കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് വച്ച് ആദിവാസി യുവാവ് വിശ്വനാഥന് മരിച്ച കേസില്‍ അന്വേഷണസംഘം വയനാട്ടിലെത്തി കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി. റീ പോസ്റ്റ് മോര്‍ട്ടം വേണമെന്ന ബന്ധുക്കളുടെ ആവശ്യം പരിഗണിക്കാമെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ഇതിനിടയില്‍ മെഡിക്കല്‍ കോളേജ് പരിസരത്ത് നിന്നുള്ള വിശ്വനാഥന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
കേസിൽ പ്രത്യേക അന്വേഷണ സംഘം തലവന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ സുദര്‍ശന്റെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. ആദ്യഘട്ടത്തില്‍ അമ്മയുടെയും സഹോദരന്റെയും മൊഴിയാണ് രേഖപ്പെടുത്തിയത്. ബുധനാഴ്ച സ്ഥലത്തെത്തിയ എസ്.സി-എസ്.ടി കമ്മീഷന് കുഞ്ഞിന്റെ ആരോഗ്യനില കണക്കിലെടുത്ത് വിശ്വനാഥന്റെ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
ഇതേത്തുടര്‍ന്ന് ഭാര്യയും കുഞ്ഞും നിലവില്‍ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണുള്ളത്. ആശുപത്രിയില്‍ വച്ച് അന്വേഷണസംഘം ഭാര്യയുടെ മൊഴി രേഖപ്പെടുത്തുമെന്നാണ് വ്യക്തമായിരിക്കുന്നത്. തുടർന്ന് മറ്റൊരു സഹോദരന്റെ കൂടെ മൊഴി രേഖപ്പെടുത്തും. ഇതിന് ശേഷം അന്വേഷണസംഘത്തിന്റെ ഭാഗത്ത് നിന്നും ഔദ്യോഗികമായ പ്രതികരണം ഉണ്ടാകുമെന്നാണ് കരുതുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.