'ഒരു കാരണവശാലും ലുങ്കി മാത്രം ധരിച്ച് സമരത്തിനിറങ്ങരുത്' : കോഴിക്കോട് പഴയ ലുങ്കി സമരത്തിന്റെ അനുഭവക്കുറിപ്പ്

വർഷങ്ങൾക്കു മുൻപ് ഇതേ ആവശ്യമുന്നയിച്ചു കൊണ്ട് ചില സുഹൃത്തുക്കൾ നടത്തിയ പ്രതിഷേധ പ്രകടനങ്ങളുടെ രസകരമായ ഓർമപ്പെടുത്തൽ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ് ഷീജ പൂന്താനത്ത്.

news18
Updated: July 17, 2019, 8:02 AM IST
'ഒരു കാരണവശാലും ലുങ്കി മാത്രം ധരിച്ച് സമരത്തിനിറങ്ങരുത്' : കോഴിക്കോട് പഴയ ലുങ്കി സമരത്തിന്റെ അനുഭവക്കുറിപ്പ്
kozhikode sm street(fb)
  • News18
  • Last Updated: July 17, 2019, 8:02 AM IST
  • Share this:
നക്ഷത്ര ഹോട്ടലുകൾ ലുങ്കിയുടുത്ത് എത്തുന്നവർക്ക് പ്രവേശനം നിഷേധിച്ചതിൽ പ്രതിഷേധിച്ച് കോഴിക്കോട്ട് സാംസ്കാരിക പ്രവർത്തകർ ലുങ്കിയുടുത്ത് സമരത്തിനിറങ്ങുന്നു. വർഷങ്ങൾക്കു മുൻപ് ഇതേ ആവശ്യമുന്നയിച്ചു കൊണ്ട് ചില സുഹൃത്തുക്കൾ നടത്തിയ പ്രതിഷേധ പ്രകടനങ്ങളുടെ രസകരമായ ഓർമപ്പെടുത്തൽ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ് ഷീജ പൂന്താനത്ത്.

also read: 'വനിതാമതിലിൽ പങ്കെടുക്കാതിരുന്നതിന് ഭീഷണിപ്പെടുത്തി'; SFI നേതാക്കൾക്കെതിരെ തിരുവനന്തപുരം ആർട്സ് കോളേജിലെ വിദ്യാർത്ഥിനികൾ

ഒപ്പം സമരത്തിന് പൂർണ പിന്തുണയും പ്രഖ്യാപിച്ചിരിക്കുകയാണ് ഷീജ. 1999ൽ ജോയ് മാത്യു, പി.ടി ജോൺ, മങ്ങാട് രത്നാകരൻ, ഗിരീഷ്, സേതുനാഥ്, ജേക്കബ്, കെ. പി രമേഷ് എന്നിവർ ലുങ്കിയുടുത്തു നടത്തിയ പ്രതിഷേധത്തിന്റെ രസകരമായ ഓർമയാണ് ഷീജ പങ്കുവെച്ചിരിക്കുന്നത്.

ഷീജയുടെ പോസ്റ്റിന്റെ പൂർണരൂപം

കോഴിക്കോട്ടെ ഒരു സംഘം സാംസ്കാരിക പ്രവർത്തകർ നാളെ ഒരു സമരത്തിനിറങ്ങുന്നു. ചില നക്ഷത്ര ഹോട്ടലുകാർ ലുങ്കി ധരിച്ചെത്തുന്നവർക്ക് പ്രവേശനം നിഷേധിച്ചതിന്റെ ഭാഗമായാണ് ലുങ്കിയുടുത്തു കൊണ്ട് ഒരു സംഘം പ്രതിഷേധ പ്രകടനത്തിനിറങ്ങുന്നത്. ആദ്യമേ തന്നെ ഈ സമരത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു കൊള്ളുന്നു.
ഒപ്പം , വർഷങ്ങൾക്കു മുൻപ് ഇതേ ആവശ്യമുന്നയിച്ചു കൊണ്ട് എന്റെ സുഹൃത്തുക്കൾ നടത്തിയ പ്രതിഷേധ പ്രകടനങ്ങളുടെ രസകരമായ ഓർമപ്പെടുത്തൽ കൂടിയാവുന്നു എനിക്കീ സമരം.
വർഷം 1999. സ്ഥലം മലബാർ പാലസ്. കോഴിക്കോട്ടുവെച്ചു നടക്കുന്ന പെപ്പർ ഫെസ്റ്റിന്റെ ഭാഗമായി സാംസ്കാരിക ബുജികളും പത്രക്കാരുമായ സുഹൃത്തുക്കൾ മലബാർ പാലസിലെ മുറിയിൽ ഒത്തുകൂടുന്നു. നാട്ടിലെ സകലമാന അനീതികളെയും തുടച്ചു നീക്കുന്നതിനെക്കുറിച്ച് ചർച്ചിച്ചു കൊണ്ട് കള്ളുകുടി പുരോഗമിക്കുന്നു. നായകസ്ഥാനത്ത് പതിവുപോലെ ജോയ് മാത്യു . പി.ടി.ജോൺ , മാങ്ങാട് രത്നാകരൻ , ഗിരീഷ് , സേതുനാഥ് (അങ്ങ് ബാംഗ്ലൂരിൽ നിന്നും പറന്നെത്തിയാണ് സേതുവേട്ടൻ - അതു മറക്കരുത്) , ജേക്കബ് ,പിന്നെ ന്റെ കെട്ട്യോൻ കെ.പി. രമേഷും. (അന്ന് കെട്ടിട്ടുണ്ടോ എന്നോർമയില്ല . രണ്ടായാലും കണക്കാ.) ചർച്ചിക്കാനുള്ള ഇന്ധനം തീർന്നപ്പോ മാങ്ങാട് ഫോണെടുത്ത് ഒരു സുഹൃത്തിനെ വിളിക്കുന്നു. 10 മിനിറ്റിനുള്ളിൽ എത്താമെന്നു പറഞ്ഞ സുഹൃത്തിനു പകരം വന്നത് ഫോൺ . അയാളുടെ പതിഞ്ഞ ശബ്ദം ഫോണിൽ : ര ത്നാകരേട്ടാ ഇവരെന്നെ അകത്തേക്കു വിടുന്നില്ല. ലുങ്കിയുടുത്തവരെ അകത്തു പ്രവേശിപ്പിക്കില്ലത്രേ.
കേട്ടപാതി ജോയ് മാത്യു ചാടിയെഴുന്നേല്ക്കുന്നു. അതെന്താ ലുങ്കിയുടുത്താൽ , ആർക്കാ അതിൽ പ്രശ്നം , എന്നാ അതൊന്നു കാണണമല്ലോ ? താമസംവിനാ എല്ലാ ഗജകേസരികളും ഊർജിത വീര്യത്തോടെ സടകുടഞ്ഞെഴുന്നേല്ക്കുന്നു. എല്ലവരും നിമിഷങ്ങൾക്കകം റിസെപ്ഷനിൽ ഹാജർ. അവിടെ നില്ക്കുന്ന സുഹൃത്തിനെ ചൂണ്ടി ജോയിയുടെ ചോദ്യം , എന്താ ഇവനെ അകത്തു കയറ്റാത്തത് ? ഹോട്ടലുകാരുടെ മറുപടി നീതിക്കു നിരക്കാത്തതായതു കൊണ്ടു തന്നെ പ്രശ്നം വഷളായിത്തുടങ്ങി. ( റിസെപ്ഷനിൽ എത്തിയപ്പോൾത്തന്നെ കൂട്ടത്തിലുള്ള ജേക്ക ബേട്ടൻ vanish . അതദ്ദേഹത്തിന്റെ പതിവു രീതിയാ.. വേറെയും ചില ജീർണലിസ്റ്റുകൾ പതിവുപോലെ മുങ്ങി.) പെട്ടെന്നാണു ജോയുടെ അലർച്ച: ഡാ , അങ്ങോട്ടു നോക്ക്
എല്ലാവരും നോക്കി. ദേ, ഒരു സായിപ്പും മദാമ്മയും അരച്ചാൺ നീളമുള്ള സൗസറുമിട്ടു കൊണ്ട് (അവരുടെ ഭാഷയിൽ ബർമുഡ ) കൂളായി ഹോട്ടലിനുള്ളിലേക്കു കയറിപ്പോകുന്നു. ഉടനെ ജോയുടെ ചോദ്യം: അപ്പോ സൗസറു മാത്രം ഇട്ടാൽ അകത്തു കയറാൻ പറ്റും , ഇല്ലേ... എന്നാപ്പിന്നെ ഊരെടാ പാന്റും മുണ്ടുമൊക്കെ. കേൾക്കേണ്ട താമസം കൂടെയുള്ളവരെല്ലാം (ഒരാളൊഴിച്ച് ) ഷഡ്ഡ്യാസുരന്മാരായി റിസെപ്ഷനിൽ നില്പായി. ആ ഒരാൾ , രമേശൻ ആവേശത്തിൽ പാൻറൂരാനായി ബട്ടണിൽ കൈവെക്കവേ ,വെറുതേയൊന്ന് സുഹൃത്തുക്കളുടെ ഷഡ്ഡിയിലേക്ക് കണ്ണോടിക്കുന്നു. ദൈവമേ ,ലോകത്തെ ഏതു വൻകരകളെ വേണമെങ്കിലും അടയാളപ്പെടുത്താൻ മാത്രം തുളകളുള്ള സൗസറുകളുടെ പൂക്കാലം.രമേശൻ പാന്റൂരിയില്ല (കരിങ്കാലി) ..( ഒരു പക്ഷേ അതിലും വലിയ ഭൂപടക്കാഴ്ച അവിടെയുള്ളവരെ കാണിക്കണ്ട എന്നു കരുതിയാവും . പാവം )
ആവേശഭരിതനായി നില്ക്കുന്ന ജോയ് ലുങ്കിയുടുത്ത സുഹൃത്തിനെ സമീപിക്കുന്നു. തുടർന്ന് ആജ്ഞാപിക്കുന്നു: ഊരെടാ ലുങ്കി . സായിപ്പിനെപ്പോലെ ട്രൗസറിട്ടു നിന്നു കാണിക്ക്.
സുഹൃത്ത് കരച്ചിലിന്റെ വക്കിൽ , ബാക്കിയുള്ളവരെല്ലാം അയാളെ പ്രോത്സാഹിപ്പിക്കുന്നു.
ഒടുവിൽ അയാൾ വന്ന് ജോയുടെ കാതിൽ അടക്കം പറയുന്നു : ജോയേട്ടാ, അതു മാത്രം പറയരുത് , ഞാൻ ഷഡ്ഡി ഇട്ടിട്ടില്ല. ഉറക്കത്തിലായിരുന്നപ്പോഴാണ് രത്നാകരേട്ടൻ വിളിച്ചത്. നേരേയിങ്ങു പോന്നു. ചിരിക്കണോ കരയണോ എന്ന പരുവത്തിലായി ഷഡ്ഡി വീരന്മാർ. അപ്പോഴേക്കും ഉടമ ഉതുപ്പു മുതലാളിയെത്തി പ്രശ്നം രമ്യമായി പരിഹരിച്ചു.. ഒടുവിൽ എല്ലാവരെയും കുത്തി നിറച്ച് സുഹൃത്തിന്റെ വണ്ടിയിൽ അടുത്ത നക്ഷത്ര ഹോട്ടലിലേക്ക് പോകവേ ഇതിനൊക്കെ നിമിഷങ്ങൾക്കു മുൻപു മാത്രം അവിടെ നിന്നിറങ്ങിയ ടി.എൻ.ജി (കണ്ണാടി) യുടെ ഫോൺ : എന്നാലും എനിക്കാ സമരത്തിൽ പങ്കെടുക്കാൻ പറ്റിയില്ലല്ലോ ഡാ

അടിക്കുറിപ്പ് : നാളെ സമരത്തിനിറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്. ഒരു കാരണവശാലും ലുങ്കി മാത്രം ധരിച്ച് സമരത്തിനിറങ്ങരുത്. അനുഭവം ഗുരു എന്നല്ലേ പ്രമാണം

ഇത് ജോയ് പങ്കുവെച്ച അനുഭവക്കുറിപ്പാണോ എന്നറിയില്ല. എന്റെ ജീർണലിസക്കാലത്ത് എനിക്കു കിട്ടിയ മഹത്തായ എക്സ്പീരിയൻസ്. ഈ സന്ദർഭത്തിൽ ഓർക്കാതിരിക്കുന്നതെങ്ങനെ

(അഭിപ്രായം വ്യക്തിപരം)
First published: July 17, 2019, 7:31 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading