• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'മലപ്പുറത്ത് വാക്‌സിനേഷനെതിരെ തെറ്റായ പ്രചാരണം'; ജില്ലാ ഭരണകൂടം മതനേതാക്കളുടെ സഹായം തേടി

'മലപ്പുറത്ത് വാക്‌സിനേഷനെതിരെ തെറ്റായ പ്രചാരണം'; ജില്ലാ ഭരണകൂടം മതനേതാക്കളുടെ സഹായം തേടി

അഞ്ചാംപനിക്ക് ചികിത്സയും വാക്‌സിനേഷനും ആവശ്യമില്ലെന്ന തരത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ജില്ലാ കലക്ടര്‍ കര്‍ശന മുന്നറിയിപ്പ് നല്‍കി

  • Share this:

    മലപ്പുറത്തെ അഞ്ചാം പനി വ്യാപനം തടയാന്‍ നടപടികളുമായി ജില്ലാ ഭരണകൂടം. പകര്‍ച്ചവ്യാധി പകരുന്നത് തടയാനും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ വാക്‌സിനേഷനെതിരായി നടക്കുന്ന തെറ്റായ പ്രചാരണങ്ങള്‍ തടയുന്നതിനുംഅധികൃതർ മതനേതാക്കളുടെ സഹായം തേടി.

    അഞ്ചാംപനിക്ക് ചികിത്സയും വാക്‌സിനേഷനും ആവശ്യമില്ലെന്ന തരത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ജില്ലാ കലക്ടര്‍ വി ആര്‍ പ്രേംകുമാര്‍ കര്‍ശന മുന്നറിയിപ്പ് നല്‍കി. ശാസ്ത്രീയ വശങ്ങള്‍ പരിശോധിക്കാതെയാണ് ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും അത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

    പ്രതിരോധ കുത്തിവെയ്പ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായി ക്യാമ്പെയിന്‍ ആരംഭിക്കാനും ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത മതനേതാക്കളുടെ യോഗത്തില്‍ തീരുമാനമായി. ആരാധനാലയങ്ങളിലും മദ്രസകളിലും എത്തുന്നവരില്‍ രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ മതനേതാക്കള്‍ എല്ലാ സഹകരണവും ഉറപ്പുനല്‍കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായി മതനേതാക്കള്‍ പിന്തുണ നല്‍കിയിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ പ്രസ്താവനയില്‍ പറയുന്നു. വിവിധ മത സംഘടനാ പ്രതിനിധികളായ സലിം എടക്കര (എസ്‌വൈഎസ്), പികെഎ ലത്തീഫ് ഫൈസി (സമസ്ത), അബ്ദുറഹ്മാന്‍ എം വലിയങ്ങാടി (ജമാഅത്തെ ഇസ്ലാമി), വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

    പനിയും മറ്റ് രോഗലക്ഷണങ്ങളും കണ്ടാല്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വാക്‌സിനേഷന്‍ എടുക്കാന്‍ ജനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കണമെന്നും അദ്ദേഹം മതനേതാക്കളോട് ആവശ്യപ്പെട്ടു. രോഗബാധിതര്‍ക്ക് ചികിത്സ ലഭ്യമാക്കുമെന്നും അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. അഞ്ചാംപനി പടരാതിരിക്കാന്‍ ജില്ലയിലെ സ്‌കൂളുകളിലും അങ്കണവാടികളിലും മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

    അതേസമയം, ജില്ലയില്‍ അഞ്ച് വയസ്സ് വരെ പ്രായമുള്ള 1.60 ലക്ഷത്തിലധികം കുട്ടികള്‍ എംആര്‍ വാക്‌സിന്‍ എടുത്തിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. ജില്ലയില്‍ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് പിആര്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രസ്താവനയില്‍ പറയുന്നു. അഞ്ച് വയസ്സ് വരെയുള്ള കുട്ടികളുടെ എംആര്‍ വാക്‌സിനേഷന്‍ നിരക്ക് 80.84 ശതമാനമാണ്. ഇത് 95 ശതമാനത്തിലെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.

    അഞ്ചു വയസ്സു വരെയുള്ള 1,62,749 കുട്ടികള്‍ ഇതുവരെ എംആര്‍ വാക്‌സിന്‍ എടുത്തിട്ടില്ല. ഇതില്‍ 69,089 കുട്ടികള്‍ ആദ്യ ഡോസ് എംആര്‍ വാക്‌സിനും 93,660 കുട്ടികള്‍ രണ്ടാം ഡോസ് വാക്‌സിനും എടുക്കേണ്ടതുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. ജില്ലയില്‍ ഇതുവരെ 464 അഞ്ചാംപനി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

    രണ്ട് ഡോസ് എംആര്‍ വാക്‌സിന്‍ എടുത്താല്‍ മാത്രമേ അഞ്ചാംപനി പൂര്‍ണമായും തടയാനാകൂവെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. രേണുക പറഞ്ഞു. രോഗബാധിതരില്‍ 90 ശതമാനം പേരും ഒരു ഡോസ് വാക്‌സിന്‍ പോലും എടുത്തിട്ടില്ലെന്നും അവര്‍ പറഞ്ഞു. ബാക്കിയുള്ള 9 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് മാത്രമാണ് ലഭിച്ചത്. രണ്ട് ഡോസുകളും സ്വീകരിച്ചവരില്‍ ഒരു ശതമാനം പേര്‍ രോഗബാധിതരായെങ്കിലും പെട്ടെന്ന് സുഖം പ്രാപിച്ചുവെന്നും ഡിഎംഒ പറഞ്ഞു.

    Published by:Anuraj GR
    First published: