സിദ്ദിഖ് പന്നൂർ
കോഴിക്കോട്: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് താമരശേരിയിൽ പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയിട്ട് അഞ്ച് ദിവസം പിന്നിടുന്നു. പരപ്പൻപൊയിൽ കുറുന്തോട്ടികണ്ടിയിൽ മുഹമ്മദ് ഷാഫി(38)യെയാണ് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയത്. ഇതുവരെ പ്രതികളെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചനയില്ലെന്നാണ് വിവരം. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.
അതേസമയം ഷാഫിയെ തട്ടിക്കൊണ്ടുപോയതില്‍ തനിക്ക് പങ്കുള്ളതായ പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആരോപണ വിധേയനായ കൊടുവള്ളി സ്വദേശി സാലി ന്യൂസ്18നോട് പറഞ്ഞു. സൗദിയിലെ ബിസിനസുമായി ബന്ധപ്പെട്ട പണം ദുബായില്‍ നല്‍കാനായി ഷാഫിയെ ഏല്‍പ്പിച്ചിരുന്നുവെന്നും ഇത് നല്‍കാതെ കബളിപ്പിച്ചതിന്റെ പേരില്‍ വീട്ടിലെത്തി സംസാരിക്കുക മാത്രമാണ് ചെയ്തതെന്നും സാലി പറയുന്നു.
ഇതിന് ശേഷം താന്‍ ദുബായിലേക്ക് മടങ്ങിയതാണെന്നും സാലി പറഞ്ഞു. തട്ടിക്കൊണ്ടുപോയത് താനാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഷാഫിയെ എത്രയും പെട്ടന്ന് കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറാവണമെന്നുമാണ് സാലി പറയുന്നത്.
Also Read- കോഴിക്കോട് താമരശേരിയിൽ ദമ്പതികളെ തട്ടിക്കൊണ്ടുപോയത് സ്വർണക്കടത്തിലെ പണമിടപാടിനെ തുടർന്നെന്ന് സംശയം
അതേസമയം ഷാഫിയെ തട്ടിക്കൊണ്ടപുപോയവരെ കണ്ടെത്താനായി രേഖാചിത്രം ഉൾപ്പടെ തയ്യാറാക്കി അന്വേഷണം പുരോഗമിക്കുകയാണ്. കണ്ണൂർ റേഞ്ച് ഡിഐജി വിമാലാദിത്യൻ കഴിഞ്ഞ ദിവസം താമരശേരിയിൽ എത്തി അന്വേഷണ പുരോഗതി വിലയിരുത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Gold smuggling, Kerala news, Kozhikode