• HOME
 • »
 • NEWS
 • »
 • kerala
 • »
 • Monkeypox | മങ്കിപോക്സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തും; സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ നിരീക്ഷണത്തില്‍

Monkeypox | മങ്കിപോക്സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തും; സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ നിരീക്ഷണത്തില്‍

 സംസ്ഥാന ആരോഗ്യ വകുപ്പുമായി ചേര്‍ന്ന്  കേന്ദ്ര സംഘം സ്ഥിതിഗതികള്‍ വിലയിരുത്തുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

 • Last Updated :
 • Share this:
  സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിയോഗിച്ച വിദഗ്ദ സംഘം ഇന്ന് കേരളത്തിലെത്തും. സംസ്ഥാന ആരോഗ്യ വകുപ്പുമായി ചേര്‍ന്ന്  കേന്ദ്ര സംഘം സ്ഥിതിഗതികള്‍ വിലയിരുത്തുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

  ന്യൂഡല്‍ഹിയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളി(എന്‍.സി.ഡി.സി)ലെ ജോയിന്റ് ഡയറക്ടര്‍ ഡോ. സാങ്കേത് കുല്‍ക്കര്‍ണി, ഡോ.ആര്‍.എം.എല്‍ ആശുപത്രിയിലെ മൈക്രോബയോളജി വകുപ്പിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. അരവിന്ദ് കുമാര്‍ അച്ഛ്‌റ, ഡെര്‍മറ്റോളജിസ്റ്റ് ഡോ. അഖിലേഷ് തോലേ, ആരോഗ്യ കുടുംബക്ഷേമ കോഴിക്കോട് മേഖലാ അഡൈ്വസര്‍ ഡോ. പി. രവീന്ദ്രന്‍ എന്നിവര്‍ക്കൊപ്പം ആരോഗ്യ  മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും അടങ്ങുന്നതാണ് കേന്ദ്രസംഘം.

  ആവശ്യമെങ്കില്‍ കേരളത്തിൽ കൂടുതൽ പേരെ  നിരീക്ഷണത്തിലേക്ക് മാറ്റാൻ നടപടി എടുക്കും. രോഗബാധിതനായ കൊല്ലം സ്വദേശിക്കൊപ്പം വിമാനത്തിൽ അടുത്തു യാത്ര ചെയ്ത 11 പേർ ഉണ്ടെന്നു കണ്ടെത്തിയിരുന്നു. ഇവരോട് സ്വയം നിരീക്ഷണം പാലിക്കാനും, ലക്ഷണങ്ങൾ കണ്ടെത്തിയാൽ പരിശോധിക്കാനും  നിർദേശം നൽകിയിരുന്നു.ചികിത്സ, ഐസൊലേഷൻ, വിമാന താവളങ്ങളിൽ ഉൾപ്പടെ നിരീക്ഷണം എന്നിവയിൽ വിശദമായ മാർഗ രേഖയും തയാറാണ്.

   Also Read- ഇന്ത്യയിലെ ആദ്യ മങ്കിപോക്സ് കേരളത്തിൽ സ്ഥിരീകരിച്ചു

  ജൂലായ് 12-ന് യുഎഇയില്‍ നിന്ന് എത്തിയ കൊല്ലം സ്വദേശിക്കാണ് മങ്കി പോക്സ് സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഒരാള്‍ക്ക് ഈ രോഗം സ്ഥിരീകരിക്കുന്നത്. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കയച്ച സാമ്പിള്‍ പരിശോധനയിലാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതോടെ ഇയാളെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

  രോഗം പകരുന്നില്ലെന്ന് ഉറപ്പ് വരുത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മങ്കിപോക്സ് പകർച്ചവ്യാധിയാണ്. അതിനാൽ രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. രോഗമുള്ളവരുമായി അടുത്ത സമ്പർക്കത്തിലുള്ളവർക്കാണ് പകരാൻ സാധ്യത. ശരീര സ്രവം വഴിയും രോഗം പകരും.

  നിലവിൽ സംസ്ഥാനത്തെ എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

  മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ് അഥവാ വാനരവസൂരി. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി കുരങ്ങുകളില്‍ രോഗം സ്ഥിരീകരിച്ചത്. 1970ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ 9 വയസുള്ള ആണ്‍കുട്ടിയിലാണ് മനുഷ്യരില്‍ വാനരവസൂരി ആദ്യമായി കണ്ടെത്തിയത്.
  Published by:Arun krishna
  First published: