സലവയനാട് മാനന്തവാടിയില്‍ (Mananthavady) ആര് ടി ഓഫീസ് (RTO) ജീവനക്കാരി ആത്മഹത്യ (Suicide) ചെയ്ത സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കൾ. മാനന്തവാടി സബ് ആര്.ടി. ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് സിന്ധുവിന്റെ മരണത്തിലാണ് ബന്ധുക്കള്‍ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഓഫീസിലെ അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതിന് സിന്ധുവിനെ ഒറ്റപ്പെടുത്തിയിരുന്നതായും ഉദ്യോഗസ്ഥരുടെ മാനസികപീഡനം നേരിട്ടിരുന്നതായും സിന്ധുവിന്റെ സഹോദരന് നോബിള്‍ ആരോപിച്ചു.
'ഓഫീസില്‍ എല്ലാവരും ഒറ്റപ്പെടുത്തുന്നതായി അവള് പറഞ്ഞിരുന്നു. ഏറ്റവും വിഷമമുള്ള ഫയലുകളാണ് അവള്‍ക്ക് നല്‍കിയിരുന്നത്. അവള് നോക്കിയ ഫയലുകള്‍ കാണാതായി എന്നെല്ലാം പറഞ്ഞിരുന്നു. എന്താണ് സത്യാവസ്ഥ എന്ന് അറിയില്ല. പ്രശ്നങ്ങളുള്ള ഫയലുകളാണ് തനിക്ക് നല്‍കുന്നത്, ജോലി പോകും എന്നൊക്കെ പറഞ്ഞിരുന്നു. ചെറുപ്പം മുതല്‍ സിന്ധു പഠിച്ചതെല്ലാം മഠത്തിലാണ്. ദൈവവിശ്വാസവും കൂടുതലാണ്. അവള് കൈക്കൂലിക്ക് എതിരായിരുന്നു. കൈക്കൂലി വാങ്ങുന്നത് പാപമാണെന്ന് അവള് ഓഫീസിലുള്ളവരോട് പറഞ്ഞിരുന്നു. ഓഫീസിലെ കൈക്കൂലിക്ക് കൂട്ടുനില്‍ക്കാത്തതിന് മാനസികമായി പീഡിപ്പിച്ചെന്നാണ് കരുതുന്നത്'- നോബിള്‍ പറഞ്ഞു.
Related News-
Suicide | മാനന്തവാടി ആര്‍ടിഒ ഓഫീസിലെ ജീവനക്കാരി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്അതേസമയം, സിന്ധുവിന്റെ കുടുംബത്തിന്റെ ആരോപണങ്ങളെല്ലാം ജോയിന്റ് ആര്‍ടിഒ നിഷേധിച്ചു. ''നല്ലരീതിയില്‍ ജോലിചെയ്യുന്ന ജീവനക്കാരിയാണ് സിന്ധു. ചെറിയ ഓഫീസാണ് മാനന്തവാടിയിലേത്. ദിവസവും 25 തപാലേ വരാറുള്ളൂ. ആറ് സ്റ്റാഫും ഉണ്ട്. ഭിന്നശേഷിക്കാരിയായതിനാല്‍ സിന്ധുവിന് പ്രത്യേകം കരുതല്‍ നല്‍കിയിരുന്നു. എന്തുകൊണ്ടാണ് ഇങ്ങനെയൊരു മാനസികാവസ്ഥയിലേക്ക് എത്തിയതെന്ന് അറിയില്ല. മാനന്തവാടി സബ് ആര്‍ടി ഓഫീസില്‍ കൈക്കൂലി എന്ന പ്രശ്നമേയില്ല. ഇപ്പോള്‍ വാഹന്‍ എന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നത്. അപേക്ഷകര്‍ ആരാണെന്ന് പോലും ഉദ്യോഗസ്ഥര്‍ക്ക് അറിയാനാകില്ല''- ജോയിന്റ് ആര്‍ടിഒ വിനോദ് കൃഷ്ണ പറഞ്ഞു.
സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്ന് എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച് ബി പ്രദീപും ആവശ്യപ്പെട്ടു. 'ഭിന്നശേഷിക്കാരിയായ സിന്ധുവിനെക്കുറിച്ച് നാട്ടിലെല്ലാം നല്ല മതിപ്പാണ്. അമ്മ ചെറുപ്പത്തിലേ മരിച്ചു. സഹോദരങ്ങളാണ് അവരെ വളര്‍ത്തിയത്. കഠിനാധ്വാനിയായ കുട്ടിയായിരുന്നു. കുടുംബവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഓഫീസിലെ പ്രശ്നങ്ങള്‍ അവര്‍ പറഞ്ഞിരുന്നതായി സഹോദരന് വ്യക്തമാക്കിയിരുന്നു. ഓഫീസില്‍ രണ്ട് ലോബികളുണ്ടെന്നാണ് അവര്‍ പറഞ്ഞത്. സിന്ധു കൈക്കൂലി വാങ്ങുന്ന ആളല്ലെന്ന് കൃത്യമായി അറിയാം. ഓഫീസില്‍ കൈക്കൂലി വാങ്ങുന്നുണ്ടോ എന്നത് കൃത്യമായി അന്വേഷണം നടത്തി കണ്ടെത്തണം''- അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെ എട്ട് മണിയോടെയാണ് എളുമന്ദത്തെ വീട്ടിൽ സിന്ധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭിന്നശേഷിയുള്ളയാളും അവിവാഹിതയുമാണ് സിന്ധു. മരണകാരണം ഇതുവരെ വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. പിതാവ് : ആഗസ്തി, മാതാവ് : പരേതയായ ആലീസ്. സഹോദരങ്ങള്‍ : ജോസ്, ഷൈനി, ബിന്ദു, നോബിള്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.