പാലക്കാട്: നവദമ്പതികളുടെ ഫോട്ടോഷൂട്ടിനായി തമിഴ്നാട് മരുതമല ക്ഷേത്രത്തിൽ പോയ മലയാളി ഫോട്ടോഗ്രാഫർക്ക് നേരെ സോഷ്യൽമീഡിയയിൽ വിദ്വേഷപ്രചരണം. പട്ടാമ്പി സ്വദേശി ഷംനാദാണ് വിദ്വേഷ പ്രചരണത്തിനിരയായത്.
സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയതോടെ പ്രചരണം നടത്തിയ ആൾ പോസ്റ്റ് പിൻവലിച്ചെങ്കിലും അതിന്റെ സ്ക്രീൻ ഷോട്ടുകൾ പ്രചരിയ്ക്കുന്നതിന്റെ ആശങ്കയിലാണ് ഷംനാദ്.
തമിഴ്നാട് സ്വദേശി ശ്രീനിവാസ രാഘവൻ എന്നയാൾ ഫെബ്രുവരി ഏഴിന് മോഡി രാജ്യം എന്ന ഫെയ്സ് ഗ്രൂപ്പിലൂടെയാണ് വിദ്വേഷ പ്രചരണം നടത്തിയത്. കാറിൽ ഇരിക്കുന്ന ഷംനാദിന്റെ ചിത്രവും, കാറിന്റെ നമ്പറും ഉടമസ്ഥന്റെ മേൽവിലാസവും കാണിച്ച്, മുസ്ലിംങ്ങളാണെന്നും ഇവർ ക്ഷേത്രത്തിൽ വന്നതെന്തിനാണെന്നും ചോദിച്ചായിരുന്നു പോസ്റ്റ്.
പോസ്റ്റിന് താഴെ ഭീകരവാദിയെന്ന തരത്തിലുള്ള കമന്റുകളും പ്രചരിച്ചു. വർഷങ്ങളായി ഫോട്ടോഗ്രാഫി രംഗത്തുള്ള ഷംനാദ് ഇത്തരമൊരു ദുരനുഭവം നേരിട്ടതിന്റെ ഞെട്ടലിലാണ്. താടിയുള്ളതിന്റെ പേരിലാണ് തനിയ്ക്ക് വിദ്വേഷ പ്രചരണം നേരിടേണ്ടി വന്നതെന്ന് ഷംനാദ് പറയുന്നു.
പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടുകൾ ഇപ്പോഴും വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവം വിവാദമായതോടെ തമിഴ്നാട് സ്വദേശി പോസ്റ്റ് പിൻവലിച്ചെങ്കിലും, നടപടി ആവശ്യപ്പെട്ട് ഷംനാദ് തൃത്താല പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.