കാസർകോട് മണ്ഡലത്തിലെ കള്ളവോട്ട് ആരോപണത്തെ ഓപ്പൺ വോട്ട് എന്ന് പറഞ്ഞാണ് പ്രതിരോധിക്കുന്നത്. ജനപ്രാതിനിധ്യ നിയമപ്രകാരം ഓപ്പൺ വോട്ട് എന്നൊരു പദം ഇല്ല. ശാരീരിക അവശത മൂലം സ്വയം വോട്ട് ചെയ്യാനാകാത്ത സാഹചര്യത്തിൽ മറ്റൊരാളുടെ സഹായത്തോടെ വോട്ട് രേഖപ്പെടുത്തുന്നതിനെ കംപാനിയൻ വോട്ട് എന്നാണ് പറയുന്നത്. ഇത് കാലാകാലങ്ങളായി നമ്മുടെ നാട്ടിൽ ഓപ്പൺ വോട്ട് എന്നാണ് അറിയപ്പെടുന്നത്. എങ്ങനെയാണ് ഇത്തരത്തിൽ വോട്ട് രേഖപ്പെടുത്തുന്നത്? നമുക്ക് നോക്കാം...
കംപാനിയൻ വോട്ട് ആർക്കൊക്കെ?
വാർദ്ധക്യസഹജമായ അവശത, അന്ധത തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുള്ളവർക്ക് കംപാനിയൻ വോട്ട് അഥവാ ഓപ്പൺ വോട്ട് എന്ന സൌകര്യം പ്രയോജനപ്പെടുത്താം. കാഴ്ചയില്ലാത്തതിനാൽ ചിഹ്നം തിരിച്ചറിയാൻ സാധിക്കാത്തവർക്കും വോട്ടിങ് യന്ത്രത്തിലെ ബട്ടൺ അമർത്താൻ സാധിക്കാത്തവർക്കും വോട്ടിങ് യന്ത്രത്തിനടുത്തേക്ക് എത്താൻ സാധിക്കാത്തവർക്കും പോളിങ് ബൂത്തിൽ സഹായം തേടാം.
EXPLAINER: കള്ളവോട്ടിന് ശിക്ഷ എന്ത്? ആർക്കൊക്കെ?
കംപാനിയൻ വോട്ട് എങ്ങനെ?
കംപാനിയൻ വോട്ട് വിവരം പ്രിസൈഡിങ് ഓഫീസറെ അറിയിച്ച്, അതിനുള്ള ഫോം(ഫോറം 14A) പൂരിപ്പിച്ചുനൽകണം. ഫോം പൂരിപ്പിക്കുന്നതിന് മുമ്പ് യഥാർഥ വോട്ടർക്ക് സ്വന്തമായി വോട്ട് ചെയ്യാനാകില്ലെന്ന് പ്രിസൈഡിങ് ഓഫീസർ സ്വയം ബോധ്യപ്പെടണം. കംപാനിയൻ വോട്ട് ചെയ്യുന്നയാളുടെ വിലാസവും, എത്രാമത്തെ ബൂത്തിലെ വോട്ടറാണെന്നുമുള്ള വിവരം ഫോമിൽ സത്യപ്രസ്താവനയായി നൽകണം. കംപാനിയൻ വോട്ട് ചെയ്യുന്നയാളുടെ വലത് ചൂണ്ടുവിരലിലാണ് മഷി പുരട്ടുന്നത്. യഥാർഥ വോട്ടറുടെ ഇടതു ചൂണ്ടുവിരലിലും മഷി പുരട്ടും. ഒരാൾക്ക് ഒരു കംപാനിയൻ വോട്ട് മാത്രമെ ചെയ്യാനാകൂ. കംപാനിയൻ വോട്ട് ചെയ്തവർ ആർക്കാണ് രേഖപ്പെടുത്തയതെന്ന വിവരം രഹസ്യമായി സൂക്ഷിക്കണം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർക്ക് സഹായിയായി വോട്ട് ചെയ്യാനാകില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.