കാസർകോട് മണ്ഡലത്തിലെ കള്ളവോട്ട് സംബന്ധിച്ചാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. ദൃശ്യങ്ങൾ പുറത്തുവിട്ടാണ് സിപിഎമ്മിനെതിരെ കള്ളവോട്ട് ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിയത്. ഇക്കാര്യം പരിശോധിച്ച് കുറ്റം തെളിഞ്ഞാൽ കർശന നടപടിയെടുക്കുമെന്നാണ് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞത്.
കള്ളവോട്ടിന് ശിക്ഷയെന്ത്?കള്ളവോട്ട് ചെയ്യുന്ന ഒരാളുടെ പേരിൽ മൂന്നു വകുപ്പുകൾ ഒന്നിച്ച് ചേർത്താണ് കേസെടുക്കുന്നത്. ആൾമാറാട്ടം, വ്യാജരേഖചമയ്ക്കൽ, കള്ളവോട്ട് ചെയ്തു തെരഞ്ഞെടുപ്പ് അട്ടിമറിക്കൽ എന്നീ വകുപ്പുകളാണ് ചേർക്കുന്നത്. കുറ്റം തെളിഞ്ഞാൽ ഒരു വർഷം തടവും പിഴയും ലഭിക്കാം. ഇന്ത്യൻ ശിക്ഷാനിയമവും ജനപ്രാതിനിധ്യനിയമവും അനുസരിച്ചാണ് കേസെടുക്കുന്നത്. കള്ളവോട്ടിന് തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർ ഒത്താശചെയ്തെന്ന് വ്യക്തമായാൽ അവർക്കെതിരെ സസ്പെൻഷൻ ഉൾപ്പടെ വകുപ്പുതല നടപടിയുണ്ടാകും. ജനപ്രതിനിധികൾ കള്ളവോട്ട് ചെയ്തെന്ന് കോടതി കണ്ടെത്തിയാൽ ഇവരെ അയോഗ്യരാക്കാൻ ജനപ്രാതിനിധ്യനിയമത്തിൽ വ്യവസ്ഥയുണ്ട്.
ശിക്ഷ ആർക്കൊക്കെ?കള്ളവോട്ട് ബോധ്യപ്പെട്ടാൽ രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധികളായ ബൂത്ത് ഏജന്‍റുമാർക്ക് പരാതി നൽകാം. ഇത്തരത്തിൽ പരാതി നൽകാതിരുന്നാൽ അവരും ഇതിന് ഒത്താശ ചെയ്തുവെന്ന് കണക്കാക്കും. കള്ളവോട്ട് ചെയ്തവർക്കൊപ്പം ബൂത്ത് ഏജന്‍റുമാർക്കെതിരെയും കേസെടുക്കാം. കുറ്റം ചെയ്തെന്ന് കണ്ടെത്തിയാൽ ബൂത്തിന്‍റെ ചുമതലയുള്ള പ്രിസൈഡിങ് ഓഫീസർ, പോളിങ് ഓഫീസർ തുടങ്ങിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി ഉണ്ടാകും.
കള്ളവോട്ട് കണ്ടെത്തിയാൽകള്ളവോട്ട് സ്ഥിരീകരിച്ചാൽ വോട്ടെടുപ്പ് റദ്ദാക്കി, ആ ബൂത്തിൽ റീപോളിങ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനമെടുക്കാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.