നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോഴിക്കോട് വീടിനുള്ളിലെ അജ്ഞാത ശബ്ദം തുടരുന്നു; മുഴക്കത്തിൻ്റെ കാരണം കണ്ടെത്തി ഭൗമശാസ്ത്ര വിദഗ്ധസംഘം

  കോഴിക്കോട് വീടിനുള്ളിലെ അജ്ഞാത ശബ്ദം തുടരുന്നു; മുഴക്കത്തിൻ്റെ കാരണം കണ്ടെത്തി ഭൗമശാസ്ത്ര വിദഗ്ധസംഘം

  വെള്ളിയാഴ്ച്ച രാവിലെയും സംഘം വീട്ടിലെത്തി പരിശോധിച്ച ശേഷം കണ്ടെത്തലുകൾ ദുരന്തനിവാരണ അതോറിറ്റിക്ക് സമർപ്പിച്ചു

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
  കോഴിക്കോട്: പോലൂരിലെ വീട്ടിൽ അജ്ഞാതശബ്ദം കേൾക്കുന്നതിന് കാരണം സോയിൽ പൈപ്പിങ് ( കുഴലീകൃത മണ്ണൊലിപ്പ് ) മൂലമാന്നെന്ന് വിദഗ്ധ സംഘത്തിൻ്റെ കണ്ടെത്തൽ. സ്ഥലത്ത് നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിന്റെ സഹായത്തോടെ ഭൗമശാസ്ത്ര പഠനം നടത്തുവാനാണ് തീരുമാനം. വീട് നിൽക്കുന്ന പറമ്പിലേക്ക് വിവിധ ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം തറക്ക് അടിയിലേക്ക് ഒലിച്ചിറങ്ങുന്നുണ്ട്.

  ഭൂമിക്കടിയിലൂടെ വെള്ളം ഒഴുകുകയും മണ്ണൊലിപ്പ് ഉണ്ടാവുകയും ചെയ്യുന്നത് ശബ്ദത്തിന് കാരണമാവാം എന്നാണ് നിഗമനം. വെള്ളിയാഴ്ച്ച രാവിലെയും സംഘം വീട്ടിലെത്തി പരിശോധിച്ച ശേഷം കണ്ടെത്തലുകൾ ദുരന്തനിവാരണ അതോറിറ്റിക്ക് സമർപ്പിച്ചു.

  ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലത്താണോ വീടിന്റെ നിർമ്മാണം എന്നും പരിശോധിച്ചു. ഭൗമശാസ്ത്രജ്ഞന്‍ ജി. ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിലെത്തി പരിശോധന നടത്തിയത്. സ്ഥലം എം. എൽ. എ യും വനം വകുപ്പ് മന്ത്രിയുമായ എ. കെ ശശീന്ദ്രൻ്റെ നിർദ്ദേശത്തെ തുടർന്നാണ് റവന്യൂ മന്ത്രി വിദഗ്ദ സംഘത്തെ അയച്ചത്.

  സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിലെ ഹസാര്‍ഡ് ആൻഡ് റിസ്‌ക് അനലിസ്റ്റ് പ്രദീപ് ജി.എസ്., ജിയോളജി ഹസാര്‍ഡ് അനലിസ്റ്റ് അജിന്‍ ആര്‍. എസ്. എന്നിവരും സംഘത്തിലുണ്ടായിരുന്നു. മുഴക്കത്തിന്റെ കാരണം കണ്ടെത്താന്‍ കൂടുതല്‍ സര്‍വേ ആവശ്യമാണ്.

  വീട് നിൽക്കുന്ന ഭൂമിക്കടിയിലെ പാറക്കെട്ടുകൾക്കിടയിൽ നിന്നും പുറത്തുവിടുന്ന മർദ്ദം, ഖനനം തുടങ്ങിയവയാണ് ശബ്ദം കേൾക്കാനുള്ള മറ്റ് കാരണങ്ങളായി കണക്കാക്കുന്നത്. എന്നാൽ പ്രദേശത്തിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിൽ ക്വാറികൾ ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.  പോലൂര്‍ ക്ഷേത്രത്തിന് സമീപം തെക്കേമാരാത്ത് ബിജുവിന്റെ വീട്ടിലാണ് രണ്ടാഴ്ചയില്‍ അധികമായി മുഴക്കം കേള്‍ക്കുന്നത്. ഇതോടെ ബിജുവും ഭാര്യയും മകനുമടങ്ങുന്ന കുടുംബം ഭീതിയോടെ കഴിയുകയാണ്. വ്യാഴാഴ്ച രാവിലെമുതലാണ്‌ ശബ്ദം കേൾക്കാൻ തുടങ്ങിയത്‌.

  രണ്ടാഴ്ച മുമ്പ് രാത്രിയിൽ ശബ്ദം കേട്ടപ്പോൾ ടെറസ്സിന് മുകളിൽ എന്തോ വീണതാണെന്നാണ് കരുതിയത്. വീടിന്റെ ഏതുഭാഗത്ത് നിന്നാണ് ശബ്ദംവരുന്നതെന്ന് മനസ്സിലാവുന്നില്ല. ഇരുനില കോൺഗ്രീറ്റ് വീടിന്റെ എല്ലാഭാഗത്തും ശബ്ദം അനുഭവപ്പെടുന്നുണ്ട്. ഇടയ്ക്ക് ശബ്ദം നിൽക്കും. പിന്നെ കുറച്ചുസമയംകഴിഞ്ഞ് വീണ്ടും തുടങ്ങും. രാത്രിയിൽ ഉറങ്ങാൻപറ്റാത്ത അവസ്ഥായാണെന്ന് ബിജു പറയുന്നു.

  സ്റ്റീൽ പാത്രത്തിൽ വെള്ളംവെച്ച് നോക്കിയപ്പോൾ പാത്രത്തിന് പ്രകമ്പനമുണ്ടാവുകയും വെള്ളം ഇളകുകയും ചെയ്തു. ഇടി മുഴങ്ങുന്ന രീതിയിലുള്ള ശബ്ദം മൊബൈലിൽ വോയ്‌സ് ക്ലിപ്പായി എടുക്കാനും കഴിയുന്നുണ്ട്. സമീപത്തെ വീട്ടുകാർക്കൊന്നും ഇത്തരം അനുഭവമില്ല.

  സംഭവം അറിഞ്ഞ ഉടനെ വെള്ളിമാട്കുന്നിൽനിന്നും സ്റ്റേഷൻ ഓഫീസർ കെ.പി. ബാബുരാജിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന വീട്ടിലെത്തി. കളക്ടറേറ്റിൽ വിവരം അറിയിച്ചതിനെത്തുടർന്ന് ജിയോളജിസ്റ്റിന്റെ സാന്നിധ്യത്തിൽ പരിശോധന നടത്തി. പരിശോധനയ്ക്കെത്തിയ എല്ലാവർക്കും ശബ്ദം നേരിട്ട് അനുഭവപ്പെട്ടു. തുടർന്നാണ് ഭൗമശാസ്ത്രനായ ജി. ശങ്കറിൻ്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.

  Summary: Experts find reason behind tremor like sounds in Kozhikode home
  Published by:user_57
  First published: