രീംകോടതിയിൽ പറഞ്ഞതിന് പിന്നാലെയാണ് കേരള കോൺഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗം ഇന്ന് കോട്ടയത്ത് ചേർന്നത്. യോഗത്തിനുശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് എല്ലാം മാധ്യമങ്ങളുടെ കുഴപ്പം ആണെന്ന് വരുത്തി വിഷയത്തിൽ നിന്നും വഴുതിമാറാൻ ജോസ് കെ മാണി ശ്രമിച്ചത്.
'സുപ്രീം കോടതിയിൽ അഭിഭാഷകൻ വാദിച്ചപ്പോൾ കെ എം മാണി അഴിമതിക്കാരനാണെന്ന് പറഞ്ഞിട്ടില്ല എന്ന് ജോസ് കെ മാണി സമർത്ഥിച്ചു. സുപ്രീംകോടതിയിൽ കേസുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ സത്യവാങ്മൂലത്തിലും കെ എം മാണി അഴിമതിക്കാരനാണെന്ന് ഇല്ല. സർക്കാർ കോടതിയിൽ നൽകിയ സത്യവാങ്മൂലം ഉയർത്തിക്കാട്ടി ആയിരുന്നു ജോസ് കെ മാണി വാർത്താസമ്മേളനം നടത്തിയത്. അഭിഭാഷകൻ കേസ് വാദിക്കുമ്പോൾ മുൻ ധനമന്ത്രിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണ കേസ് ആണ് സംഭവം എന്ന് സൂചിപ്പിച്ചിരുന്നു. എന്നാൽ അഴിമതി ആരോപണം എന്നാണ് അഭിഭാഷകൻ ചൂണ്ടിക്കാട്ടിയത് എന്നും മറിച്ച് അഴിമതിക്കാരൻ എന്നല്ല എന്നും ജോസ് കെ മാണി ആവർത്തിച്ചു പറഞ്ഞു.
സുപ്രീംകോടതിയിൽ കേരള കോൺഗ്രസ് നേരിട്ട് ഇക്കാര്യത്തിൽ പരിശോധന നടത്തിയെന്നും സർക്കാറിനെ ന്യായീകരിച്ചുകൊണ്ട് ജോസ് കെ മാണി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കെ എം മാണിയെ വേട്ടയാടാൻ ഉള്ള ശ്രമമാണ് നടന്നതെന്നും ജോസ് കെ മാണി ആരോപിച്ചു. ഇനിയെങ്കിലും വിവാദം അവസാനിപ്പിക്കാൻ മാധ്യമങ്ങൾ തയ്യാറാകണമെന്നും ജോസ് അഭ്യർത്ഥിച്ചു.അതേസമയം നിയമസഭാ കയ്യാങ്കളി കേസ് അവസാനിപ്പിക്കാൻ സർക്കാർ സുപ്രീംകോടതിയിൽ നടത്തുന്ന നീക്കങ്ങളെക്കുറിച്ച് പ്രതികരിക്കാൻ ജോസ് കെ മാണി തയ്യാറായില്ല.
Also Read-
'അത് നാക്കുപിഴ': സിപിഎം വിശദീകരണത്തില്‍ തൃപ്തനായി ജോസ് കെ മാണിഇക്കാര്യത്തിൽ ആവർത്തിച്ചുള്ള ചോദ്യങ്ങളോട് ജോസ് കെ മാണി വഴുതിമാറി. നേരത്തെ തന്നെ ഇക്കാര്യത്തിൽ മറുപടി പറഞ്ഞു എന്നാണ് ജോസ് കെ മാണി ചൂണ്ടിക്കാട്ടുന്നത്. കെ എം മാണി അഴിമതിക്കാരനെന്ന വാക്ക് ഇനി ഉപയോഗിക്കരുത് എന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.കേരള പൊതു സമൂഹത്തിൽ തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കരുത് എന്ന് ജലവിഭവ വകുപ്പ് മന്ത്രിയും കേരള കോൺഗ്രസ് എം പാർലമെന്ററി പാർട്ടി നേതാവുമായ റോഷി അഗസ്റ്റിൻ ആവശ്യപ്പെട്ടു. കെ എം മാണിയെ ഇനിയും വിവാദങ്ങളിൽ വലിച്ചിഴയ്ക്കരുത്.
ഇക്കാര്യത്തിൽ ദുഃഖം ഉണ്ട് എന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. രാവിലെ സിപിഎം ആക്ടീവ് സെക്രട്ടറി എ വിജയരാഘവൻ ആണ് എല്ലാം മാധ്യമങ്ങൾക്ക് മുകളിൽ ചുമത്തി വിവാദത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചത്. ഇതിനുമുൻപ് കേരള കോൺഗ്രസ് നേതാക്കൾ മാധ്യമങ്ങളെ കണ്ടപ്പോൾ എല്ലാം വൈകിട്ട് പറയാം എന്നു മാത്രമായിരുന്നു മറുപടി. സിപിഎം വിശദീകരിച്ചതോടെയാണ് അതേ നിലപാടിൽ വിഷയം തണുപ്പിക്കാൻ കേരള കോൺഗ്രസ് എം നീക്കം നടത്തിയത്. പി ജെ ജോസഫ് ഉൾപ്പടെയുള്ള നേതാക്കൾ ഇന്നലെ ഉയർത്തിയ ആരോപണങ്ങൾ ജോസ് കെ മാണി തള്ളി. സത്യവാങ്മൂലത്തിൽ ഇത്തരം ആരോപണങ്ങൾ ഒന്നും പറഞ്ഞിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു യുഡിഎഫ് നേതാക്കളെ ജോസ് കെ മാണി തള്ളിയത്.
വീണ്ടും യുഡിഎഫ് പ്രവേശനത്തിന് നേതാക്കൾ ക്ഷണിച്ചതായുള്ള പ്രതികരണങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ വാർത്താസമ്മേളനത്തിൽ ഇന്ന് മുഴുവൻ നേതാക്കളും ചിരിക്കുക മാത്രമാണ് ചെയ്തത്. ഏതായാലും വിഷയത്തിൽ നിന്ന് തൽക്കാലം രക്ഷനേടാൻ കേരള കോൺഗ്രസ് എം സിപിഎമ്മിന് ഒപ്പം ചേർന്ന് ശ്രമിക്കുകയാണ്. ഇരുപാർട്ടികളുടെയും ഇക്കാര്യത്തിൽ പാർട്ടി നേതൃത്വത്തിന് പൂർണപിന്തുണ നൽകുമോ എന്നാണ് ഇനി അറിയാനുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.