തിരുവനന്തപുരം: സ്വപ്‍ന സുരേഷിന്റെ ആരോപണം തള്ളി പി ശ്രീരാമകൃഷ്ണൻ. ആരോപണങ്ങൾ തെളിയിക്കാൻ ശ്രീരാമകൃഷ്ണൻ വെല്ലുവിളിച്ചു. ആരോടും അപമര്യാദയായി പെരുമാറുന്ന രീതി തനിക്കില്ല. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ മാത്രം അസത്യം പ്രചരിപ്പിക്കപ്പെടുകയാണ്. വ്യക്തിഹത്യക്ക് പിന്നിൽ സംഘ പരിവാറിന്റെ കുബുദ്ധിയാണ്.
കിഫ്ബിക്കെതിരായ അന്വേഷണത്തിലും ലൈഫ് ഭവന പദ്ധതി മുടക്കാനുള്ള ഇഡി അന്വേഷണത്തിലും സംഘ്പരിവാർ ആസൂത്രണം കണ്ടതാണ്. അറിഞ്ഞോ അറിയാതേയോ അതിന് കരുവായി തീരുകയാണ് സ്വപ്ന. ആരോപണങ്ങളെ രാഷ്ട്രീയമായി നേരിടുന്നതൊനൊപ്പം നിയമപരമായ വശങ്ങളും പരിശോധിക്കും. പാർട്ടിയുമായി ആലോചിച്ച് ഇക്കാര്യത്തിൽ നിലപാട് സ്വീകരിക്കുമെന്നു ശ്രീരാമകൃഷ്ണൻ പ്രതികരിച്ചു.
മുൻ മന്ത്രിമാരായ കടംകംപള്ളി സുരേന്ദ്രനും തോമസ് ഐസക്കിനും മുൻ സ്പീക്കര്‍ ശ്രീരാമ കൃഷ്ണനുമെതിരെയാണ് സ്വപ്ന സുരേഷ് ആരോപണങ്ങൾ ഉന്നയിച്ചത്. പെൺമക്കളുള്ള വീട്ടില്‍ കടകംപള്ളി സുരേന്ദ്രനെ കയറ്റാൻ കൊള്ളില്ലെന്നായിരുന്നു സ്വപ്നയുടെ പരാമർശം. കടകംപള്ളി ഹോട്ടലിൽ റൂമെടുക്കാമെന്ന് പറഞ്ഞു. ഫോണിൽ അശ്ലീല സന്ദേശം അയച്ചു. ഫോൺ സെക്സിന് സമാനമായി കടകംപള്ളി പെരുമാറി. കടകംപള്ളിയും ശ്രീരാമകൃഷ്ണനും പെരുമാറുന്നത് കോളേജ് കുമാരന്മാരെ പോലെയാണെന്നും സ്വപ്ന ആരോപിച്ചിരുന്നു.
സ്വപ്നയുടെ ആരോപണങ്ങൾ നിഷേധിച്ച് തോമസ് ഐസക് നേരത്തേ പ്രതികരിച്ചിരുന്നു. താൻ സ്വപ്നയെ മൂന്നാറിലേക്ക് ക്ഷണിച്ചു എന്ന് പറയുന്നത് സ്വബോധമുള്ള ആരും വിശ്വസിക്കുന്നതല്ല. സാമാന്യ യുക്തിക്ക് നിരക്കുന്നതല്ല സ്വപ്ന പറയുന്നത്. മന്ത്രിയായിരിക്കെ താൻ മൂന്നാറിൽ പോയിട്ടില്ല. ബോധപൂർവമാണ് തന്റെ പേര് വലിച്ചിഴച്ചതെന്നും ഐസക് പ്രതികരിച്ചു.
സിപിഎമ്മിനെ തേജോവധം ചെയ്യാനാണ് ഇത്തരം സ്ക്രിപ്റ്റ് തയ്യാറാക്കുന്നത്. അതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ട്. കള്ളക്കടത്ത് കേസ് പ്രതിയായ സ്വപ്നയെ സംരക്ഷിക്കുന്നത് ബിജെപിയാണ്. സ്വപ്നയുടെ ആരോപണത്തിൽ നിയമനടി വേണോയെന്ന് പാർട്ടി തീരുമാനിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Dr T. M. Thomas Isaac, P Sreeramakrishnan, Swapna suresh