• HOME
 • »
 • NEWS
 • »
 • kerala
 • »
 • Fact Check| ദാരിദ്യം കുറവ് കേരളത്തിലെന്ന സൂചിക ഏതു കാലത്തെ സര്‍വേ പ്രകാരം

Fact Check| ദാരിദ്യം കുറവ് കേരളത്തിലെന്ന സൂചിക ഏതു കാലത്തെ സര്‍വേ പ്രകാരം

കേരളത്തിൽ 0.71 ശതമാനം പേർ മാത്രമാണ് ദാരിദ്ര്യ രേഖയിൽ താഴെയുള്ളവർ എന്നായിരുന്നു സർവേയിലെ കണ്ടെത്തൽ.

News18 Kerala

News18 Kerala

 • Last Updated :
 • Share this:
  ന്യൂഡല്‍ഹി: രാജ്യത്ത് ദരിദ്രരുടെ എണ്ണം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണെന്ന (Keralam) നീതി ആയോഗിന്റെ (Niti Ayog) ബഹുതല ദാരിദ്യ സൂചിക (Poverty Index) കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇതിന് പിന്നാലെ മഹാമാരിയും പ്രകൃതി ദുരന്തങ്ങളുമുള്‍പ്പെടെ അനവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടും ജനക്ഷേമം ഉറപ്പുവരുത്തുന്നതിനായി സര്‍ക്കാര്‍ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ ഈ നേട്ടത്തിന്റെ അടിത്തറ പാകി എന്നത് അഭിമാനകരമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) ഫേസ്ബുക്കിലൂടെ അവകാശപ്പെട്ടത്.

  എന്നാല്‍ കേരളം ഇത്തരമൊരു നേട്ടം സ്വന്തമാക്കിയത് 2015-16 ലെ സര്‍വേ അടിസ്ഥാനമാക്കിയുള്ളതാണെന്നാണ് നീതി ആയോഗ് പറയുന്നത്. അതായത് കഴിഞ്ഞ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ അവസാന വർഷത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ കണ്ടെത്തൽ. എന്നാൽ, 2019-20 ലെ കുടുംബാരോഗ്യ സര്‍വേ അഞ്ചിന്റെ ഫലവും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദാരിദ്ര്യ സൂചിക പട്ടിക പരിഷ്‌കരിക്കുമെന്ന് നീതി ആയോഗ് അറിയിച്ചിട്ടുണ്ട്.

  ഇതോടെ മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫ് സർക്കാരും കേരളത്തിന്റെ നേട്ടം സംബന്ധിച്ച് നടത്തിയ അവകാശവാദം തെറ്റാണെന്നാണ് വ്യക്തമാകുന്നത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആദ്യ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറുന്നത് 2016-ലാണ്. അതിന് മുമ്പുള്ള സര്‍വേ പ്രകാരം തയ്യാറാക്കിയ സൂചികയിലെ നേട്ടത്തില്‍ എല്‍ഡിഎഫ് അവകാശവാദം ഉന്നയിച്ചത് അടിസ്ഥാന രഹിതമാണെന്നാണ് ഇതോടെ വ്യക്തമാകുന്നത്.  പോഷകാഹാരം, ശിശു-കൗമാര മരണ നിരക്ക്, പ്രസവാനന്തര പരിപാലനം, സ്‌കൂള്‍ വിദ്യാഭ്യാസം, ഹാജര്‍നില, പാചക ഇന്ധന ലഭ്യത, ശുചിത്വം, കുടിവെള്ള ലഭ്യത, വൈദ്യുതി, വീട്, സമ്പാദ്യം, ബാങ്ക് അക്കൗണ്ട് തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ദാരിദ്ര്യ സൂചിക തയ്യാറാക്കിയത്. സൂചികയനുസരിച്ച് ദരിദ്രര്‍ കൂടുതല്‍ ബിഹാറിലാണ്. വലിയ അന്തരമാണ് കേരളവും മറ്റ് സംസ്ഥാനങ്ങളും തമ്മില്‍.

  കേരളത്തില്‍ ദരിദ്രരുടെ ശതമാനം 0.71 ആണ്, 10,000 ത്തില്‍ 71 പേര്‍. അതേസമയം, ബിഹാറില്‍ ജനസംഖ്യയുടെ 51.91 ശതമാനവും ജാര്‍ഖണ്ഡില്‍ 42.16 ശതമാനവും യുപിയില്‍ 37.79 ശതമാനവും ദരിദ്രവിഭാഗത്തിലാണ്. കേരളം കഴിഞ്ഞാല്‍ പാവപ്പെട്ടവര്‍ കുറവ് ഗോവയിലാണ് -3.76 ശതമാനം. അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്ടില്‍ 4.89 ശതമാനവും കര്‍ണാടകത്തില്‍ 13.16 ശതമാനവും ദരിദ്രരുണ്ട്.

  Also Read- Poverty Index | കേരളം ഇന്ത്യയിൽ ഏറ്റവും പിന്നിൽ; ദാരിദ്ര്യത്തിന്‍റെ കാര്യത്തിലാണെന്ന് മാത്രം!

  ഓക്‌സ്‌ഫോർഡ് പോവർട്ടി ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് ഇനിഷ്യേറ്റീവ് (ഒപിഎച്ച്ഐ), യുഎൻ ഡെവലപ്‌മെന്റ് പ്രോഗ്രാമും (യുഎൻഡിപി) വികസിപ്പിച്ച ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടതും ശക്തവുമായ രീതിശാസ്ത്രമാണ് ഇന്ത്യയുടെ ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചിക തയ്യാറാക്കുന്നതിന് ഉപയോഗിച്ചതെന്ന് റിപ്പോർട്ട് പറയുന്നു. പ്രധാനമായി, ബഹുമുഖ ദാരിദ്ര്യത്തിന്റെ ഒരു അളവുകോൽ എന്ന നിലയിൽ, കുടുംബങ്ങൾ ഒരേസമയം അഭിമുഖീകരിക്കുന്ന ദാരിദ്ര്യാവസ്ഥയാണ് കണക്കിലെടുത്തത്.

  ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിങ്ങനെ 12 സൂചകങ്ങളാൽ പ്രതിനിധീകരിക്കപ്പെടുന്ന, പോഷകാഹാരം, ശിശുക്കളുടെയും കൗമാരക്കാരുടെയും മരണനിരക്ക്, ഗർഭകാല പരിചരണം, സ്കൂൾ വിദ്യാഭ്യാസം, സ്‌കൂൾ ഹാജർ, പാചക ഇന്ധനം, ശുചിത്വം, മദ്യപാനം എന്നിങ്ങനെ മൂന്ന് സൂചകങ്ങളാണ് ഇന്ത്യയുടെ എംപിഐക്ക് തുല്യമായ അളവുകൾ ഉള്ളതെന്ന് റിപ്പോർട്ട് പറയുന്നു. വെള്ളം, വൈദ്യുതി എന്നിവയുടെ ലഭ്യത, ഭവനം, ആസ്തികൾ, ബാങ്ക് അക്കൗണ്ടുകൾ എന്നിവ ഉള്ളവരുടെയും ഇല്ലാത്തവരുടെയും കണക്കുകളും സൂചിക തയ്യാറാക്കാൻ കണക്കിലെടുത്തു.
  Published by:Rajesh V
  First published: