• HOME
 • »
 • NEWS
 • »
 • kerala
 • »
 • Exclusive: '42 വർഷവും അതിനെ കുറിച്ച് ഓർമ്മ  ഉണ്ടായിരുന്നില്ല' തന്റെ ആദ്യ നോവലിനെക്കുറിച്ച് ബാലചന്ദ്രൻ ചുള്ളിക്കാട്

Exclusive: '42 വർഷവും അതിനെ കുറിച്ച് ഓർമ്മ  ഉണ്ടായിരുന്നില്ല' തന്റെ ആദ്യ നോവലിനെക്കുറിച്ച് ബാലചന്ദ്രൻ ചുള്ളിക്കാട്

44  വർഷങ്ങൾക്കപ്പുറം, തന്റെ പതിനെട്ടാമത്തെ വയസ്സിൽ എഴുതിയ ആ നോവലിനെക്കുറിച്ചു, അത് എഴുതാനുള്ള പശ്ചാത്തലത്തെ കുറിച്ച്. കേരളത്തിലെ രണ്ട് പ്രശസ്തമായ വാരികകൾ നിരസിച്ച ആ നോവലിനെ കുറിച്ച് ബാലചന്ദ്രൻ ചുള്ളിക്കാട് മനസ്സ് തുറക്കുന്നു.

ബാലചന്ദ്രൻ ചുള്ളിക്കാട്

ബാലചന്ദ്രൻ ചുള്ളിക്കാട്

 • News18
 • Last Updated :
 • Share this:
  ആദർശ് ഓണാട്ട് 
  മലയാളത്തിന്റെ ക്ഷുഭിതയൗവന കാലത്തിന്റെ മാറ്റൊലികളാണ് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകൾ. ഒരു കാലഘട്ടത്തിലെ തോറ്റു പോയ യുവതയുടെ ശബ്ദമായിരുന്നു ആ  കവിതകളൊക്കെയും. ഒരു കവിയെന്ന നിലയിൽ ആമുഖത്തിന്റെ ആവശ്യാമേതുമില്ലാതെ മലയാളിക്ക് സുപരിചിതനുമാണ് അദ്ദേഹം. നാലര പതിറ്റാണ്ടിനപ്പുറം സർഗാത്മക ജീവിതം തുടങ്ങിയ ചുള്ളിക്കാട് പക്ഷെ ഇരുന്നൂറിൽ താഴെ കവിതകളെ  എഴുതിയിട്ടുള്ളു. തന്റെ  ജീവിതത്തിലെ പൊള്ളുന്ന അനുഭവങ്ങളെ തീഷ്ണവും സുന്ദരവുമായ ഗദ്യത്തിൽ ആവാഹിച്ച 'ചിദംബര സ്മരണകൾ' എന്ന ഓർമ്മക്കുറിപ്പുകൾ. ഇടക്കൊക്കെയും കേരളത്തിന്റെ സാമൂഹ്യ സാഹിത്യ ഇടങ്ങളിൽ അദ്ദേഹം വരാറുണ്ട്. തന്റെ രാഷ്ട്രീയ നിലപാടുകൾ തുറന്നു പറയുന്നതിൽ അദ്ദേഹത്തിന് ഇപ്പോഴും സങ്കോചമില്ല. വെറുപ്പിന്റെ രാഷ്ട്രീയത്തെ നിരാകരിക്കാൻ, അരം വെച്ച ഭാഷയിൽ വിമർശിക്കാൻ അദ്ദേഹത്തിന് മടിയില്ല.

  എന്നാൽ കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിലെ സാഹിത്യ പ്രേമികൾക്കിടയിൽ ബാലചന്ദ്രൻ ചുള്ളിക്കാട് എന്ന പേര് പതിവില്ലാത്ത വിധം ചർച്ച ചെയ്യപ്പെട്ടു. ഒരു നോവലിസ്റ്റ് എന്ന നിലയിൽ എത്തുന്നു എന്ന വാർത്തയാണ് വായനക്കാരിൽ കൗതുകം ഉണർത്തിയത്. ഹിരണ്യം എന്ന അദ്ദേഹത്തിന്റെ  പ്രഥമ നോവലിനെ ചുറ്റിപ്പറ്റിയായിരുന്നു കൗതുകം.

  അടുത്ത ആഴ്ച പുറത്തിറങ്ങാൻ തയ്യാറാകുന്ന നോവലിന്റെ കവർ ആണ് വായനക്കാരിൽ, സാഹിത്യ പ്രേമികൾക്കിടയിൽ അദ്ദേഹത്തെ സംസാരവിഷയമാക്കിയത്. കറുത്ത പുകച്ചുരുളുകൾക്കിടയിൽ നിന്ന് ഒരു പൂവൻകോഴി. ചുവന്ന, ചെമ്പരത്തി പൂവിതളുകൾ കൊണ്ട് അലങ്കരിച്ച തൊപ്പി വെച്ച കോഴി. ആ ചിത്രം ഒന്നു മതിയായിരുന്നു വായനക്കാരിൽ നോവലിന്റെ പ്രമേയ പരിസരത്തെക്കുറിച്ചു ഊഹാപോഹങ്ങൾ മെനയാൻ. അങ്ങനെ ചർച്ചകൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറയുമ്പോൾ, ആ നോവലിനെ കുറിച്ച് ബാലചന്ദ്രൻ ചുള്ളിക്കാട് ന്യൂസ് 18 മലയാളത്തിനോട് മനസ്സ് തുറക്കുന്നു.

  ബാലചന്ദ്രൻ ചുള്ളിക്കാട് എന്ന കവിയുടെ ആദ്യ നോവൽ. വായനക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. എന്താണ് ആ നോവൽ, എന്താണ് അതിന്റെ രചനാ പശ്ചാത്തലം?

  44  വർഷങ്ങൾക്ക് മുൻപ്, 1975 ൽ, എന്റെ പതിനെട്ടാമത്തെ വയസ്സിലാണ് ആ നോവൽ എഴുതുന്നത്. വളരെ ചുരുക്കം പേജുള്ള അതിനെ ഒരു നോവലൈറ്റ് എന്ന് വിളിക്കുന്നതാകും കൂടുതൽ ചേരുക. പ്രീ-ഡിഗ്രി പഠനം പാതി വഴിയിൽ ഉപേക്ഷിച്ചു നടക്കുന്ന അക്കാലത്താണ് അത് എഴുതുന്നത്. അക്കാലത്താണ് ഒരു കൗമാര കൗതുകത്തിന്റെ പുറത്ത്  മന്ത്രവാദത്തിൽ കമ്പം തോന്നി, നാട്ടിലെ ഒരു മന്ത്രവാദിക്ക് ശിഷ്യപ്പെടുന്നത്. നശീകരണ വാസനയോടെ നടക്കുന്ന അക്കാലത്ത് ദുർമന്ത്രവാദം പഠിക്കാൻ ശ്രമിക്കുന്നത്. പഠിച്ചത് അവർണ്ണ മന്ത്രവാദമാണ്. മനുഷ്യനെ കൊല്ലുക, അസുഖം വരുത്തുക, മനുഷ്യരെ നശിപ്പിക്കുക എന്നതൊക്കെയാണല്ലോ ഈ  ദുർമന്ത്രവാദം. ഇതിനെ കുറിച്ച് ഞാൻ ഒരു ചാപ്റ്റർ ചിദംബര സ്മരണയിൽ എഴുതിയിട്ടുണ്ട്. മന്ത്രവാദി എന്ന പേരിൽ. അതിന്റെ  ഒഴുക്കിൽ നടക്കുന്ന കാലത്താണ് ഹിരണ്യം എഴുതുന്നത്.

  നോവൽ ആയിട്ടോ, ഗദ്യമായിട്ടോ അല്ല ആദ്യം അതെഴുതുന്നത്. പദ്യ രൂപത്തിലാണ് അതാദ്യം എഴുതാൻ മെനക്കെട്ടത്. അത് പക്ഷെ ഒരു പരാജയമായി പോയി. അക്കാലത്ത് ഗദ്യ രൂപത്തിൽ കവിത എഴുതുന്ന രീതി മലയാളത്തിൽ വന്നിട്ടുണ്ടായിരുന്നില്ല. ഇന്നാണെങ്കിൽ കവിതയായി തന്നെ ആ നോവൽ എഴുതാമായിരുന്നു. അങ്ങനെ ഗദ്യ രൂപത്തിലാണ് ആ ദുർമന്ത്രവാദം പശ്ചാത്തലമാക്കി ഹിരണ്യം എഴുതുന്നത്.

  അധികനാൾ എടുത്തില്ല ആ ചെറിയ നോവൽ പൂർത്തിയാക്കാൻ. എഴുതിയ ഡ്രാഫ്റ്റ്  ആദ്യം മാതൃഭൂമിക്ക് അയച്ചു കൊടുത്തു, നിലവാരയോഗ്യമല്ലാത്തതിനാൽ പ്രസിദ്ധീകരിക്കാൻ നിർവാഹമില്ല എന്ന് പറഞ്ഞു അത് മാതൃഭൂമി തിരികെ അയച്ചു തന്നു. പിന്നീട് കൊല്ലത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന എസ്. കെ. നായരുടെ പത്രാധിപത്യത്തിൽ പുറത്തിറങ്ങിയിരുന്ന മലയാള നാട് വാരികയ്ക്ക് അയച്ചു കൊടുത്തു. അവിടെയും അത് പ്രസിദ്ധികരിച്ചില്ല. പിന്നീട്, 1977 ൽ എറണാകുളത്ത് നിന്ന് പ്രസിദ്ധീകരിച്ച വീക്ഷണം വാരികയുടെ വാർഷിക പതിപ്പിൽ ഹിരണ്യം വന്നു. പത്രാധിപർ ആയിരുന്ന  പ്രശസ്ത സാഹിത്യകാരൻ യു. കെ. കുമാരനാണ് ആ നോവൽ വായിച്ചു പ്രസിദ്ധീകരിക്കുന്നത്. ഈ പുസ്തകം സമർപ്പിച്ചിരിക്കുന്നതും യു. കെ. കുമാരനാണ്.

  42 വർഷങ്ങൾക്കിപ്പുറം ഹിരണ്യം പുസ്തകരൂപത്തിൽ  പ്രസിദ്ധീകരിക്കാൻ എന്താണ് കാരണം?

  പ്രസിദ്ധീകരിച്ചു വന്നയുടൻ തന്നെ ഞാൻ ഈ നോവലിനെ കുറിച്ച് മറന്നു. നോവലിസ്റ്റ് ആയി അറിയപ്പെടാൻ ആഗ്രഹമില്ലാത്തത് കൊണ്ട് തന്നെ ആ നോവലിനെ പറ്റി  ഓർത്തതേ ഇല്ല . ഈ 42 വർഷവും അതിനെ കുറിച്ച് എനിക്ക് ഓർമ്മ  ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. നോവലിന്റെ ഒരു പകർപ്പ് പോലും എന്റെ കൈവശം ഇല്ലായിരുന്നു. ഡി സി ബുക്ക്സ് ആണ് കുറച്ചു കാലം മുൻപ് പഴയ വീക്ഷണം വാരികയുടെ ഒരു കോപ്പി സംഘടിപ്പിച്ച് എന്നെ സമീപിക്കുന്നത്. പ്രസിദ്ധീകരിക്കാൻ ഒരു താല്പര്യവും എനിക്ക് ഉണ്ടായിരുന്നില്ല. ഒന്നാമത് വർഷങ്ങൾ മുൻപ് എഴുതിയ ഒരു രചന. മറ്റൊന്ന് അതിന്റെ പശ്ചാത്തലം മാറിയ മലയാളി വായനക്കാർക്ക്  എന്ത് കൗതുകം ഉണ്ടാക്കുമെന്ന് അറിയാത്തതിന്റെ ആശങ്ക. ദുർമന്ത്രവാദത്തിന്റെ ഒരു ലോകമാണ് നോവൽ പറയുന്നത്. രചനാ രീതിയും പുതിയ വായനക്കാർക്ക് അപരിചിതമായി തോന്നാം. എങ്കിലും ആ അപരിചിതത്വം വായനക്കാരിൽ ഒരു പക്ഷെ താല്പര്യം ഉണ്ടാക്കിയേക്കാമെന്ന ഡി സി ബുക്സിന്റെ  അഭിപ്രായത്തെ മാനിച്ചാണ് പുസ്തകം പ്രസിദ്ധീകരിക്കാൻ അനുവാദം കൊടുത്തത്.

  പുസ്തകത്തിന്റെ കവറിനു സോഷ്യൽ മീഡിയയിൽ വലിയ സ്വീകരണമാണ് കിട്ടികൊണ്ടിരിക്കുന്നത്?

  അതെ. പുസ്തകത്തിന്റെ കവർ വന്നതിനു ശേഷം എനിക്ക് ധാരാളം ഫോൺ വിളികൾ വരുന്നുണ്ട്. പല ദേശത്തുള്ള മലയാളികളിൽ നിന്ന്. നോവൽ ഒരു വാർത്താ താല്പര്യം ഉണ്ടാക്കിയിട്ടുണ്ട്. പലതും സഹിച്ച മലയാള വായനക്കാർ ഇതും കൂടി സഹിക്കുമായിരിക്കും എന്നാണ് ഞാൻ ആമുഖത്തിൽ എഴുതിയിരിക്കുന്നത്. ഇതിനെ ഒരു മാന്ത്രിക നോവൽ എന്ന്  വിളിക്കാനാണ് എനിക്ക് താല്പര്യം. മന്ത്രവാദത്തിന്റെ സങ്കല്പങ്ങളും, സങ്കേതങ്ങളും ഒക്കെയാണ് എഴുത്തിനായി ഉപയോഗിച്ചിരിക്കുന്നത്. വൂഡോ, ബ്ലാക്ക് മാജിക് എന്നൊക്കെ നമ്മൾ വിളിക്കാറുള്ള സങ്കേതങ്ങൾ. നമ്മൾ കണ്ടു പരിചയിച്ച മാന്ത്രിക നോവൽ പോലെ ഒന്നല്ല ഹിരണ്യം.

  ദുർമന്ത്രവാദ പഠനം പിന്നീട് തുടർന്നോ?

  ഒരു വർഷം അതിനു പിന്നാലെ പോയി. കുറച്ചൊക്കെ പഠിച്ചു. പല നാടൻ ദുർമന്ത്രവാദികളെയും കാണുകയും, അവരോടൊപ്പം പഠനം തുടരുകയും ചെയ്തു . ഇച്ഛാശക്തിയും, ഭാവനയുടെ പ്രയോഗവും കൊണ്ട് യാഥാർഥ്യത്തിനെ മാറ്റാൻ കഴിയുമെന്നതാണ് ദുർമന്ത്രവാദത്തിന്റെ പ്രയോഗ രഹസ്യം. സാമാന്യയുക്തിക്ക് അപ്പുറത്താണ് അത്. കാവ്യഭാവനയുടെയും, നശീകരണ വാസനയുടെയും മനോഹരമായ കലർപ്പാണ് അത്. കുറച്ചു നാൾ തുടർന്ന് പോയപ്പോൾ അതിന്റെ  വ്യർഥത മനസിലാക്കി അവിടം വിട്ടു. മാത്രമല്ല എന്റെ ഗുരുവായിരുന്ന മന്ത്രവാദി ഒരു മനോരോഗിയായിരുന്നു.

  വായനക്കാർ എങ്ങനെയാകും പുസ്തകത്തെ സ്വീകരിക്കുക എന്നാണ് കരുതുന്നത്?

  ഒരു കൃതിയുടെയും വിധി തീരുമാനിക്കാൻ നമുക്ക് കഴിയില്ലല്ലോ. പലതും സഹിച്ച വായനക്കാർ ഇതും സഹിക്കുമെന്ന്‌ കരുതാം.

  പുതിയ എഴുത്തുകൾ?

  ഒന്നുമില്ല.


  First published: