• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'സർക്കാർ പ്രഖ്യാപിച്ച സഹായം കിട്ടിയില്ല; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വാങ്ങാൻ പോകാനുള്ള കാശില്ല': മരിച്ച വിശ്വനാഥന്റെ കുടുംബം

'സർക്കാർ പ്രഖ്യാപിച്ച സഹായം കിട്ടിയില്ല; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വാങ്ങാൻ പോകാനുള്ള കാശില്ല': മരിച്ച വിശ്വനാഥന്റെ കുടുംബം

ഏകവരുമാന മാർഗമായിരുന്ന വിശ്വനാഥന്റെ മരണത്തോടെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്

  • Share this:

    കൽപ്പറ്റ: മോഷ്ടാവെന്ന് ആരോപണം നേരിട്ടതിന് പിന്നാലെ കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്ത് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട കൽപറ്റ വെള്ളാരംകുന്ന് അഡ്‌ലേഡ് പാറവയൽ ആദിവാസി കോളനിയിലെ വിശ്വനാഥന്റെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന് ആക്ഷേപം. രണ്ട് ലക്ഷം രൂപ ധനസഹായമായി അനുവദിച്ചെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പ്രഖ്യാപിച്ചിരുന്നു. കോഴിക്കോട് പോയി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വാങ്ങാൻ പോലും കൈയിൽ പണമില്ലാത്ത അവസ്ഥയിലാണ് കുടുബം.

    ഭാര്യയുടെ കടിഞ്ഞൂൽ പ്രസവത്തിന് ആശുപത്രിയിൽ കൂട്ടിരിക്കാൻ പോയപ്പോഴായിരുന്നു ദാരുണസംഭവം. ഏകവരുമാന മാർഗമായിരുന്ന വിശ്വനാഥന്റെ മരണത്തോടെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.

    ”ദിവസവും കൂലിപ്പണിക്ക് പോയാലേ അരി വാങ്ങാൻ കഴിയൂ. കോഴിക്കോട് പോകാൻ വണ്ടിക്കൂലിയില്ലാത്തതിനാലാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വാങ്ങാൻ കഴിയാത്തത്. കുടുംബത്തിന് രണ്ട് ലക്ഷം രൂപ സർക്കാർ അനുവദിച്ചുവെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. പിന്നെ വിവരമൊന്നും ലഭിച്ചിട്ടില്ല”- സഹോദരൻ വിനോദിനെ ഉദ്ധരിച്ച് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

    Also Read- LPG Price| ഗാർഹിക സിലിണ്ടറിന് 50 രൂപയും വാണിജ്യ സിലിണ്ടറിന് 351 രൂപയും വർധിപ്പിച്ചു; പുതിയ വില പ്രാബല്യത്തിൽ

    ഫെബ്രുവരി 10നാണ് വിശ്വനാഥൻ മരിച്ചത്. 18 ദിവസം കഴിഞ്ഞിട്ടും കുടുംബത്തിന് നൽകേണ്ട ധനസഹായം ലഭിച്ചിട്ടില്ല. മരണത്തെ കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും കുടുംബത്തിന് ഇതു സംബന്ധിച്ച് കൂടുതൽ വിവരമൊന്നും അറിയില്ല. വിശ്വനാഥനൊപ്പം മെഡിക്കൽ കോളജിലുണ്ടായിരുന്ന ഭാര്യയുടെ അമ്മ ലീലയുടെ മൊഴി പട്ടികവർഗ കമ്മീഷൻ ഉൾപ്പെടെ എടുത്തിരുന്നു. അതിൽ സെക്യൂരിറ്റി ജീവനക്കാരുടെ പങ്കും പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ ഉണ്ടായ അനുഭവവും വിശദീകരിച്ചിരുന്നു.

    വിശ്വനാഥന്റെ മരണം കൊലപാതകമാണെന്ന ആരോപണത്തിൽ കുടുംബം ഇപ്പോഴും ഉറച്ച് നിൽക്കുകയാണ്. വിവാഹം കഴിഞ്ഞ് എട്ട് വർഷത്തിന് ശേഷം കുഞ്ഞുണ്ടായതിന്റെ സന്തോഷത്തിലായിരുന്ന വിശ്വനാഥൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം പറയുന്നത്. എന്നാൽ, ആൾക്കൂട്ട മർദനം തെളിയിക്കുന്ന വിധത്തിലുള്ള മുറിവുകളോ പാടുകളോ ഒന്നും ശരീരത്തിൽ കണ്ടെത്തിയിട്ടില്ല എന്നാണ് ഫോറൻസിക് സർജന്റെ മൊഴി. വിശ്വനാഥന്റെ ശരീരത്തിൽ ആറ് മുറിവുകളുണ്ടായിരുന്നു. അത് ആത്മഹത്യ ചെയ്യാൻ കയറിയ മരത്തിൽ ഉരഞ്ഞ് ഉണ്ടായതാണെന്നാണ് ഡോക്ടറുടെ കണ്ടെത്തൽ.

    Published by:Rajesh V
    First published: