• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഗുരുവായൂരില്‍ നിന്ന് ദര്‍ശനം കഴിഞ്ഞ് മടങ്ങിയ കുടുംബത്തിന്റെ കാറും ലോറിയും കൂട്ടിയിടിച്ചു; മുത്തശ്ശിയും പേരക്കുട്ടിയും മരിച്ചു

ഗുരുവായൂരില്‍ നിന്ന് ദര്‍ശനം കഴിഞ്ഞ് മടങ്ങിയ കുടുംബത്തിന്റെ കാറും ലോറിയും കൂട്ടിയിടിച്ചു; മുത്തശ്ശിയും പേരക്കുട്ടിയും മരിച്ചു

ജാനകിക്ക് തുലാഭാരം നടത്താനായി കഴിഞ്ഞ ശനിയാഴ്ചയാണ് രണ്ട് കാറുകളിലായി കുടുംബം ഗുരുവായൂരിലേക്ക് പോയത്

  • Last Updated :
  • Share this:
    ഗുരുവായൂരിൽ നിന്ന് ക്ഷേത്രദർശനം കഴിഞ്ഞു  മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചു പേരക്കുട്ടിയും മുത്തശ്ശിയും മരിച്ചു. അപകടത്തില്‍ 3 പേർക്ക് പരുക്കേറ്റു. കാർ യാത്രക്കാരായ തിരുവനന്തപുരം പേട്ട തുലയിൽ വീട്ടിൽ കൃഷ്ണകുമാരി (85), ചെറുമകളുടെ മകൾ ജാനകി(3) എന്നിവരാണ് മരിച്ചത്.

    കൃഷ്ണകുമാരിയുടെ മകൻ  ജയദേവൻ (61), ഭാര്യ ഷീബ (54), ഇവരുടെ മകൾ കൃഷ്ണഗാഥ (33) എന്നിവർക്കു സാരമായി പരുക്കേറ്റു. കൃഷ്ണഗാഥയുടെയും ആർക്കിടെക്ട് ആയ ചാത്തന്നൂർ ചൂരപ്പൊയ്ക ഗംഗോത്രിയിൽ സുധീഷിന്റെയും ഏക മകളാണ് ജാനകി.

    ജാനകിക്ക് തുലാഭാരം നടത്താനായി കഴിഞ്ഞ ശനിയാഴ്ചയാണ് രണ്ട് കാറുകളിലായി കൃഷ്ണകുമാരിയും മകന്‍ റിട്ട. സബ് രജിസ്ട്രാര്‍ ജയദേവനും ഭാര്യ ഷീബയും കുടുംബാംഗങ്ങളും തിരുവനന്തപുരത്തുനിന്ന് യാത്രതിരിച്ചത്.

    ചടങ്ങുകള്‍ക്കുശേഷം തിങ്കളാഴ്ച രാവിലെ ഗുരുവായൂരില്‍നിന്ന് ഇവര്‍ എറണാകുളത്ത് എത്തി. ഷോപ്പിങ്ങിനുശേഷം രാത്രി ഒന്‍പതുമണിയോടെയാണ് തിരുവനന്തപുരത്തേക്ക് തിരിച്ചത്

    തിരുവനന്തപുരം വഴുതയ്ക്കാട് ഉദാരശിരോമണി റോഡിൽ ഈഗോ ഡിസൈൻസ് എന്ന സ്ഥാപനത്തിന്‍റെ ഉടമയാണ് സുധീഷ്. നിസ്സാര പരുക്കേറ്റ ലോറി ഡ്രൈവർ തൃശൂർ ചേലക്കര സ്വദേശി സജിത്തിന് (28) പ്രഥമ ശുശ്രൂഷ നൽകി. ഇയാൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു ശക്തികുളങ്ങര പോലീസ് കേസെടുത്തു.

    ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ ബൈപാസ് റോഡിൽ കാവനാട് മുക്കാട് പാലത്തിലാണ് അപകടം. ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങുകയായിരുന്നു കുടുംബം. സുധീഷും മാതാപിതാക്കളും മറ്റൊരു കാറിൽ ഇവർക്കു പിന്നിലായിരുന്നു.

    ജയദേവനാണ് അപകടത്തിൽപ്പെട്ട കാർ ഓടിച്ചിരുന്നത്. കാറിന്റെ മുൻവശം പൂർണമായി തകർന്നു. മുൻ സീറ്റിൽ കുടുങ്ങിയ കൃഷ്ണകുമാരിയെ അഗ്നിശമന സേന വാഹനം പൊളിച്ചു നീക്കിയാണു പുറത്തെടുത്തത്. ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരിച്ചു.

    മേവറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജാനകി ചൊവ്വാഴ്ച രാവിലെ 7 നും മരിച്ചു. കൃഷ്ണകുമാരിയുടെ സംസ്കാരം ഇന്നു തിരുവനന്തപുരത്തു നടക്കും. ജാനകിയുടെ മൃതദേഹം സുധീഷിന്റെ ചാത്തന്നൂരിലെ കുടുംബ വീട്ടുവളപ്പിൽ സംസ്കരിക്കും.
    Published by:Arun krishna
    First published: