HOME » NEWS » Kerala » FACEBOOK POST DESCRIBING THE PLIGHT OF TEMPORARY HEALTH WORKERS AND NURSES

'ആരോഗ്യ പ്രവർത്തകരാണ് പോലും... വേറെ വല്ല പണിക്കും പൊയ്ക്കൂടേ...?'; താൽക്കാലിക ജീവനക്കാരുടെ ദുരിതം വിവരിച്ച് ഒരു കുറിപ്പ്

'' ഈ പറഞ്ഞത് തുച്ഛമായ ശമ്പളത്തിന് ആശുപത്രി വികസന സമിതി പോലെയുള്ള സംവിധാനത്തിന് കീഴിൽ താല്ക്കാലിക ജോലി ചെയ്യുന്ന കുറേ ആരോഗ്യ പ്രവർത്തകരെ കുറിച്ചാണ്. കോവിഡ് പ്രതിരോധ പോരാളികൾ പോലും... അയ്യേ... പറയാൻ തന്നെ നാണമാവുന്നില്ലേ ?''

News18 Malayalam | news18-malayalam
Updated: May 9, 2021, 9:04 AM IST
'ആരോഗ്യ പ്രവർത്തകരാണ് പോലും... വേറെ വല്ല പണിക്കും പൊയ്ക്കൂടേ...?'; താൽക്കാലിക ജീവനക്കാരുടെ ദുരിതം വിവരിച്ച് ഒരു കുറിപ്പ്
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: ഈ മഹാമാരിയുടെ കാലത്തും സ്വന്തം കുടുംബത്തെയും കുഞ്ഞു മക്കളെയും തനിച്ച് വീട്ടിലാക്കി ആശുപത്രികളിലും കോവിഡ് വാർഡുകളിലും രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കർമ നിരതരാണ് ആരോഗ്യ പ്രവർത്തകരും നഴ്സുമാരും. ഇതിന് പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയവരാണ് അവർ. എന്നാൽ, താൽക്കാലിക ജോലിയുള്ളവരാണ് ഇവരിൽ പലരും. അർഹമായ വേതനമോ മറ്റ് ആനുകൂല്യങ്ങളോ കൂടാതെയാണ് ഇവർ ഈ ദുരിത കാലത്തും പണിയെടുക്കുന്നത്. താൽക്കാലികാടിസ്ഥാനത്തിൽ ജോലി നോക്കുന്ന നഴ്സിന്റെ ഭർത്താവിന്റെ കുറിപ്പാണ് ഇവരുടെ ദുരിതം വിവരിക്കുന്നത്.

മാധ്യമപ്രവർത്തകനായ ദീപു ചന്ദ്രന്റെ കുറിപ്പ് വായിക്കാം

ആരോഗ്യ പ്രവർത്തകരാണ് പോലും... വേറെ വല്ല പണിക്കും പൊയ്ക്കൂടേ...?
സംശയിക്കണ്ട. ലോകം മുഴുവൻ പുകഴ്ത്തുന്ന കേരളത്തിലെ ആരോഗ്യ പ്രവർത്തകരിൽ ചിലരെ കുറിച്ച് തന്നെയാണ്..!!!
വീട്ടിലുമുണ്ട് ഒരു ആരോഗ്യ പ്രവർത്തക ... താല്ക്കാലിക ജോലിയാണെങ്കിലും എന്തൊക്കെ പുകിലായിരുന്നു...! വേസ്റ്റേജ് ഫാക്ടർ എന്ന നിലയ്ക്ക് അധികമായി ലഭിച്ച കോവിഡ് വാക്സിൻ പോലും ഒരു തുള്ളി കളയാതെ കുത്തിവയ്ക്കുന്നു...,
പ്രധാനമന്തിയുടെയും മുഖ്യമന്ത്രിയുടെയും അഭിനന്ദനം ഏറ്റുവാങ്ങുന്നു..., ജീവൻ പണയം വച്ച് ജോലി ചെയ്യുന്നു, കുടുംബത്തെ പോലും മറന്ന് സേവനം ചെയ്യുന്നു... പി പി ഇ കിറ്റ് ഇടുന്നു... ഉറക്കം കളയുന്നു... ഓടുന്നു , ചാടുന്നു ഹൊ , എന്തൊക്കെ കാണണം കേൾക്കണം...!

സർക്കാർ ആശുപത്രികളിലെ സ്ഥിരം ജോലിക്കാരായവരെ തല്ക്കാലം വെറുതേ വിടാം. അവർ അൽപ്പം അഹങ്കാരം കാണിച്ചാലും സാരമില്ല. അത്യാവശ്യം ശമ്പളവും ആനുകൂല്യങ്ങളുമൊക്കെ ഉണ്ട്. ഈ പറഞ്ഞത് തുച്ഛമായ ശമ്പളത്തിന് ആശുപത്രി
വികസന സമിതി പോലെയുള്ള സംവിധാനത്തിന് കീഴിൽ താല്ക്കാലിക ജോലി ചെയ്യുന്ന കുറേ ആരോഗ്യ പ്രവർത്തകരെ കുറിച്ചാണ്. കോവിഡ് പ്രതിരോധ പോരാളികൾ പോലും... അയ്യേ... പറയാൻ തന്നെ നാണമാവുന്നില്ലേ ?
ഇവരെയൊക്കെ അതിന് ആരെങ്കിലും അംഗീകരിച്ച് കൊടുക്കുമോ ? സർക്കാരോ, ആരോഗ്യ വകുപ്പോ, ജോലി ചെയ്യുന്ന ആശുപത്രി അധികൃതരോ പോലും ഇവരെ കണക്കാക്കിയിട്ടില്ല. പിന്നല്ലേ ഞാൻ..!

വീട്ടിലുള്ള പോരാളിയോട് പറഞ്ഞാൽ പറയും അവർ മാലാഖമാരാണത്രേ...! കടയിൽ പോയി മാലാഖയാണെന്ന് പറഞ്ഞാൽ മൈ...ദ മാവ് പോലും കിട്ടിലെന്ന് പറഞ്ഞാണ് മാലാഖയെ മെരുക്കുന്നത്. കോവിഡ് പോരാളിയുടെ ശൗര്യം അടങ്ങുമ്പോൾ തുരുതുരെ ചോദ്യമെറിയാൻ തുടങ്ങും...

കരുതലിന്റെ കാര്യം പറയുന്നുണ്ടല്ലോ,
നിങ്ങൾക്ക് എന്ത് കരുതലുണ്ട് ?
കോവിഡ് വന്നാൽ ചികിത്സയ്ക്കായി പ്രത്യേക സൗകര്യം ഉണ്ടോ?
ഇല്ല;
ശമ്പളത്തോടു കൂടി ഒരു ദിവസം ലീവ് ഉണ്ടോ ?
ഇല്ല ;
ഇ എസ് ഐ ഇൻഷുറൻസ് ഉണ്ടോ?
ഇല്ല;
രോഗികളുടെ ചീത്തവിളിക്ക് കുറവുണ്ടോ ?
ഇല്ല;
മേലുദ്യോഗസ്ഥരുടെ വഴക്കിന് കുറവുണ്ടോ ?
ഇല്ല;
ജോലി കുറവുണ്ടോ ?
ഇല്ല ;
സുരക്ഷിതത്വം ഉണ്ടോ ?
ഇല്ല ;
റിസ്ക് അലവൻസ് ഉണ്ടോ?
ഇല്ല;
എന്തെങ്കിലും ആനുകൂല്യം കിട്ടുന്നുണ്ടോ ?
ഇല്ല;
സ്ഥിരപ്പെടുത്താൻ സാധ്യത ഉണ്ടോ ?
ഇല്ല;
മാന്യമായ ശമ്പളം ഉണ്ടോ?
ഇല്ല;
അപ്പൊ മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞ അടിസ്ഥാന ശമ്പളമെങ്കിലും ഉണ്ടോ?
ഇല്ലെന്ന് പറഞ്ഞില്ലേ...!!!
"ആഹാ ഇവരുടെ കരച്ചിൽ കേൾക്കാൻ തന്നെ എന്തൊരു സുഖം."
ഈ ഇല്ലാക്കഥ പറയാതെ വേറെ വല്ല പണിക്കും പൊയ്ക്കൂടേ? വേറെ ഏത് പണിക്ക് പോയാലും കിട്ടൂല്ലോ നിങ്ങളുടെ ഇരട്ടി ശമ്പളം. അഭിനന്ദനവും ആദരവും തിരിച്ച് കൊടുത്തിട്ട് മാന്യമായ വേതനം തരാൻ പറയ്യ്... ഒരു കോവിഡ് പോരാളി വന്നിരിക്കുന്നു..!!!
പിന്നെ മാലാഖയുടെ മുഖം വാടും. പോരാളിയെ പെട്ടിയിലാക്കി അവസാന ആണി അടിക്കുന്ന ഒരു ചടങ്ങ് കൂടിയുണ്ട്.
സർക്കാരെന്നല്ല, ഇനി ആര് കൈ ഒഴിഞ്ഞാലും, കൂലിപ്പണി എടുത്തിട്ട് ആണേലും അരി വാങ്ങാനുള്ള പൈസ ഞാൻ കൊണ്ട് വരും... എന്താ പോരേ...?
സാമൂഹിക അകലവും ഡബിൾ മാസ്കും... അതാണ് പിന്നെയാരു ആശ്വാസം..!!!
🙏🙏🙏🙏🙏
സത്യം പറയാല്ലോ, പലപ്പോഴും ആലോചിക്കും,
ആരോഗ്യ പ്രവർത്തകരാണ് പോലും... ഇവർക്ക് വേറെ വല്ല പണിക്കും പൊയ്ക്കൂടേ... എന്ന്...!
(NB : തെറ്റിധരിക്കരുത് ! ആരോഗ്യ പ്രവർത്തകരോട് ആദരവ് മാത്രം🙏 )(അഭിപ്രായങ്ങൾ വ്യക്തിപരം)
Published by: Rajesh V
First published: May 9, 2021, 9:03 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories