തിരുവനന്തപുരം: ലോക കേരള സഭയില്‍ 31 വര്‍ഷത്തെ പ്രവാസലോകത്ത വേദനജനകമായ അനുഭവം പങ്കുവെച്ച് മോളി എലിസബത്ത് ജോസഫ്. വിങ്ങിപ്പൊട്ടിക്കൊണ്ടാണ് തന്റെ അനുഭവങ്ങള്‍ മോളി വിവരിച്ചത്. പ്രവാസ ജീവിതത്തിനിടെ മറ്റുള്ളവരുടെ എച്ചില് കഴിച്ചു ജീവിക്കേണ്ടിവന്നതിനെപ്പറ്റിയും ജീവിതതില് താന്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ചും മോളി ലോക കേരള സഭയില്‍ പറഞ്ഞു.
31 വര്‍ഷമായി വീട്ടു ജോലി ചെയ്യുകയായിരുന്നു. 30-ാം വയസിലാണ് ഖത്തറിലെത്തുന്നത്. 'എല്ലാവരും ചോദിക്കും എത്ര ബാങ്കിലാണ് ചേച്ചിക്ക് അക്കൗണ്ട് ഉള്ളത് എന്ന്. ഞാന്‍ പറയും അക്കൗണ്ടും ഉണ്ട് ഇത്രയും വര്‍ഷമായിട്ട് ഒരു കിടപ്പാടവും ഇല്ല എന്ന്. നിരങ്ങി നീങ്ങുകയാണ് ജീവിതം. അതാണ് കഴിഞ്ഞ 31 വര്‍ഷത്തെ ജീവിതത്തില്‍ നിന്ന് ആകെയുള്ള സമ്പാദ്യം' എന്ന് മോളി പറയുന്നു.
18-ാം വയസ്സില്‍ വിവാഹിതയായി. ഭര്‍ത്താവ് മാനസിക പ്രശ്നങ്ങളുള്ള ആളായിരുന്നു. അത് മറച്ചുവച്ചായിരുന്നു വിവാഹം. 1991 ല്‍ ഖത്തറിലെത്തിയെങ്കിലും അടുത്തവര്‍ഷം അവസാനം നാട്ടിലേക്കു മടങ്ങി. 1993 ലാണ് ഒമാനിലേക്കു പോയി. നാട്ടിലുള്ള ഒരാളുടെ ബന്ധുവിന്റെ കുടുംബത്തില്‍ വീട്ടുജോലിക്കാരിയായി. ആ മലയാളി കുടുംബം സമയത്തു ഭക്ഷണം പോലും നല്‍കിയില്ല.
ചിക്കന്‍പോക്സ് വന്നപ്പോള്‍ പോലും ആരും തിരിഞ്ഞു നോക്കിയിട്ടില്ല. വിശന്നിട്ട് എച്ചില് ഭക്ഷണം പോലും എടുത്തിട്ടുണ്ട്, മറ്റുള്ളവര്‍ തുപ്പിയ ഭക്ഷണം കഴിച്ചിട്ടുണ്ട്, നിങ്ങള്‍ക്കു ചിന്തിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളിലൂടെ കടന്നു പോയിട്ടുണ്ടെന്ന് എലിസബത്ത് പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. ഒരു മലയാളി കുടുംബമാണ് മോളിയോടു ക്രൂരതകള്‍ കാട്ടിയത്.
ദുരിതം സഹിക്കാനാവാതെ വന്നപ്പോള്‍ വീടിനടുത്തുള്ള കടയുടമയോട് എങ്ങനെയെങ്കിലും അവിടെനിന്നു രക്ഷപ്പെടുത്തണമെന്ന് അഭ്യര്‍ഥിച്ചു. ഒരു ഒമാനിയുടെ വീട്ടില്‍ ജോലിയുണ്ടെന്നു മൂന്നാം ദിവസം കടയുടമ അറിയിച്ചു. ആ വീട്ടിലെ പ്രായമായ രണ്ട് അമ്മമാരെ നോക്കലാണ് ജോലി. മോളി സമ്മതം അറിയിച്ചു.
ഒമാന്‍ സ്വദേശിയുടെ വീട്ടിലെത്തിയ മോളി തനിക്കു പാസ്പോര്‍ട്ടോ മറ്റു രേഖകളോ ഇല്ലെന്നും കടുത്ത ദുരിതത്തിലാണെന്നും അറിയിച്ചു. ഒന്നും പേടിക്കേണ്ടെന്നും എല്ലാം ശരിയാക്കാമെന്നും ആ കുടുംബം ഉറപ്പു നല്കി. നേരത്തേ ജോലി ചെയ്ത മലയാളിയുടെ വീട്ടിലേക്കു ഫോണ്‍ ചെയ്ത് പുതിയ ജോലിയില്‍ പ്രവേശിച്ച കാര്യം പറഞ്ഞു. മൂന്നരപ്പവന്റെ മാല കാണാനില്ലെന്നും മോളിക്കെതിരെ കേസ് കൊടുക്കുമെന്നുമായിരുന്നു മലയാളിയുടെ ഭീഷണി. കേസ് കൊടുക്കാന്‍ മോളി പറഞ്ഞതോടെ കുടുംബം ഫോണ്‍ കട്ടു ചെയ്തു. പിന്നെ ശല്യം ഉണ്ടായില്ല.
9 വര്‍ഷം അവിടെ ജോലി ചെയ്തു. രണ്ട് അമ്മമാരും മരിച്ചതോടെ മറ്റൊരു കുടുംബത്തില്‍ ജോലിക്കു കയറി. രണ്ടു പെണ്മക്കളുടെ വിവാഹം നടത്തി. വീടു പണി ഇതുവരെ പൂര്‍ത്തിയാക്കാനായിട്ടില്ല, കടങ്ങളുണ്ട്. ഭര്‍ത്താവ് ആറു മാസം മുന്‍പ് മരിച്ചെന്നും മോളി ലോക കേരള സഭയില്‍ പറഞ്ഞു. മന്ത്രിമാരായ വീണാ ജോര്‍ജ്, പി രാജീവ് അടക്കമുള്ളവര്‍ എലിസബത്തിനെക്കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ കുറിപ്പെഴുതി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.