കോഴിക്കോട്: സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന കേസിൽ പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങളിൽ വിശദീകരണവുമായി പാഠഭേദം മാസികയുടെ പരാതി അന്വേഷണ കമ്മിറ്റി രംഗത്ത്. പരാതിക്കാരിയുടെ വകയായി രേഖാമൂലം കമ്മിറ്റിക്ക് ലഭിച്ചിട്ടുള്ളത് ഒരു വാട്സ്ആപ്പ് കൂട്ടായ്മയിൽ പോസ്റ്റ് ചെയ്ത വിവരങ്ങൾ ആണെന്നും രണ്ടു പേർക്കെതിരെ ആരോപണമുന്നയിക്കുന്ന ആ പോസ്റ്റിൽ കമ്മിറ്റി അന്വേഷിക്കാൻ നിയുക്തമായ സിവിക് ചന്ദ്രന്റെ ചെയ്തികളെ വേർതിരിച്ചു പറയുന്ന ഒന്നും ഇല്ലായിരുന്നുവെന്നും കമ്മിറ്റി വിശദീകരിക്കുന്നു.
വിശദീകരണം ഇങ്ങനെ
അന്വേഷണ കമ്മിറ്റിക്ക് നേരെ നടക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ താഴെപറയുന്ന കാര്യങ്ങൾ വ്യക്തമാക്കാൻ ഞങ്ങൾ നിർബന്ധിതരാവുകയാണ്.
പാഠഭേദം മാസികയിൽ റീഡേഴ്‌സ് എഡിറ്റർ ആയി ഈ വർഷം പ്രവർത്തിക്കാൻ നിർദ്ദേശിക്കപ്പെട്ടിരുന്ന നാല് പേരിൽ ഒരാളായിരുന്നു പരാതിക്കാരി. പാഠഭേദത്തിന്റെ മൂന്നു ലക്കങ്ങൾ വീതം ഓരോ മൂന്നു മാസവും വായനക്കാരുടെ ഭാഗത്തു നിന്ന് വിശകലനം ചെയ്യുന്ന, വേതനമില്ലാത്ത ഉത്തരവാദിത്തമാണ് റീഡേഴ്സ് എഡിറ്ററിൽ നിക്ഷിപ്തമായിരിക്കുന്നത്. പാഠഭേദത്തിൻ്റെ സുഹൃത്തുക്കളായി എഡിറ്റോറിയൽ ബോർഡിനു പുറത്തുള്ളവരെയാണ് ഇതിനായി നിയോഗിക്കുന്നത്. സിവിക് ചന്ദ്രന്റെ ഇടപെടലുകൾ കാരണം ആ റീഡേഴ്‌സ് എഡിറ്റർ സ്ഥാനത്തു നിന്നും പിന്മാറുന്നു എന്ന് അവർ ഒരു വാട്സാപ്പ് സന്ദേശം പാഠഭേദം പത്രാധിപസമിതിക്ക് നൽകി. അത് suo moto പരാതി ആയി സ്വീകരിച്ചു കൊണ്ടാണ് പാഠഭേദം ഒരു പരാതിയന്വേഷണകമ്മിറ്റിക്ക് രൂപം കൊടുക്കുന്നത്.
പാഠഭേദം ഒരു തൊഴിലിടം അല്ല. സ്വന്തം സ്ഥാപനമോ ജീവനക്കാരോ ഇല്ലാത്തതിനാൽ ഐസിസി നിലവിലുണ്ടായിരുന്നുമില്ല. എന്നാൽ പാഠഭേദം ഗ്രൂപ്പിലെ ഒരാളുടെ 'ഇടപെടൽ' ( പ്രയോഗം ആ സന്ദേശത്തിൽ ഉള്ളത്) ഒരു എഴുത്തുകാ രിയുടെ സാഹിത്യ / സാംസ്കാരിക പ്രവർത്തനത്തെ പ്രയാസപ്പെടുത്തുന്നതിന് കാരണമാകാതെ അത് അഡ്രസ് ചെയ്യപ്പെടണം എന്ന ഉദ്ദേശത്തോടെയാണ് പാഠഭേദം ഈ കമ്മിറ്റിക്ക് രൂപം കൊടുക്കുന്നത്.
കൊയിലാണ്ടി പോലിസ്, അവർ അന്വേഷണം നടത്തുന്ന പരാതിക്കാരിയുടെ കേസിൽ കമ്മിറ്റിയുടെ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിൽ ഉള്ള കേസിലെ ഡോക്യുമെന്റ് ആണ് പ്രസ്തുത റിപ്പോർട്ട്. അതു കൊണ്ട് ഇതു സംബന്ധിച്ച പ്രതികരണം നടത്തുന്നതിന് കമ്മിറ്റിക്ക് പരിമിതികളുണ്ട്. എങ്കിലും ചില ആരോപണങ്ങൾക്ക് വിശദീകരണങ്ങൾ നൽകുകയാണ്.
Also Read- സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ച് വിവാദ പരാമര്‍ശം നടത്തിയ ജഡ്ജിയുൾപ്പെടെ 4 പേർക്ക് സ്ഥലംമാറ്റം
1. ആരൊക്കെയാണ് കമ്മിറ്റി അംഗങ്ങൾ, എങ്ങനെയാണ് പ്രവർത്തനം എന്നെല്ലാം പരാതിക്കാരിയെ മുൻകൂട്ടി അറിയിച്ചിരുന്നു. എന്തിനു വേണ്ടിയാണെന്ന് ആദ്യ മീറ്റിംഗിന്റെ തുടക്കത്തിലും.
2.പരാതിക്കാരിയുടെ വകയായി രേഖാമൂലം കമ്മിറ്റിക്ക് ലഭിച്ചിട്ടുള്ളത് അവർ ഒരു വാട്സ്ആപ്പ് കൂട്ടായ്മയിൽ പോസ്റ്റ് ചെയ്ത വിവരങ്ങൾ ആണ്. രണ്ടു പേർക്കെതിരെ ആരോപണമുന്നയിക്കുന്ന ആ പോസ്റ്റിൽ കമ്മിറ്റി അന്വേഷിക്കാൻ നിയുക്തമായ സിവിക് ചന്ദ്രന്റെ ചെയ്തികളെ വേർതിരിച്ചു പറയുന്ന ഒന്നും ഇല്ലായിരുന്നു. മാനസികമായ നിരന്തരമായ സമ്മർദ്ദങ്ങൾ മൂലം ഇപ്പോൾ പരാതി എഴുതി നൽകാൻ ബുദ്ധിമുട്ടുണ്ട് എന്നാണ് അറിയിച്ചത് .സി വിക്കിന്റെ വിശദീകരണം ചോദിക്കാനാണെന്നു പറഞ്ഞപ്പോഴും ഇതു തന്നെ കൊടുത്താൽ പോരേ എന്നാണ് ചോദിച്ചത്. അവരെ സമ്മർദ്ദത്തിലാക്കേണ്ട എന്നു കരുതി അതു സമ്മതിക്കുകയായിരുന്നു. ആദ്യ മീറ്റിംഗിൽ പരാതിക്കാരി കമ്മിറ്റി മുൻപാകെ പറഞ്ഞ പരാതിയുടെ പൂർണ രൂപം റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ട് കയ്യിൽ കിട്ടിയ ശേഷം വിയോജിപ്പൊന്നും അക്കാര്യത്തിൽ അവർ അറിയിച്ചിട്ടില്ല. റിപ്പോർട്ടിൽ പറഞ്ഞതിൽ നിന്നു വൃത്യസ്തമായാണ് നടന്ന കാര്യങ്ങൾ ഇന്ന് പലയിടത്തും ചർച്ച ചെയ്യപ്പെടുന്നത് എന്നതിനാലാണ് ഇത് എടുത്തു പറയുന്നത്.
Also Read- ലൈംഗിക പീഡന പരാതി; സിവിക് ചന്ദ്രന് ഹൈക്കോടതി നോട്ടീസ്
3. സോഷ്യൽ മീഡിയയിൽ അവർക്കെതിരെ പ്രചരിക്കുന്ന ആരോപണങ്ങളെക്കുറിച്ച് നിഗമനങ്ങളിൽ എത്താൻ സഹായിക്കുന്ന എന്തെങ്കിലും സന്ദേശങ്ങളോ, സൂചനകളോ, പരാതിയിൽ വ്യക്തത വരുത്താൻ സഹായിക്കാവുന്ന വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങളോ അവർ, കമ്മിറ്റി ആവശ്യപ്പെട്ടിട്ടും, ലഭ്യമാക്കിയിട്ടില്ല. എന്നിട്ടും പരാതിക്കാരി ഉന്നയിക്കുന്ന ആരോപണങ്ങൾ കമ്മിറ്റി മുഖവിലക്കെടുക്കുക തന്നെ ചെയ്തു. സാമ്പത്തിക ഇടപാടുകളെപ്പറ്റിയുള്ള കാര്യങ്ങളിൽ വൃക്തത വരുത്താനായി പ്രസാധകന് ചോദ്യാവലികൾ അയച്ചുകൊടുത്തതും വിശദീകരണം ചോദിച്ചതും അതുകൊണ്ടു തന്നെ.
4.'ഒറ്റു കൊടുക്കൽ' എന്നത് കൊണ്ടു എന്താണ് അവർ ഉദ്ദേശിച്ചത് എന്നറിയില്ല. സിവിക്കിന്റെയും പ്രസാധകൻന്റെയും വിശദീകരണങ്ങൾ മൂന്നാമത്തെ മീറ്റിംഗിൽ വായിച്ചു കൊടുത്തിട്ടുണ്ട്. കമ്മിറ്റിയിൽ ലഭ്യമായ വിവരങ്ങളും നിർദ്ദേശങ്ങളും അടങ്ങിയ റിപ്പോർട്ട് പരാതിക്കാരിക്ക് അയച്ചു നൽകിയിട്ടുമുണ്ട്.
5. കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ രഹസ്യാത്മകത കമ്മറ്റി മെമ്പർമാർ നഷ്ടപ്പെടുത്തിയിട്ടില്ല. കമ്മിറ്റി നേരിട്ട് ആ റിപ്പോർട്ട് എവിടെയും നൽകിയിട്ടില്ല. പരാതിക്കാരിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന ഒരു കാര്യവും കമ്മിറ്റി റിപ്പോർട്ടിൽ ഇല്ല.
6. പോലീസ് കേസ് ആക്കി മാറ്റുവാൻ താൽപ്പര്യപ്പെടുന്നതായി പരാതിക്കാരി മൂന്നാം ദിവസം അന്ത്യഘട്ടത്തിലല്ലാതെ കമ്മിറ്റിയോടു പറഞ്ഞിട്ടില്ല. മറിച്ച്, ഭർത്താവിനോടും കുടുംബാംഗങ്ങളോടും പോലും പറയാത്ത ഈ വിഷയത്തിൽ പോലിസ് കേസ് വേണ്ട എന്ന നിലപാട് ആണ് സ്വീകരിച്ചിരുന്നത്. ഒരു കേസുമായി മുന്നോട്ടു പോകുവാനുള്ള മാനസികാവസ്ഥ തനിക്കില്ല എന്നും അവർ പറഞ്ഞിരുന്നു.
7. മൂന്നാമത്തെ മീറ്റിംഗിന്റെ അവസാനം കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ സ്വീകാര്യമല്ല എന്നും നിയമപരമായി പോകാൻ തനിക്കു വേറെ ആരെയും അറിയില്ല നിങ്ങൾ തന്നെ ചെയ്യണം എന്നും അവർ അറിയിച്ചു. ലഭ്യമായ വിവരങ്ങൾ വച്ച് കമ്മിറ്റിക്ക് ഇത്രയുമാണ് ചെയ്യാൻ കഴിയുക. അതല്ലാതെ മനുഷ്യാവകാശ പ്രവർത്തകർ എന്ന നിലയിൽ ചെയ്യാവുന്നത് കമ്മിറ്റിയുടെ ഭാഗമായല്ലാതെ ചെയ്ത് തരുവാൻ കൂടെയുണ്ടാകും എന്നും കമ്മിറ്റി അറിയിച്ചു. കമ്മിറ്റിയിൽ പരാതിക്കാരിക്ക് നേരിട്ട് സമീപിക്കാവുന്ന ലഭ്യമായ നിയമ സഹായ വേദികളെക്കുറിച്ച് കമ്മിറ്റി അവരോടു സൂചിപ്പിക്കുകയും ചെയ്തു.
7. പരാതിക്കാരി ഉന്നയിച്ച 'കുറ്റാരോപിതൻ ഇനി സാംസ്കാരിക രംഗത്ത് വായ് തുറക്കരുത് ' എന്ന ആവശ്യം കമ്മിറ്റിക്ക് നിർദേശിക്കാനോ പാഠഭേദത്തിനു നടപ്പിലാക്കുന്നതിനോ കഴിയുന്നതായിരുന്നില്ല.
8. പരാതിക്കാരി റീഡേഴ്‌സ് എഡിറ്റർ ആയിരുന്ന പാഠഭേദവുമായി ബന്ധപെടുത്താവുന്ന ഒരു പരാതി അന്വേഷിക്കുന്നതിനാണ് ഐസിസി രൂപീകരിച്ചത്. മറ്റാരും പാഠഭേദത്തെയോ കമ്മിറ്റിയെയോ ഏതെങ്കിലും പരാതിയുമായി സമീപിച്ചിട്ടില്ല. പരാതിക്കാരി പലർക്കും സമാന പരാതി ഉണ്ടെന്ന പൊതു പ്രസ്താവന നടത്തുകയല്ലാതെ കമ്മിറ്റിയുടെ മുൻപിൽ പേരുകളോ പരാതികളോ കൊണ്ടുവന്നിട്ടില്ല. കമ്മിറ്റിയുടെ മാൻഡേറ്റിൽ വരുന്ന കാര്യങ്ങളിൽ ഒതുങ്ങി നിൽക്കുക എന്നത് ഇത്തരം സമിതികളുടെ അച്ചടക്കത്തിന്റെ ഭാഗമാണ്.
9. പാഠഭേദം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു എന്നാരോപിച്ച ഒരു വാട്സ്ആപ്പ് സന്ദേശവും പരാതിക്കാരി കമ്മിറ്റിക്ക് മുൻപാകെ ഹാജരാക്കിയിട്ടില്ല. പാഠഭേദം അംഗങ്ങൾ പരാതിക്കാരിക്കെതിരെ പ്രചാരണം നടത്തുന്നതായി അവർക്ക് വിശ്വസിക്കാവുന്ന ഒരു സുഹൃത്തിനോട് വേറൊരു സുഹൃത്ത് അയച്ചു എന്ന് പറയുന്ന ഒരു വാട്സ്ആപ്പ് മെസ്സേജിന്റെ സ്‌ക്രീൻഷോട് ആണ് കമ്മിറ്റിക്കു നൽകിയത്. അയച്ച ആളുടെയോ ലഭിച്ച ആളുടെയോ പേര്, നമ്പർ വ്യക്തമാക്കാതെ പ്രെസെന്റ് ചെയ്ത ആ സന്ദേശത്തെ എന്തെങ്കിലും തെളിവോ സൂചനയോ ആയി പരിഗണിക്കാൻ ആകുമായിരുന്നില്ല.
10. അന്വേഷണം നടത്തുന്ന കാലയളവിൽ സിവിക്കിനെ പാഠഭേദം പ്രവർത്തനത്തിൽ നിന്നും മാറ്റി നിർത്തിയിരുന്നു.
11. റീഡേഴ്സ് എഡിറ്റർ സ്ഥാനത്തു നിന്ന് ഈ കാരണം കൊണ്ട് മാറിനിൽക്കുന്നത് സ്ത്രീയുടെ പ്രവർത്തന മണ്ഡലങ്ങളെ സ്വയം ചുരുക്കുന്നതിന്റെ സൂചനയാകാമെന്നതിനാലാണ് അങ്ങനെ മാറേണ്ടതുണ്ടോ എന്നന്വേഷിച്ചത്. അക്കാര്യത്തിൽ ഒരു നിർബന്ധവും ഞങ്ങൾ ചെലുത്തിയിട്ടില്ല.
കമ്മിറ്റിക്ക് ലഭ്യമായ വിവരങ്ങൾ വെച്ചാണ് ശുപാർശകൾ നൽകിയിട്ടുള്ളത്. അതിന്റെ പേരിൽ നടക്കുന്ന വ്യക്തിഹത്യകളെയും ആൾക്കൂട്ട ആക്രമണങ്ങളെയും അത് അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു.
പി.ഇ.ഉഷ
ഡോ.ഖദീജാ മുംതാസ്.
മൃദുലാദേവി.എസ്
സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന പരാതി കൈകാര്യം ചെയ്തതില്‍ പാഠഭേദം മാസികയുടെ 'ഇന്റേണല്‍ കംപ്ലെയ്ന്റ്‌സ് കമ്മിറ്റിക്കെതിരേ' ഗുരുതര ആരോപണങ്ങളുമായി അതിജീവിത കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഐ സി സി പ്രതിനിധികള്‍ക്ക് അവര്‍ നിലനിലനില്‍ക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ സര്‍വ്വാധികാരിയായ പുരുഷനെ സംരക്ഷിക്കേണ്ടത് ആവശ്യമായിരുന്നെന്ന് അതിജീവിത ആരോപിച്ചു. ഐ സി സി അംഗങ്ങളുമായി ആദ്യം സംസാരിച്ചപ്പോള്‍- പ്രശ്‌നത്തിലകപ്പെട്ട സ്ത്രീയെന്ന നിലയില്‍ എന്നെ സമാധാനിപ്പിക്കാനെന്നായിരുന്നു ഞാന്‍ കരുതിയത്. അതുകൊണ്ട് അന്നത്തെ മീറ്റിങ്ങില്‍ അനൗപചാരികമായിട്ടാണ് സംസാരിച്ചതെന്ന് അതിജീവിത പറഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Civic chandran, Sexual harassment