HOME » NEWS » Kerala » EXCLUSIVE INTERVIEW OF SYRO MALABAR HEAD GEORGE ALENCHERRY CV JJ TV

'കൈമുത്തലൊന്നും അത്ര അത്യാവശ്യമല്ല;അനാവശ്യമായ ഭക്തി പ്രകടനങ്ങള്‍ ഒഴിവാക്കണം'; മാർ ആലഞ്ചേരി

രണ്ടര വര്‍ഷത്തിനു ശേഷമാണ് കെ.സി ബി.സി പ്രസിഡന്റും സിറോ മലബാര്‍ സഭയുടെ തലവനുമായ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഒരു സ്വകാര്യ ടെലിവിഷൻ ചാനലിന് അഭിമുഖം നല്‍കുന്നത്.  സഭാ ആസ്ഥാനമായ എറണാകുളം കാക്കനാടിനടുത്തുള്ള മൗണ്ട് സെന്റ് തോമസില്‍ വെച്ച് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ന്യൂസ് 18 കേരളം റീജണല്‍ എഡിറ്റര്‍ സിഎന്‍ പ്രകാശിന് നല്‍കിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍.

News18 Malayalam
Updated: June 13, 2020, 3:02 PM IST
'കൈമുത്തലൊന്നും അത്ര അത്യാവശ്യമല്ല;അനാവശ്യമായ ഭക്തി പ്രകടനങ്ങള്‍ ഒഴിവാക്കണം'; മാർ ആലഞ്ചേരി
മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി
  • Share this:
കോവിഡും വിശ്വാസവും

ചോദ്യം: ലോകം വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുന്നു. ഈ കോവിഡ് കാലം സഭയിലുണ്ടാക്കിയ മാറ്റം എന്താണ് ? വ്യക്തി പരമായി താങ്കള്‍ക്കുണ്ടാക്കിയ മാറ്റം എന്താണ് ?

മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി: കോവിഡ് കാലത്തിന് മുന്നേ തന്നെ ലോകത്തിന്റെ പോക്കിനെക്കുറിച്ച് ആകുലതകള്‍ ഉണ്ടായിരുന്നു. ലോകത്ത് തന്നെ പലര്‍ക്കും ഉണ്ടായിരുന്നു ഇത് . സാമ്പത്തികമായി വലിയ തോതില്‍ ഉയര്‍ന്ന സമൂഹം വലിയ ആര്‍ഭാട ജീവിത ശൈലിയിലൂടെയാണ് ജീവിച്ചത്. ഇങ്ങനെ പോയാല്‍ ലോകത്തിന്റെ അവസ്ഥ എന്താകുമെന്ന ആശങ്ക ഉണ്ടായിരുന്നു. ഇന്റര്‍നെറ്റ് യുഗത്തിലെ ആകര്‍ഷിയമായ ചിന്തകള്‍ മനുഷ്യനെ ഇത് സ്വപ്‌നലോകത്തിലെത്തിച്ചു. ഇങ്ങനെ മുന്നോട്ട് പോകാന്‍ കഴിയില്ല എന്ന ചിന്ത കോറോണ മനുഷ്യനെ പഠിപ്പിച്ചു. ധനികനായാലും ദരിദ്രനായാലും മിതത്വം പാലിക്കണം എന്ന ചിന്ത കോറോണ കാലം ഉണ്ടാക്കി. പൊതുസമൂഹവും വിശ്വാസിയും മിതത്വം പാലിക്കണം എന്ന് ഓര്‍മ്മപ്പെടുത്തല്‍ ഉണ്ടായി. മനുഷ്യന്‍ സ്വന്തം കാര്യം മാത്രം നോക്കിയാല്‍ പോരാ എന്ന മനസിലാക്കി തന്നു സമൂഹത്തെക്കുറിച്ചു ചിന്തിക്കണം എന്ന് പഠിപ്പിച്ചു.

ചോദ്യം: ലോക്ഡൗണ്‍ കാലത്ത് സഭയ്ക്ക്, വിശ്വാസികള്‍ക്ക് എന്തെല്ലാം മാറ്റം ഉണ്ടാക്കി ?

മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി: വിശ്വാസികള്‍ ഓണ്‍ലൈന്‍ പ്രാര്‍ത്ഥനയിലേക്ക് മാറി വീട്ടില്‍ ഇരുന്ന് പ്രാര്‍ത്ഥിക്കാന്‍ അവസരം വന്നു. അതില്‍ അവര്‍ സംതൃപ്തരല്ല എന്നാണ് മനസിലാക്കുന്നത്. വിശ്വാസികള്‍ക്ക് അനുഗ്രഹിത കാലമായിരുന്നില്ല ഇത്.

ചോദ്യം: ഓണ്‍ലൈന്‍ പ്രാര്‍ത്ഥനയില്‍ വിശ്വാസികള്‍ക്ക് ആത്മസംതൃപ്തി നല്‍കുന്നുണ്ടോ ?

മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി: തമാശ രൂപേണ ചിലര്‍ ഇനി ഇങ്ങനെ മതമേയില്ലേ എന്ന് പറഞ്ഞാലും പള്ളികളില്‍ പോയി നടത്തുന്ന ആരാധന നല്‍കുന്ന സംതൃപ്തി അത് ഓണ്‍ലൈനില്‍ കിട്ടുന്നില്ല. ദൈവവുമായി നേരിട്ട് സമ്പര്‍ക്കം പള്ളികളിലെ പ്രാര്‍ത്ഥനയിലെ കിട്ടുകയുള്ളു.

ചോദ്യം: പല ഇളവുകള്‍ പ്രാവര്‍ത്തികമായി എന്നാലും ഇത്തരം ആരാധന ക്രമം തുടരാന്‍ കഴിയുമോ ?

മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി: പൊതു സമൂഹം സാധാരണ ജീവിതത്തിലേക്ക് വരുന്നമുറയ്ക്ക് മാത്രമെ ആരാധനക്രമം സാധാരണ നിലയിലേക്ക് എത്തുകയുള്ളു.

ചോദ്യം: കോവിഡ് ഭീക്ഷണി പൂര്‍ണ്ണമായിട്ട് മാറിയിട്ട് മതിയോ പള്ളി യില്‍ വിശ്വാസികള്‍ എത്തുന്നത് ?

മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി: പൊതു സമൂഹം പടിപടിയായി സാധാരണക്രമത്തിലേക്ക് വരുന്നുണ്ട്. അതുപോലെ തന്നെ മതി പള്ളിയിലെ പ്രാര്‍ത്ഥനയെന്നാണ് സഭാ നിലപാട്. അതേ സമയം രോഗ വ്യാപനം ഉണ്ടാകുന്ന സ്ഥലത്ത് പള്ളികള്‍ അടയ്ക്കണം. വിശ്വസികളുടെ, ജനങ്ങളുടെ ആരോഗ്യത്തിന് തന്നെയാണ് പ്രഥമ പരിഗണന. പ്രാര്‍ത്ഥനയിലൂടെ ജനങ്ങള്‍ക്ക് ലഭിക്കുന്ന ആത്മീയ സംതൃപ്തി രോഗപ്രതിരോധത്തിനും അനിവാര്യമാണ്.

ചോദ്യം: ലോകം മുഴുവന്‍ സഞ്ചരിച്ചിരുന്ന വ്യക്തിയായ താങ്കളെ കോവിഡ് എതെങ്കിലും രീതിയില്‍ ഭയപ്പെടുത്തിയിട്ടുണ്ടോ ?

മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി:  ഇല്ല. ഒന്ന്. രോഗ വ്യാപനത്തിനെതിരെ ശക്തമായ സംരക്ഷണം ഇവിടെ ഉണ്ടെന്ന തോന്നല്‍. രണ്ട്, പിന്നെ 75 വയസ് കഴിഞ്ഞു. ഇനി പോയാലും കുഴപ്പമില്ല.

ചോദ്യം-ആത്മീയമായ സ്പര്‍ശനം സാമിപ്യം ഇതെല്ലാം ക്രൈസ്തവ വിശ്വാസികള്‍ക്ക് പ്രധാനമാണ് കൈമുത്തുന്നതടക്കമുള്ള കാര്യങ്ങള്‍ ഇങ്ങനെ തുടരാന്‍ കഴിയുമോ ?

മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി: കൈമുത്തലൊന്നും അത്ര അത്യാവശ്യമല്ല. കെട്ടിപ്പിടുത്തങ്ങളും തൊട്ടു നമസ്കരിക്കലും വലിയ നഷ്ടങ്ങളല്ല.

ചോദ്യം: ഇത്തരം പ്രകടനങ്ങള്‍ ഇനി തുടരാന്‍ കഴിയുമോ ? പ്രത്യേകിച്ചും കൊറോണ കാലത്ത് ?

മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി: മനുഷ്യന്‍ ചിന്തിക്കേണ്ട കാര്യമാണ് ഇത്. അനാവശ്യമായ ഭക്തി പ്രകടനങ്ങള്‍ ഒഴിവാക്കണം. പക്ഷേ, ചിലര്‍ക്ക് ഇത് വളരെ ഇഷ്ടമായിരിക്കും. ആപേക്ഷികമാണ് ഇത്തരം താല്പര്യങ്ങള്‍.

ചോദ്യം: മാറ്റങ്ങള്‍ക്ക് സമൂഹം തയ്യാറാകുമ്പോള്‍ താങ്കളെ പോലുള്ള സഭാ തലവന് ഉത്തരവാദിത്വം കൂടുകയാണോ?

മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി: തീര്‍ച്ചയായും എല്ലാ  വിഭാഗത്തിലുള്ളവര്‍ക്കും ഉത്തരവാദിത്വം കൂടുകയാണ്, സഭയെ ചിന്തിപ്പിക്കാന്‍. പക്ഷേ, മനുഷ്യ പ്രകൃതിക്ക് വലിയ കുറവ് എന്താണ് എന്ന് ചോദിച്ചാല്‍ നമുക്ക് വലിയ പ്രളയം ഉണ്ടായി, പക്ഷേ കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ പെട്ടെന്ന് നാം അത് മറന്നു.

ചോദ്യം: പിതാവ് ആദ്യം സൂചിപ്പിച്ചു ആര്‍ഭാട ജീവിതം ഉപേക്ഷിക്കണമെന്ന് സഭയ്ക്കും ഇത് ബാധകമല്ലേ? ചടങ്ങുകള്‍ക്കും തിരുന്നാളിനുമടക്കം ?

മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി: തീര്‍ച്ചയായിട്ടും എന്റെ മുന്‍ഗാമികള്‍ക്ക് അടക്കം ഇതേ നിലപാട് അയിരുന്നു. ഞാനും അതാണ് തുടരുന്നത്. കോവിഡ് അത് കുറച്ച് കൂടി ശക്തമായി ഓര്‍മ്മപ്പിക്കുന്നു.

ചോദ്യം:  കോവിഡ് കാലം സഭയുടെ സാമ്പത്തിക നിലയും പ്രതിസന്ധിയിലാക്കിയിട്ടുണ്ടോ

മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി: അത് വലിയ കാര്യമാക്കേണ്ട. എല്ലാവരെയും ബാധിക്കുന്ന വിഷയമാണ് ജനങ്ങളുടെ പണമാണ് സഭയ്ക്ക് ഉള്ളത്. ജനങ്ങളില്‍ പണം ഇല്ലെങ്കില്‍ സഭയെയും ബാധിക്കും.അത് അനുസരിച്ച് കാര്യങ്ങള്‍ ക്രമപ്പെടുത്തണം

ചോദ്യം - ആര്‍ഭാട ചടങ്ങുകള്‍ നിയന്ത്രിക്കാന്‍ കര്‍ശനമായ മാര്‍ഗ്ഗ നിര്‍ദേശം കൊണ്ടുവരാന്‍ സഭ ആലോചിക്കുന്നുണ്ടോ?

മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി: സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ സമ്പത്തികമായ വളര്‍ച്ചയാണ് സഭയിലും ഇത് കടത്തികൊണ്ടു വന്നത്. ഇത് മാറണമെങ്കില്‍ എല്ലാ വിഭാഗവും ആത്മ നിയന്ത്രണം കൊണ്ടു വരണം. പൊതുവായ ചിന്തകള്‍ ഇതിന് ഉണ്ടാകും, ഉണ്ടാകണം എന്ന് കോറോണ ഓര്‍മ്മപ്പെടുത്തുന്നു.

ചോദ്യം: 50 പേര്‍ക്ക് പള്ളികളില്‍ പ്രാര്‍ത്ഥന നടത്താന്‍ നിര്‍ദേശമുണ്ട്. അതിനെ എങ്ങനെ ക്രമപ്പെടുത്തും ?

മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി: അത് വികാരിമാര്‍ക്ക് തീരുമാനിക്കാം. കുടുംബ കൂട്ടായ്മകള്‍ എല്ലായിടത്തുമുണ്ട്.  അങ്ങനെ അതിനെ ക്രമപ്പെടുത്താം. ഒരു ഞായറാഴ്ച ഇന്ന കുടുംബ കൂട്ടായ്മക്ക് എന്ന നിലയില്‍.

ചോദ്യം: കോറോണ കാലത്തിന് മുമ്പ് വലിയ തിരക്കുണ്ടായിരുന്ന വ്യക്തിയായിരുന്നു താങ്കള്‍. ഈ രണ്ടരമാസ കാലം എങ്ങനെയാണ് ചിലവഴിച്ചത്?

മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി: എനിക്ക് തിരക്കിന് കുറവുണ്ടായിട്ടില്ല. ഓണ്‍ലൈന്‍ മീറ്റിംഗുകള്‍,  പ്രാര്‍ത്ഥന എന്നിവ തുടരുന്നു.

ചോദ്യം - കോറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ ലോകം തന്നെ ശ്രദ്ധിച്ച സംസ്ഥാനമാണ് കേരളം. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ എങ്ങനെ കാണുന്നു.

മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി: ഞാനും സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ അംഗീകരിക്കുന്നു, കേന്ദ്ര സര്‍ക്കാരിന്റെയും പക്ഷേ ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രശ്‌നത്തില്‍ ചില വീഴ്ചയുണ്ടായി എന്നിരുന്നാലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ തന്നെ നടക്കുന്നു.
Youtube Video
Published by: Chandrakanth viswanath
First published: June 13, 2020, 3:02 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories