• HOME
 • »
 • NEWS
 • »
 • kerala
 • »
 • KRail | കേരളം കുതിക്കാൻ കെറെയിലിന് ആകെയുള്ള 23 സെന്‍റും രണ്ട് വീടും വിട്ട് നല്‍കി യുവാവ്

KRail | കേരളം കുതിക്കാൻ കെറെയിലിന് ആകെയുള്ള 23 സെന്‍റും രണ്ട് വീടും വിട്ട് നല്‍കി യുവാവ്

ദേശീയപാത വികസനം പല വെല്ലുവിളികളും അതിജീവിച്ചാണ് പ്രാവര്‍ത്തികമായത്. അതുപോലെ കെ റെയിലും സാധ്യമാകുമെന്നും സജില്‍ പറയുന്നു

 • Last Updated :
 • Share this:
  കെറെയില്‍ സില്‍വര്‍ലൈന്‍ (K-RAIL SILVERLINE) പദ്ധതിക്കെതിരെ സംസ്ഥാനമൊട്ടാകെ പ്രതിഷേധം കനക്കുന്നതിനിടെ പദ്ധതിയ്ക്കായി സ്ഥലം വിട്ടു നല്‍കാന്‍ തയാറായി യുവാവും കുടുംബവും. എറണാകുളം ജില്ലയിലെ തിരുവാണിയൂര്‍ ഗ്രാമപഞ്ചായത്ത് മാമല മുരിയമംഗലം സ്വദേശിയായ മോളത്ത് വീട്ടില്‍ സജിലും പിതാവ് ശിവനുമാണ് തങ്ങളുടെ ആകെയുള്ള സമ്പാദ്യമായ 23 സ്ഥലവും രണ്ട് വീടും കെറെയില്‍ പദ്ധതിക്കായി വിട്ടുനല്‍കുന്നത്. കേരളം പിന്നോട്ടല്ല മുന്നോട്ട് പോകണമെന്ന അഭിപ്രായമാണ് സജിലിനും കുടുംബത്തിനുമുള്ളത്. തീരുമാനത്തിന് അമ്മയുടേയും ഭാര്യയുടെയും പൂര്‍ണ പിന്തുണയാണുള്ളത്.

  ജനിച്ച് വളര്‍ന്ന വീടും സ്ഥലവുമാണ്. വിട്ടുനല്‌‍കാന്‍ വിഷമമുണ്ട്. എങ്കിലും നാടിന് ഗുണമുള്ള പദ്ധതിയല്ലേ. ദേശീയപാത വികസനം പല വെല്ലുവിളികളും അതിജീവിച്ചാണ് പ്രാവര്‍ത്തികമായത്. അതുപോലെ കെ റെയിലും സാധ്യമാകുമെന്നും സജില്‍ പറയുന്നു. നഷ്ടപരിഹാര പാക്കേജിനേക്കുറിച്ച് സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്. അതുകൊണ്ടുതന്നെ പ്രതിഷേധിക്കേണ്ട കാര്യമില്ലെനും സജില്‍ പ്രതികരിക്കുന്നു. ഏതാനു അയല്‍വാസികളും ഇവരുടെ നിലപാടിനോട് ചേര്‍ന്ന് സ്ഥലം വിട്ടുനല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

  അതേസമയം, പദ്ധതിക്കെതിരെ സംസ്ഥാനത്തിന്‍റെ പലയിടങ്ങളിലും പ്രതിഷേധം കനക്കുകയാണ്. ഒരു കാരണവശാലും പദ്ധതിയില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് മുഖ്യമന്ത്രിയും സര്‍ക്കാരും വ്യക്തമാക്കി കഴിഞ്ഞു. സര്‍വേ കല്ല് ഇടുന്നതുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടായ കോട്ടയം മാടപ്പള്ളിയില്‍ ഇന്നലെ സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ച് ചേര്‍ത്തിരുന്നു.

  സമരങ്ങൾക്കു പിന്നിൽ അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ട് ആണ് ഉള്ളത് എന്ന് ഇടതുമുന്നണി കൺവീനർ എ വിജയരാഘവൻ ആരോപിച്ചു.സമരരംഗത്ത് നിൽക്കുന്ന കോൺഗ്രസിനെ വലിയ രീതിയിൽ പരിഹസിച്ചു കൊണ്ടാണ് ഈ വിജയരാഘവൻ സംസാരിച്ചത്. അരി കഴുകുന്നത് കോൺഗ്രസ്, വെള്ളം വയ്ക്കുന്നത് ബിജെപി,  അടുപ്പ് കൂട്ടുന്നത് എസ്ഡിപിഐ, തീ കത്തിക്കുന്നത് ജമാഅത്തെ ഇസ്ലാമി  എന്നതാണ് സമരത്തിൽ കാണുന്നത് എന്ന് എ. വിജയരാഘവൻ ആരോപിച്ചു.

  വിവിധ സംസ്ഥാനങ്ങളിലുണ്ടായ തെരഞ്ഞെടുപ്പ് തോൽവിയുടെ ജാള്യത മറച്ചുവെക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് വിജയരാഘവൻ ആരോപിച്ചു. ഞങ്ങൾ ജീവിച്ചിരിപ്പുണ്ട് എന്ന് കാണിക്കാൻ വേണ്ടിയാണ് കോൺഗ്രസ് സമരം നടത്തുന്നത്. എന്നാൽ ഇടതുപക്ഷത്തെ പോലെ സമരം ചെയ്യാൻ കോൺഗ്രസ് വളർന്നിട്ടില്ല എന്ന് വ്യക്തമാക്കുകയാണ് പ്രസംഗത്തിൽ വിജയരാഘവൻ ചെയ്തത്.

  ലോകം അവസാനിക്കുന്നതുവരെ കമ്മ്യൂണിസ്റ്റുകാരെ  സമരം ചെയ്തു തോൽപ്പിക്കാൻ കഴിയുന്ന ഒരു കോൺഗ്രസ്സുകാരും കേരളത്തിൽ ജീവിച്ചിരിപ്പില്ല എന്ന് എ വിജയരാഘവൻ അവകാശപ്പെട്ടു.

  സംസ്ഥാനത്തെ വളരെ മുന്നോട്ടു നയിക്കുന്ന പദ്ധതിയാണ് സിൽവർ ലൈൻ പദ്ധതി എന്ന് വിജയരാഘവൻ ചൂണ്ടിക്കാട്ടി. എന്നാൽ ഒരു കാലത്ത് ഇടതുമുന്നണി വികസനത്തിന് എതിരാണ് എന്ന് വരുത്തിതീർക്കാൻ ബോധപൂർവമായ ശ്രമം ഉണ്ടായി. കമ്പ്യൂട്ടറിനെ എതിർത്തവർ അല്ലേ നിങ്ങൾ എന്നായിരുന്നു പ്രധാനപ്പെട്ട ചോദ്യം. നിങ്ങൾ ട്രാക്ടറിനെ എതിർത്തില്ലെ എന്നും ഇപ്പോൾ നേതാക്കൾ ചോദിക്കുന്നു.യന്ത്രവൽക്കരണത്തെ എതിർത്തില്ലെ എന്നും പല നേതാക്കളും ചോദിക്കുന്നുണ്ട് എന്നാൽ ഇത്തരം ആരോപണങ്ങൾ കള്ളമാണ് എന്ന് വിജയരാഘവൻ പറഞ്ഞു.

  കാലാനുസൃതമായ വികസനത്തെ സ്വീകരിക്കുന്ന നടപടിയാണ് എല്ലാകാലത്തും ഇടതുമുന്നണി സ്വീകരിച്ചിട്ടുള്ളത്. കമ്പ്യൂട്ടറിനെ എതിർക്കുകയല്ല ഇടതുമുന്നണി ചെയ്തത് എന്നാണ് വിജയരാഘവൻ ചൂണ്ടിക്കാട്ടുന്നത്. പകരം കമ്പ്യൂട്ടർ വന്നാൽ ഉണ്ടാകുന്ന തൊഴിൽ നഷ്ടം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഇടതുമുന്നണി അക്കാലങ്ങളിൽ സമരങ്ങൾ നടത്തിയത് എന്നാണ് വിജയരാഘവൻ പറയുന്നത്.

  ഏതായാലും മാടപ്പള്ളി തെങ്ങണയിൽ ആദ്യ രാഷ്ട്രീയ വിശദീകരണയോഗം നടത്തി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ ആണ് ഇടതുമുന്നണിയുടെ ശ്രമം. മറ്റു സ്ഥലങ്ങളിൽ സംഘർഷം ഉണ്ടായാൽ ഇത്തരം കേന്ദ്രങ്ങളിലും രാഷ്ട്രീയ വിശദീകരണയോഗം നടത്താൻ ഇടതുമുന്നണി ശ്രമിക്കും. മന്ത്രി വി എൻ വാസവൻ ഉൾപ്പെടെയുള്ള ജില്ലയിലെ നേതാക്കളും യോഗത്തിൽ പങ്കെടുത്തു.
  Published by:Arun krishna
  First published: