• HOME
  • »
  • NEWS
  • »
  • kerala
  • »
  • മീൻ തട്ടിത്തെറിപ്പിച്ചത് മത്സ്യക്കച്ചവടക്കാരി തന്നെയെന്ന് ദൃക്സാക്ഷിയുടെ മൊഴി

മീൻ തട്ടിത്തെറിപ്പിച്ചത് മത്സ്യക്കച്ചവടക്കാരി തന്നെയെന്ന് ദൃക്സാക്ഷിയുടെ മൊഴി

'പോലീസുദ്യോഗസ്ഥർ വാഹനത്തിൽ നിന്നും പുറത്തിറങ്ങിയില്ല. മറിച്ച് വാഹനത്തിൽ ഇരുന്നാണ്  മത്സ്യക്കച്ചവടം നടത്തരുതെന്ന് മരിയ പുഷ്പത്തോട് ആവശ്യപ്പെട്ടത്'- ദൃക്സാക്ഷി പൊലീസിനോട് പറഞ്ഞു

Karamana_Fish

Karamana_Fish

  • Share this:
    തിരുവനന്തപുരം: കരമന പാലത്തിന് സമീപം പൊലീസ് മീൻ തട്ടിത്തെറിപ്പിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. മത്സ്യക്കച്ചവടക്കാരിയായ മരിയ പുഷ്പം തന്നെയാണ് മീൻ തട്ടിത്തെറിപ്പിച്ചതെന്ന് ദൃക്സാക്ഷിയുടെ മൊഴി. യൂസഫ് എന്നയാളാണ് പൊലീസിന് ഇത്തരത്തിൽ മൊഴി നൽകിയിരിക്കുന്നത്. ബുധനാഴ്ച വൈകിട്ട് കരമന പാലത്തിന് സമീപം മീൻ കച്ചവടം നടത്തുന്നതിനിടയിൽ കരമന പൊലീസ്  സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർ മീൻ തട്ടിത്തെറിപ്പിച്ചുവെന്നായിരുന്നു മത്സ്യ കച്ചവടക്കാരിയായ മരിയ പുഷ്പത്തിന്റെ പരാതി.

    സംഭവം വിവാദമായതോടെ പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് തേടിയിരുന്നു. എന്നാൽ പരിസരത്ത് സി സി ടി വി ദൃശ്യങ്ങൾ ഇല്ലെന്നാണ് പൊലീസ് വിശദീകരണം. ഇതിന് പിന്നാലെയാണ് ദൃക്സാക്ഷികളുടെ മൊഴി പൊലീസ്  രേഖപ്പെടുത്തിയത്.  മരിയ പുഷ്പം തന്നെയാണ് മീൻ  വലിച്ചറിഞ്ഞതെന്ന് ദൃക്സാക്ഷിയായ യൂസഫ് പൊലീസിനു മൊഴി നൽകി. "സംഭവ ദിവസമായ ബുധനാഴ്ച വൈകിട്ട് കരമന പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വാഹനത്തിൽ കരമന പാലത്തിന് സമീപം എത്തിയിരുന്നു. എന്നാൽ പോലീസുദ്യോഗസ്ഥർ വാഹനത്തിൽ നിന്നും പുറത്തിറങ്ങിയില്ല. മറിച്ച് വാഹനത്തിൽ ഇരുന്നാണ്  മത്സ്യക്കച്ചവടം നടത്തരുതെന്ന് മരിയ പുഷ്പത്തോട് ആവശ്യപ്പെട്ടത്. കരമന പാലത്തിലെ മീൻ വിൽപ്പന ആൾക്കൂട്ടത്തിനു കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസ് നിർദേശം. ഇതിനുശേഷം മത്സ്യ കച്ചവടക്കാരിയായ മരിയാ പുഷ്പം തന്നെയാണ് മീൻ വലിച്ചെറിഞ്ഞത്. എന്നിട്ട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബഹളം വച്ചു". ഇതാണ് ദൃക്സാക്ഷിയായ യൂസഫ് പൊലീസിന് നൽകിയ മൊഴി.

    ഏതായാലും കൂടുതൽ ദൃക്സാക്ഷികളെ കണ്ടെത്തി മൊഴി രേഖപ്പെടുത്തുന്ന നടപടികളിലേക്ക് പോലീസ് കടന്നിട്ടുണ്ട്. സംഭവം വിവാദമായ സാഹചര്യത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് അന്വേഷണം. സംഭവത്തിന് പിന്നാലെ ബുധനാഴ്ച വൈകിട്ട് കരമന പാലത്തിൽ എത്തിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് മരിയ പുഷ്പത്തിന് ഉറപ്പുനൽകിയിരുന്നു.

    അതേസമയം ദൃക്സാക്ഷിയായ യൂസഫിന്റെ മൊഴിയെ മരിയാ പുഷ്പം തള്ളി. താനല്ല മീൻ വലിച്ചെറിഞ്ഞതെന്ന് മരിയ പുഷ്പം വ്യക്തമാക്കി. രണ്ടു പൊലീസ് ഉദ്യോഗസ്ഥരാണ് അതിക്രമം കാട്ടിയത്. ഇവർക്കെതിരെ നടപടി എടുക്കണം എന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതായും മരിയ പുഷ്പം വ്യക്തമാക്കി.

    എല്ലാദിവസവും തിരുവനന്തപുരം കരമന പാലത്തിനു സമീപം വൈകിട്ട് മീൻ വിൽപ്പന നടത്തിയിരുന്ന ആളായിരുന്നു  മരിയ പുഷ്പം. വലിയതുറ സ്വദേശിയായ മരിയ പുഷ്പം ചൊവ്വാഴ്ച വൈകിട്ട് കരമന പാലത്തിനുസമീപം മീൻ വിൽക്കുന്നതിനിടയിൽ കരമന പോലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇവിടെ മീൻ വിൽപ്പന പാടില്ലെന്ന് വ്യക്തമാക്കിയിരുന്നു. കരമന പാലത്തിലെ മീൻ വിൽപ്പന ആൾക്കൂട്ടത്തിന് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പോലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശം. മറ്റൊരു സ്ഥലത്തേക്ക് മാറണമെന്നും നിർദ്ദേശിച്ചിരുന്നു.

    എന്നാൽ ബുധനാഴ്ച വൈകിട്ടും അതേ സ്ഥലത്താണ് മരിയ പുഷ്പം മീൻ വിൽപ്പന നടത്തിയത്. ഇതോടെ അഞ്ചരയോടെ സ്ഥലത്തെത്തിയ കരമന പോലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർ  മീൻ തട്ടിത്തെറിപ്പിച്ചതായാണ് പരാതി. മത്സ്യം ചിതറിക്കിടക്കുന്നത് കണ്ടതോടെ നാട്ടുകാരും വലിയ പ്രതിഷേധവുമായി രംഗത്തെത്തി. മരിയ പുഷ്പത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നാട്ടുകാർ വലിയ പ്രതിഷേധമുയർത്തി. ഇതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മരിയ പുഷ്പവുമായി സംസാരിച്ചു. രണ്ടു പൊലീസ് ഉദ്യോഗസ്ഥർ മീൻ തട്ടിത്തെറിപ്പിച്ചുവെന്ന് മരിയാപുഷ്പം ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്താമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മരിയാ പുഷ്പത്തിന് ഉറപ്പുനൽകി. മരിയ പുഷ്പത്തെ കരമന പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി മൊഴി രേഖപ്പെടുത്തിയിരുന്നു.

    നേരത്തെ ആറ്റിങ്ങലിൽ വഴിയോര മത്സ്യ കച്ചവടക്കാരിയുടെ മത്സ്യം തട്ടിത്തെറിപ്പിച്ച സംഭവം വിവാദമായിരുന്നു. ആറ്റിങ്ങൽ നഗരസഭയിലെ രണ്ട് ജീവനക്കാരാണ് മത്സ്യം തട്ടിത്തെറിപ്പിച്ചത്. സംഭവം വിവാദമായതിന് പിന്നാലെ ഈ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സമാനമായ സംഭവം കരമനയിലും  ആവർത്തിച്ചത്.
    Published by:Anuraj GR
    First published: