HOME /NEWS /Kerala / പ്രതിപക്ഷം സ്ഥലജലവിഭ്രാന്തിയിൽ; മന്ത്രി ടി.പി. രാമകൃഷ്ണന് പറയാനുള്ളത് (FULL TEXT)

പ്രതിപക്ഷം സ്ഥലജലവിഭ്രാന്തിയിൽ; മന്ത്രി ടി.പി. രാമകൃഷ്ണന് പറയാനുള്ളത് (FULL TEXT)

tp ramakrishnan

tp ramakrishnan

  • Share this:

    തിരുവനന്തപുരം: പ്രതിപക്ഷം അകപ്പെട്ടിരിക്കുന്ന സ്ഥലജലവിഭ്രാന്തിയുടെ പ്രകടനം മാത്രമാണ്  വിദേശനിർമിത വിദേശമദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട് ഉയര്‍ത്തിയ ആരോപണങ്ങളെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ. ശബരിമല വിഷയത്തില്‍ സമരം തുടങ്ങി കുരുക്കിലകപ്പെട്ട യുഡിഎഫ് എങ്ങനെയെങ്കിലും തലയൂരാനുള്ള ബദ്ധപ്പാടിലാണ് തീര്‍ത്തും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ബ്രുവറി വിവാദം കുത്തിപ്പൊക്കി പുകമറ സൃഷ്ടിക്കാനുള്ള  നീക്കം ദയനീയമായി പരാജയപ്പെട്ടതിനു പിന്നാലെയാണ് വിദേശനിര്‍മ്മിത വിദേശമദ്യം വില്‍ക്കുന്നതിനു പിന്നില്‍ കോടികളുടെ അഴിമതി എന്ന ആരോപണവുമായി രംഗത്തുവന്നത്. ദുഷ്പ്രചാരണങ്ങളിലൂടെ ഇടതുപക്ഷജനാധിപത്യമുന്നണി  സര്‍ക്കാരിനെ കരിതേക്കാനുള്ള നീക്കം വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. വിദേശനിര്‍മിത വിദേശ മദ്യവും വൈനും ബാറുകള്‍ വഴിയും ബീയര്‍ പാര്‍ലറുകള്‍ വഴിയും വില്‍പ്പന നടത്താനുള്ള തീരുമാനം മന്ത്രിസഭ അറിയാതെയാണ് തീരുമാനമെന്നും വൻ അഴിമതിയാണെന്നും വിദേശമദ്യ മാഫിയയെ സഹായിക്കാനാണെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.

    മന്ത്രി ടി.പി. രാമകൃഷ്ണൻ നടത്തിയ വാർത്താസമ്മേളനത്തിന്റെ പൂർണരൂപം

    സംസ്ഥാനത്ത് മദ്യമൊഴുക്കിയതും മദ്യലോബികളുമായി ഇടപാടുകള്‍ നടത്തിയതും ആരെന്ന്  പകല്‍പോലെ വ്യക്തമാണ്. യാഥാര്‍ഥ്യങ്ങള്‍ മറച്ചുപിടിച്ച് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള വിഫലശ്രമത്തിലാണ് യുഡിഎഫ് നേതൃത്വം. ബാറുകള്‍ പൂട്ടുകയും പൂട്ടിയ ബാറുകള്‍ ബിയര്‍ വൈന്‍ പാര്‍ലറാക്കുകയും ചെയ്തതിനു പിന്നിലെ ഡീല്‍ എന്തായിരുന്നെന്ന് യുഡിഎഫ്  വ്യക്തമാക്കണം. വിദേശ നിര്‍മ്മിത വിദേശമദ്യം കേരളത്തില്‍ വില്‍ക്കുന്നത് പുതിയ കാര്യമല്ല. വിദേശനിര്‍മ്മിത വിദേശമദ്യം വില്‍പനയ്ക്ക് 2007 മുതല്‍ അനുമതി നല്‍കിയിട്ടുണ്ട്. SRO നമ്പര്‍ 223/2007 ഉത്തരവ് മുഖേന വിദേശ നിര്‍മ്മിത വിദേശമദ്യം കസ്റ്റംസ് ബോണ്ടഡ് വേര്‍ഹൗസില്‍നിന്നും നേരിട്ട്  വാങ്ങി വില്‍ക്കുന്നതിന് 25000 രൂപ വാര്‍ഷിക ഫീസ് ഈടാക്കി ബാറുകള്‍ക്കും 10000 രൂപ വാര്‍ഷിക ഫീസ് ഈടാക്കി ബീയര്‍ & വൈന്‍ പാര്‍ലറുകള്‍ക്കും അനുമതി നല്‍കാന്‍ എക്‌സൈസ് കമ്മീഷണര്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. ഇതില്‍ ഇപ്പോള്‍ ആരോപിച്ചിരിക്കുന്ന ബെക്കാര്‍ഡി ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ഉള്‍പ്പെടുന്നുണ്ട്.

    വിദേശ നിര്‍മ്മിത വിദേശമദ്യം സംസ്ഥാനത്ത് വില്‍പന നടത്തുന്ന വിഷയം കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സജീവമായി പരിഗണിച്ചിരുന്നു. അന്നത്തെ എക്‌സൈസ് വകുപ്പ് മന്ത്രി കെ. ബാബു വിദേശ നിര്‍മ്മിത വിദേശമദ്യത്തിന്റെ വില്‍പന ആരംഭിക്കുവാനും ഇതിന് നികുതി ഘടന അടിയന്തരമായി പരിശോധിച്ച് സമര്‍പ്പിക്കുന്നതിനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. മന്ത്രി വിളിച്ചുചേര്‍ത്ത 30.11.2011 തിയതിയിലെ യോഗതീരുമാനത്തില്‍ വിദേശ നിര്‍മ്മിത വിദേശമദ്യം ഇറക്കുമതി ചെയ്യുന്നത് സംബന്ധിച്ചുള്ള വ്യക്തമായ നിര്‍ദ്ദേശം ലഭ്യമാക്കുവാന്‍ എക്‌സൈസ് കമ്മീഷണറെ ചുമതലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് 23.07.2012ന് എക്‌സൈസ് മന്ത്രി വിളിച്ചുചേര്‍ത്ത യോഗ തീരുമാനപ്രകാരം വിശദമായ പ്രപ്പോസലുകളും ഭേദഗതിയും സമര്‍പ്പിക്കാന്‍ 23.07.2012 ലെ 8938/ഏ1/2010/നികുതി കത്തിലൂടെ എക്‌സൈസ് കമ്മീഷണര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ 04.09.2012 ല്‍ 311895/2007 നമ്പര്‍ കത്തിലൂടെ എക്‌സൈസ് കമ്മീഷണര്‍ ആദ്യ പ്രപ്പോസല്‍ സമര്‍പ്പിച്ചു. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ തുടര്‍ന്നു വന്നു. ഇതിന്റെ തുടര്‍ച്ചയായി കെ.എസ്.ബി.സി ഉദ്യോഗസ്ഥരും എക്‌സൈസ് ഉദ്യോഗസ്ഥരും അടങ്ങുന്ന കമ്മറ്റികള്‍ രൂപീകരിച്ചിരുന്നു. അവര്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന്റെ പരിഗണയില്‍ ഉണ്ടായിരുന്നു.

    വിദേശനിര്‍മ്മിത വിദേശമദ്യം സംസ്ഥാനത്ത് വില്‍ക്കുന്നതിന്  വളരെ വ്യക്തമായ ഉത്തരവ് ഒന്നിലധികം തവണ അന്നത്തെ എക്‌സൈസ് മന്ത്രി കെ. ബാബു ബന്ധപ്പെട്ട ഫയലില്‍ നല്‍കിയിട്ടുണ്ട്. (ഫയല്‍ 8938/ജി1/2010/നികുതി)  (ഖണ്ഡിക  143; 161-164)വിദേശനിര്‍മ്മിത വിദേശമദ്യം സംസ്ഥാന ബീവറേജസ് കോര്‍പ്പറേഷന്‍ മുഖേന വില്‍ക്കുന്നകാര്യം 2018 - 19 ലെ സര്‍ക്കാര്‍ മദ്യനയത്തില്‍ പ്രഖ്യാപിച്ചിരുന്നതാണ്. അതിനുമുമ്പ് ബാറുകള്‍ക്ക് കസ്റ്റംസ് ബോണ്ടഡ് വെയര്‍ ഹൗസില്‍ നിന്നും വിദേശനിര്‍മ്മിത വിദേശമദ്യം വാങ്ങുവാന്‍ കഴിയുമായിരുന്നു. മാത്രവുമല്ല വിദേശനിര്‍മ്മിത വിദേശമദ്യത്തിന്റെ വ്യാപകമായ അനധികൃത വില്‍പനയും സര്‍ക്കാര്‍ കണക്കിലെടുത്തിട്ടുണ്ട്. ഇതുസംബന്ധിച്ച് വളരെ വിശദമായ നിരീക്ഷണം ധനകാര്യമന്ത്രി അവതരിപ്പിച്ച 2018-19 ബജറ്റിന്റെ ഖണ്ഡിക 253-ല്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാരിന് വലിയതോതിലുള്ള നികുതി നഷ്ടവും കെ.എസ്.ബി.സിക്ക് വരുമാന നഷ്ടവും ഉണ്ടായിരുന്നു. ഇത് ഒഴിവാക്കുന്നത് ലക്ഷ്യമിട്ടാണ് വിദേശ നിര്‍മ്മിത വിദേശമദ്യവും കെ.എസ്.ബി.സി വഴി നല്‍കുന്നതിന് തീരുമാനം കൈക്കൊണ്ടത്. ഈ തീരുമാനത്തിനനുസൃതമായ നിയമഭേദഗതി 2018 ലെ ഫിനാന്‍സ് ബില്ലില്‍ ഉള്‍പ്പെടുത്തിയിരുന്നു. സബ്ജക്റ്റ് കമ്മിറ്റി അംഗീകരിച്ച ബന്ധപ്പെട്ട ധനകാര്യ ബില്ലില്‍ പ്രതിപക്ഷം യാതൊരുവിധ വിയോജനക്കുറിപ്പും രേഖപ്പെടുത്തിയിരുന്നില്ല. മറിച്ചുള്ള അഭിപ്രായങ്ങള്‍ അടിസ്ഥാന  രഹിതമാണ്.

    ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം, വിദേശ നിര്‍മ്മിത വിദേശമദ്യം എന്നിവക്കുള്ള നിര്‍വ്വചനങ്ങള്‍ അബ്കാരി നിയമത്തില്‍ ഭേദഗതിയോടെ ഉള്‍പ്പെടുത്തുകയും വിദേശനിര്‍മ്മിത വിദേശമദ്യത്തില്‍ എക്‌സൈസ് തീരുവ നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകള്‍ അബ്കാരി നിയമത്തില്‍ കൊണ്ടുവരികയും ചെയ്തു. 2018 - 19 ലെ ബഡ്ജറ്റില്‍ വിദേശ നിര്‍മ്മിത വിദേശമദ്യ വിപണനം ബിവറേജസ് കോര്‍പ്പറേഷനിലൂടെ നടത്തുന്ന കാര്യവും ഇതിന് പ്രത്യേക നികുതി ഘടനയും പ്രഖ്യാപിച്ചിരുന്നു. വിദേശനിര്‍മ്മിത വിദേശ മദ്യം വിതരണം ചെയ്യുന്നതിന് ബിവറേജസ് കോര്‍പ്പറേഷന്‍ പരസ്യ ടെന്‍ഡര്‍ വിളിച്ചിരുന്നു.  17 കമ്പനികള്‍ ഓഫര്‍ നല്‍കി. ഓഫര്‍ നല്‍കിയ എല്ലാ കമ്പനികള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. ബെക്കാര്‍ഡി കമ്പനി ഇതില്‍ ഒന്ന് മാത്രമാണ്. കമ്പനികളുടെ പേരുവിവരം രഹസ്യമായി സൂക്ഷിച്ചിട്ടില്ല. മാത്രവുമല്ല നടപ്പു നിയമസഭാ സമ്മേളനത്തില്‍ ഹൈബി ഈഡന്‍ ഉന്നയിച്ച നക്ഷത്രചിഹ്നമിടാത്ത 1125-ാം നമ്പര്‍ ചോദ്യത്തിന് 30.11.2018-ല്‍ നല്‍കിയ മറുപടിയില്‍ ഇക്കാര്യങ്ങള്‍ വിശദമായി സൂചിപ്പിച്ചിട്ടുണ്ട്. മറിച്ചുള്ള ആക്ഷേപം വസ്തുതാവിരുദ്ധമാണ്.

    കെ.എസ്.ബി.സി മുഖേന 20.08.2018 മുതല്‍ 30.11.2018 വരെ 8.25 കോടിയുടെ 36510 ബോട്ടില്‍ വിദേശ നിര്‍മ്മിത വിദേശമദ്യം മാത്രമാണ് വില്‍പ്പന നടത്തിയിട്ടുള്ളത്. ഈ വില്‍പ്പനയിലൂടെ സര്‍ക്കാറിന് ഏകദേശം 4 കോടി രൂപയുടെ വരുമാനം ലഭിച്ചിട്ടുണ്ട്. ആകെയുള്ള 36510 ബോട്ടിലില്‍ 516 ബോട്ടില്‍ മാത്രമാണ് ബെക്കാര്‍ഡി വിതരണം ചെയ്തിട്ടുള്ളത്. ബെക്കാര്‍ഡി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഇപ്പോള്‍ പുതുതായി വന്ന കമ്പനിയല്ല. ഈ കമ്പനി കഴിഞ്ഞ 10 വര്‍ഷത്തിലധികമായി കേരളത്തില്‍ മദ്യം വിതരണം ചെയ്തുവരുന്നുണ്ട്. വിദേശനിര്‍മ്മിത വിദേശമദ്യം വിതരണം ചെയ്യുന്നതിന് മുന്നോട്ട് വന്നിട്ടുള്ള പല സ്ഥാപനങ്ങളുടെയും മദ്യ ബ്രാന്‍ഡുകള്‍ സംസ്ഥാനത്ത് കരിഞ്ചന്തയില്‍ യഥേഷ്ടം ലഭ്യമായിരുന്നു. ഇത് സര്‍ക്കാറിന് വലിയ നികുതി നഷ്ടം വരുത്തിയിരുന്നു. ഈ അവസ്ഥ ഒഴിവാക്കാനാണ് വിദേശനിര്‍മ്മിത വിദേശമദ്യത്തിന്റെ വിതരണം ബിവറേജസ് കോര്‍പ്പറേഷന്‍ മുഖേന നടത്തുവാനുള്ള നയപരമായ തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്.

    വീര്യം കൂടിയ മദ്യം വിതരണം ചെയ്യാന്‍ തീരുമാനമെടുത്തു എന്ന ആക്ഷേപം തീര്‍ത്തും അടിസ്ഥാനരഹിതമാണ്. നിലവില്‍ ബോണ്ടഡ് വെയര്‍ഹൗസുകളില്‍ നിന്നും വാങ്ങുന്ന അതേ ബ്രാന്‍ഡുകള്‍ തന്നെയാണ് ഇപ്പോള്‍ കെ.എസ്.ബി.സി മുഖേന വില്‍ക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. വീര്യംകൂടിയ ഏതെങ്കിലും ബ്രാന്റ് പുതുതായി അനുവദിച്ചിട്ടില്ല. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ലഭിക്കുന്ന മദ്യം തന്നെയാണ് ഇവിടെയും ലഭിക്കുന്നത്. കെ.എസ്.ബി.സി യില്‍ ഓഫര്‍ വെച്ചിട്ടുള്ള 228 ബ്രാന്‍ഡുകളില്‍ 9 എണ്ണത്തിന് മാത്രമാണ് ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തേക്കാള്‍ വീര്യം കൂടുതലായുള്ളത്. ശേഷിക്കുന്ന 219 ബ്രാന്‍ഡും നിലവിലുള്ള ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തേക്കാള്‍ വീര്യം  കുറഞ്ഞതാണ്.

    First published:

    Tags: T p ramakrishnan, എക്സൈസ് മന്ത്രി, ടി പി രാമകൃഷ്ണൻ, മദ്യം