• HOME
 • »
 • NEWS
 • »
 • kerala
 • »
 • ഖേൽ രത്ന പുരസ്കാരം; രാജീവ് ഗാന്ധിയുടെ പേരുമാറ്റിയത് ബിജെപിയുടെ ഗൂഢാലോചനയെന്ന് ഉമ്മൻ ചാണ്ടി

ഖേൽ രത്ന പുരസ്കാരം; രാജീവ് ഗാന്ധിയുടെ പേരുമാറ്റിയത് ബിജെപിയുടെ ഗൂഢാലോചനയെന്ന് ഉമ്മൻ ചാണ്ടി

പണ്ഡിറ്റ്‌ ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയ രാഷ്ട്രീയ നേതാക്കളെ തമസ്കരിക്കാനുള്ള ബിജെപിയുടെ ഗൂഢാലോചനയാണ് ഈ നടപടിയിലൂടെ പുറത്തു വരുന്നത്. ഇതിനെതിരെ രാജ്യം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും ഉമ്മൻചാണ്ടി അഭ്യർത്ഥിച്ചു.

Oommen Chandy

Oommen Chandy

 • Share this:
  തിരുവനന്തപുരം: ഇന്ത്യയുടെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരത്തിന്റെ പേര് മാറ്റിയ കേന്ദ്ര സർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. രാജ്യത്തിനു വേണ്ടി രക്തസാക്ഷിയായ നേതാവിനോടുള്ള കടുത്ത അവഹേളനം കൂടിയാണിതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

  ശാസ്ത്ര സാങ്കേതിക - കായിക മേഖലയിൽ സുശക്തമായ ഭാരതം സ്വപ്നം കണ്ട രാജീവ് ഗാന്ധിയോടുള്ള ഏറ്റവും വലിയ ആദരമായിട്ടാണ് പരമോന്നത കായിക പുരസ്കാരത്തിന് അദ്ദേഹത്തിന്റെ പേര് നൽകിയത്. പണ്ഡിറ്റ്‌ ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയ രാഷ്ട്രീയ നേതാക്കളെ തമസ്കരിക്കാനുള്ള ബിജെപിയുടെ ഗൂഢാലോചനയാണ് ഈ നടപടിയിലൂടെ പുറത്തു വരുന്നത്. ഇതിനെതിരെ രാജ്യം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും ഉമ്മൻചാണ്ടി അഭ്യർത്ഥിച്ചു.

  രാജ്യത്തെ പരമോന്നത കായിക പുരസ്ക്കാരമാണ് രാജീവ് ഖേൽ രത്ന. ഇനി മുതൽ അറിയപ്പെടുക മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്ക്കാരം എന്നായിരിക്കും. ജനങ്ങളിൽനിന്ന് നിരവധി അപേക്ഷകൾ ലഭിച്ചതുപ്രകാരമാണ് പേരുമാറ്റമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരിച്ചത്. കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയുടെ പേരിലുണ്ടായിരുന്ന പുരസ്ക്കാരമാണ് ഹോക്കി മാന്ത്രികനും ഇതിഹാസതാരവുമായ മേജർ ധ്യാൻചന്ദിന്‍റെ പേരിലാക്കിയത്. കായികപുരസ്ക്കാരത്തിന്‍റെ പേരുമാറ്റം രാഷ്ട്രീയ പോരിന് കളമൊരുക്കുമെന്നാണ് സൂചന.

  ധ്യാൻ ചന്ദ്: ഹിറ്റ്ലറെ സല്യൂട്ട് ചെയ്യാതിരുന്ന ഹോക്കി മാന്ത്രികൻ; ഇന്ത്യൻ ഹോക്കിയുടെ ശക്തിദുർഗം

  ഒളിമ്പിക്സിൽ തുടർച്ചയായി ഇന്ത്യയ്ക്ക് മൂന്ന് തവണ സ്വർണ മെഡൽ നേടിക്കൊടുത്ത ഇന്ത്യൻ ഹോക്കി ടീമിലെ ശക്തനായ കളിക്കാരനായിരുന്നു ധ്യാൻ ചന്ദ്. 1936ലെ ബെർലിൻ ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ലോക ഹോക്കിയിലെ തന്നെ സൂപ്പർ താരവും ഇന്ത്യൻ സംഘത്തിന്റെ പതാകവാഹകനുമായ ധ്യാൻ ചന്ദ് അഡോൾഫ് ഹിറ്റ്ലറെ അഭിവാദ്യം ചെയ്യാൻ വിസമ്മതിച്ചു. അക്കാലത്ത് ഹോക്കിയിൽ ഇന്ത്യയുടെ ആധിപത്യം അത്രത്തോളം വലുതായിരുന്നു.

  ഇന്ത്യൻ ഹോക്കിയുടെ സുവർണ കാലഘട്ടമാണ് ധ്യാൻ ചന്ദ് ടീമിൽ കളിച്ചിരുന്ന സമയം. ഹോക്കി സ്റ്റിക്കുകൊണ്ട് കളിക്കളത്തിൽ മായാജാലം തീർക്കുന്ന മാന്ത്രികൻ. 1905 ആഗസ്റ്റ് 29 ന് അലഹബാദിൽ ശാരദ സിംഗിന്റെയും സമേശ്വർ സിംഗിന്റെയും മകനായാണ് ജനിച്ചത്. ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലെ സൈനികനായിരുന്ന ധ്യാൻ ചന്ദ് വളരെ ചെറുപ്പത്തിൽ തന്നെ ഹോക്കിയിലേക്ക് ആകർഷിക്കപ്പെട്ടിരുന്നു. തന്റെ പിതാവിനെപ്പോലെ, 16-ാം വയസ്സിൽ ധ്യാൻ ചന്ദും സൈന്യത്തിൽ ചേർന്നെങ്കലും തന്റെ പ്രിയപ്പെട്ട കളിയെ വിട്ടു കളയാൻ ധ്യാൻ ചന്ദിന് കഴിഞ്ഞില്ല. ഡ്യൂട്ടി സമയത്തിന് ശേഷമുള്ള രാത്രികളിലും മറ്റും അദ്ദേഹം ഹോക്കി കളിച്ചു.

  1926ൽ ന്യൂസിലൻഡിലേക്കുള്ള ഒരു പര്യടനത്തിനായി ഇന്ത്യൻ ആർമി ടീം പങ്കെടുത്തു. അവിടെ 18 മത്സരങ്ങളിൽ വിജയിക്കുകയും രണ്ട് മത്സരങ്ങൾ സമനിലയിൽ കലാശിക്കുകയും ചെയ്തു. ടീമിന്റെ പ്രകടനത്തെ പലരും പ്രശംസിക്കുകയും പ്രത്യേകിച്ച് ധ്യാൻ ചന്ദ് നിരവധി പ്രശംസകൾ ഏറ്റുവാങ്ങുകയും ചെയ്തു. പിന്നീട് 1928 ആംസ്റ്റർഡാമിൽ നടന്ന ഒളിമ്പിക്‌സിൽ ധ്യാൻ ചന്ദ് ഇന്ത്യൻ ടീമിന്റെ ഭാഗമായി കളിച്ചു.

  സെന്റർ ഫോർവേഡ് ഹോക്കി കളിക്കാരനായ ധ്യാൻ ചന്ദ് ആയിരുന്നു, അരങ്ങേറ്റ മത്സരത്തിൽ തന്നെ സ്വർണ മെഡലിലേക്കുള്ള വഴി തെളിച്ചത്. അഞ്ച് മത്സരങ്ങളിൽ നിന്നായി 14 ഗോളുകളോടെ ടോപ് സ്കോററായി ധ്യാൻ ചന്ദ് മാറി. പിന്നീടുള്ള വർഷങ്ങളിൽ ധ്യാൻ ചന്ദ് എന്ന ഇതിഹാസം ഇന്ത്യൻ ഹോക്കിയെ ഉയരങ്ങളിലെത്തിച്ചു. 1932ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിലും ഇന്ത്യ സ്വർണം നേടി. ലോസ് ഏഞ്ചൽസിൽ സ്വർണം നേടിയ ടീമിൽ ധ്യാൻ ചന്ദിന്റെ സഹോദരൻ രൂപ് സിംഗും ഉണ്ടായിരുന്നതിനാൽ വിജയം കുറച്ചുകൂടി പ്രത്യേകതയുള്ളതായിരുന്നു.

  1936ൽ ബെർലിനിൽ നടന്ന ഒളിമ്പിക്സിൽ, ധ്യാൻ ചന്ദിനെ ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തു. ഇന്ത്യൻ ഹോക്കി ടീം ബെർലിൻ ഒളിമ്പിംക്സിൽ മൊത്തം 38 ഗോളുകൾ നേടി. അങ്ങനെ തുടർച്ചയായ മൂന്ന് ഒളിമ്പിക് സ്വർണ മെഡലുകൾ ഇന്ത്യ സ്വന്തമാക്കി.
  Published by:Rajesh V
  First published: