• HOME
  • »
  • NEWS
  • »
  • kerala
  • »
  • എംബിബിഎസ് സാമ്പത്തിക സംവരണ സീറ്റ്; ഉത്തരവ് വീണ്ടും തിരുത്തി; സീറ്റ് വർധന സർക്കാർ കോളജുകൾക്ക് മാത്രം

എംബിബിഎസ് സാമ്പത്തിക സംവരണ സീറ്റ്; ഉത്തരവ് വീണ്ടും തിരുത്തി; സീറ്റ് വർധന സർക്കാർ കോളജുകൾക്ക് മാത്രം

സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്കും ന്യൂനപക്ഷ പദവിയുള്ള കോളജുകള്‍ക്കും സീറ്റ് കൂട്ടാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് പിന്‍വലിച്ചു

doctor

doctor

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് എം ബി ബി എസിന് 10 ശതമാനം സാമ്പത്തിക സംവരണ സീറ്റ് അനുവദിച്ച് കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ രണ്ടുതവണ തിരുത്തി. ഒടുവില്‍സീറ്റ് വര്‍ധന സര്‍ക്കാര്‍ കോളജുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി. സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്കും ന്യൂനപക്ഷ പദവിയുള്ള കോളജുകള്‍ക്കും സീറ്റ് കൂട്ടാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് പിന്‍വലിച്ചു. ഉദ്യോഗസ്ഥതലത്തിലെ വീഴ്ചയാണ് ഉത്തരവ് പലതവണ മാറ്റിയിറക്കാന്‍ കാരണമെന്ന് സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ ആരോപിച്ചു.

    എംബിബിഎസിന് മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം കൊണ്ടുവരാന്‍ സീറ്റ് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് രണ്ടു തവണ സര്‍ക്കാര്‍ തിരുത്തി. ആദ്യം ന്യൂനപക്ഷ പദവിയുള്ള കോളജുകളെ ഒഴിവാക്കി സംസ്ഥാനത്തെ എട്ട് സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് അനുമതി നല്‍കി. വിവാദമായപ്പോള്‍ ന്യൂനപക്ഷ പദവിയുള്ള കോളജുകള്‍ക്കും അനുമതി നൽകി. മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരമില്ലാത്ത രണ്ട് സ്വാശ്രയ കോളജുകള്‍ക്ക് സീറ്റ് വര്‍ധനക്കുള്ള അനുമതിയില്‍ വിവാദം തുടരുന്നതിനിടെയാണ് 10 ശതമാനം സംവരണം സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ മാത്രം പരിമിതപ്പെടുത്തി കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്.

    കാര്യമായ കൂടിയാലോചനകള്‍ ഇല്ലാതെ തിരക്കുപിടിച്ച് ഉത്തരവിറക്കിയതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. മെഡിക്കല്‍ കൗണ്‍സിലിന് അപേക്ഷ നല്‍കേണ്ട അവസാന ദിവസമായ ഇന്നലെ ആണ് സംസ്ഥാന സര്‍ക്കാര്‍ ഇത് സംബന്ധിച്ച് ഉത്തരവ് ആദ്യം ഇറക്കിയത്. അധിക സീറ്റില്‍ വിദ്യാർഥികളുടെ ഫീസ് ആര് വഹിക്കുമെന്ന് മാനേജ്‌മെന്റ് ചോദ്യമുന്നയിച്ചു. ഈ സീറ്റുകളുടെ ഫീസ് സര്‍ക്കാര്‍ നല്‍കിയാല്‍ ക്രോസ് സബ്‌സിഡി അടക്കമുള്ള പ്രതിസന്ധികള്‍ ഉണ്ടാകും. ഉദ്യോഗസ്ഥതല വീഴ്ചയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ ആരോപിച്ചു.

    35 ശതമാനം മാനേജ്‌മെന്റ് സീറ്റുകളിലേക്ക് ഇനി കേരളത്തിന് പുറത്തുള്ള വിദ്യാര്‍ഥികള്‍ക്കും പ്രവേശനം ലഭിക്കും. എന്‍ ആര്‍ ഐ സീറ്റിന് പുറമേ 15 ശതമാനം സീറ്റുകള്‍ കേരളത്തിന് പുറത്തുളളവര്‍ക്ക് അനുവദിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സുപ്രീംകോടതി വിധി പ്രകാരമാണ് നടപടി. ഇതര സംസ്ഥാനങ്ങളില്‍ നിന്നുളള 7300 പേരാണ് സംസ്ഥാനത്ത് എംബിബിഎസിന് അപേക്ഷിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് അവസരം കുറയും.

    First published: