• HOME
 • »
 • NEWS
 • »
 • kerala
 • »
 • Dr. Joy Philip | കേരളത്തിലെ പ്രമുഖ വാതരോഗ വിദഗ്ദനായ ഡോ.ജോയ് ഫിലിപ്പ് അന്തരിച്ചു

Dr. Joy Philip | കേരളത്തിലെ പ്രമുഖ വാതരോഗ വിദഗ്ദനായ ഡോ.ജോയ് ഫിലിപ്പ് അന്തരിച്ചു

അധ്യാപകന്‍, പ്രഭാഷകന്‍ എന്നി നിലകളില്‍ പ്രഗല്‍ഭനായ അദ്ദേഹം കേരളത്തിലെ ഏറ്റവും മികച്ച വാതരോഗ വിദ്ഗദനായാണ് അറിയപ്പെട്ടിരുന്നത്.

 • Share this:
  പ്രമുഖ വാതരോഗ വിദഗ്ദനായ ഡോ.ജോയ് ഫിലിപ്പ് (74) അന്തരിച്ചു.  തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജനറല്‍ മെഡിസിന്‍ വിഭാഗം മേധാവി, ശ്രീ ഉത്രാടം തിരുനാള്‍ അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സ് പ്രിന്‍സിപ്പല്‍ എന്നി പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവന്തപുരം മെഡിക്കല്‍ കോളേജിലെ 1965 എംബിബിഎസ് ബാച്ചിലെ മികച്ച ഔട്ട്സ്റ്റാൻഡിങ് സ്റ്റുഡന്റായിരുന്നു അദ്ദേഹം.സംസ്ക്കാരം വ്യാഴാഴ്ച.

  പരേതയായ ഡോ.ജിലി തേരസയാണ് ഭാര്യ (ഫാർമക്കോളജി). മകന്‍ ഡോ. കിരണ്‍ അമേരിക്കയില്‍ ഡോക്ടറാണ്. മകള്‍ ഡോ.ദീപ സൂസൻ ഫിലിപ്പ് തിരുവനന്തപുരം ആര്‍സിസിയിലെ ഓങ്കോളജിസ്റ്റായി പ്രവര്‍ത്തിക്കുന്നു.

  അതിശയകമായ വാക്ചാതുരിയാണ് മറ്റ് മെഡിക്കല്‍ അധ്യാപകരില്‍ നിന്ന് ഡോ.ജോയ് ഫിലിപ്പിനെ വ്യത്യസ്തനാക്കിയത്.പൊതുവെ കഠിനമായ മെഡിക്കല്‍ പാഠങ്ങള്‍ രസകരമായ സംഭവങ്ങളിലൂടെ പഠിപ്പിക്കുന്നതിലൂടെ അദ്ദേഹം വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രിയപ്പെട്ട അധ്യാപകനായി. ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതായിരുന്നു ഡോ.ജോയ് ഫിലിപ്പിന്‍റെ ക്ലാസുകളെന്ന് വിദ്യാര്‍ഥികള്‍ ഇന്നും ഓര്‍ക്കുന്നു.

  അദ്ദേഹത്തിന്റെ വിദ്യാർത്ഥിയും തിരുവനന്തപുരം ശ്രീചിത്ര തിരുന്നാൾ ഇൻസ്റ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ ന്യൂറോളജി പ്രൊഫസറുമായ ഡോ.ശ്യാം കൃഷ്ണൻ എഴുതിയ കുറിപ്പ്.

  "കാഷ്വാൽറ്റിയിൽ നൈറ്റ് ഡ്യൂട്ടി എടുക്കുമ്പോ വരുന്ന പേഷ്യന്റിന്റെ പൾസും ബി.പി. യും എടുക്കുന്നതിന്റെ കൂടെ ഒരു വിഷ്വൽ ഇൻസ്പെക്ഷൻ വഴി ബൈ സ്റ്റാൻഡേഴ്സിന്റെ തൈ (thigh) ഇൻഡെക്സും വീരപ്പോയ്ഡ് ഇൻഡക്സും കൂടെ മെഷർ ചെയ്യണം. വീരപ്പോയ്ഡ് ഇൻഡക്സ് എന്ന് പറഞ്ഞാൽ നമ്മുടെ വീരപ്പനുമായി (വീരപ്പൻ ആരായിരുന്നെന്ന് ഇപ്പഴത്തെ തലമുറയ്ക് അറിയാമോ എന്തോ!) മുഖത്തിന്റെ അപ്പിയറൻസിലും ഭാവത്തിലും ഉള്ള സാമ്യത്തിന്റെ ശതമാനക്കണക്കാണ്. തൈ ഇൻഡക്സ് എന്നു പറഞ്ഞാ മാട്ടിക്കുത്തിയ മുണ്ടിന് താഴെ തൈയുടെ (തുട) എത്ര ശതമാനം കാണാം എന്നുള്ളത്. വീരപ്പോയ്ഡ് ഇൻഡക്സ് 40% ത്തിൽ കൂടുതലോ തൈ ഇൻഡക്സ് 10% ത്തിൽ കൂടുതലോ ആണേൽ വളരെ ശ്രദ്ധിക്കണം. സൂക്ഷിച്ചില്ലേൽ അടി കിട്ടും ! വീരപ്പോയ്ഡ് ഇൻഡക്സിനെക്കാൾ വളരെ സ്പെസിഫിക് ആണ് തൈ ഇൻഡക്സ് . വീരപ്പോയ്ഡ് ഇൻഡക്സ് ചിലപ്പോ തെറ്റാം. ചില കപ്പടാമീശക്കാർ ഒക്കെ പരമസാധുക്കളാണ് !"   

  ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഇത്തരം നറേറ്റീവുകളായിരുന്നു ജോയ് ഫിലിപ് സാറിന്റെ മുഖമുദ്ര. ശരിക്കും ഈ ലോകത്തിൽ മറ്റുള്ളവരെ കരയിക്കുവാനും ഭീതിപ്പെടുത്താനും എളുപ്പമാണ്. ചിരിപ്പിക്കാനാണ് പ്രയാസം. കാമ്പുള്ളവയും സഭ്യമായവയുമായ തമാശകൾ പറഞ്ഞ് മറ്റുള്ളവരെ ചിരിപ്പിക്കണമെങ്കിൽ അസാമാന്യ ധിഷണയും വേണം. അത്തരം തമാശകളിൽ കൂടിയും ഉദാഹരണങ്ങളിൽ കൂടിയുമുള്ള ഒരു രസകരമായ ഒരു യാത്രയായിരുന്നു സാറിന്റെ ഓരോ ക്ലാസും.   

  ഇതാ മറ്റൊരു ഉദാഹരണം... ഞങ്ങൾ പി.ജി. ചെയ്തിരുന്ന കാലഘട്ടത്തിൽ - 2001-ലോ മറ്റോ ആണ് എന്നു തോന്നുന്നു, ആന്ത്രാക്സിന്റെ ഒരു outbreak എവിടെയോ ഉണ്ടായത്. അന്ത്രാക്സിന്റെ സ്പോറുകളെ (spores) ബയോളജിക്കൽ വെപ്പൺ ആയി ഉപയോഗിക്കുന്നതിനെ പറ്റി പഠിപ്പിക്കുമ്പോൾ ഉള്ള ഒരു കമന്റ് " കഴിഞ്ഞ ദിവസം എനിക്ക് പോസ്റ്റിൽ ഒരു എൻവലപ് വന്നു. തുറന്നപ്പോൾ ഒരു വെള്ള പൊടിയും ഒറ്റ വാചകം എഴുതിയ ഒരു പേപ്പറും... പേപ്പറിലെ വാചകം ഇതാണ് : 'സ്നേഹപൂർവം ലാദനേട്ടൻ'. എന്നെ പേടിപ്പിക്കാൻ ആരോ അയച്ചതാണ്. കുട്ടിക്യൂറാ പൗഡറിന്റെ മണം എനിക്ക് അറിയാൻ പാടില്ലാന്നാണ് ആ വിവരദോഷി ധരിച്ചു വച്ചിരുന്നത് എന്ന് തോന്നുന്നു !" (ആന്ത്രാക്സ് സ്പോറുകളെ പാഴ്സലാക്കി ശത്രുക്കൾക്ക് അയച്ച് കൊടുക്കുന്നതിനെ പറ്റി ചില വാർത്തകൾ / വ്യാജ വാർത്തകൾ അന്ന് വ്യാപകമായി പ്രചരിച്ചിരുന്നു - പത്രങ്ങളിലും മറ്റും. അന്ന് സോഷ്യൽ മീഡിയ ഒന്നും ഇല്ല.)   

  ഒഴിഞ്ഞ ബോൾ പെൻ റീഫില്ലുകളും തീപ്പെട്ടിക്കൊള്ളിയും ഒക്കെ സാറിന്റെ പലക്ലാസുകളിലെയും അവിഭാജ്യ ഘടകങ്ങളായിരുന്നു. ഇമ്യൂണോഗ്ലോബുലിൻ ലൈറ്റ് ചെയ്നും മേജർ ഹിസ്റ്റോ കോംപാറ്റിബിലിറ്റി കോംപ്ലക്സും ഒക്കെ അവയിലൂടെ ശിഷ്യഗണങ്ങളുടെ മുൻപിൽ പുനർജനിച്ചു. രസകരമായ സാറിന്റെ ക്ലാസുകളിൽ പഠിച്ചത് പലതും ഇന്നും മറന്നിട്ടില്ല....  "Still described Still's disease when Still was still a student"  മാർഫാൻസ് സിൻഡ്രോമും അയോർട്ടിക് വാൽവിന് ലീക്കും ഉണ്ടായിരുന്ന ഏബ്രഹാം ലിങ്കണ് തത്ഫലമായി തലയ്ക്ക് ചെറിയ ഇളക്കം ഉണ്ടായിരുന്നതായും അതുകൊണ്ട് അദ്ദേഹത്തിന്റെ ഒരു ഫോട്ടോയ്ക്കും ക്ലാരിറ്റി ഉണ്ടായിരുന്നില്ല എന്നതും തൊട്ട്, ദുര്യോധനന് എക്ടോപിക് ടെസ്റ്റിസ് (ectopic testis) ഉണ്ടായിരുന്നിരിക്കാം എന്നും അതിനാലാണ് അകം തുടയ്ക്ക് കിട്ടിയ അടി മാരകമായി തീർന്നത് എന്നും വരെയുള്ള എത്രയെത്ര കൗതുകകരമായ നുറുങ്ങ് വിവരങ്ങൾ!   

  ഈ ചിത്രത്തിൽ കാണുന്ന അതേ മനോഹരമായ ചിരി ഇല്ലാതെ സാറിനെ കണ്ടിട്ടേ ഇല്ല. കടുത്ത ദൈവ വിശ്വാസി ആയിരുന്നു സാർ. അതായിരിക്കാം പ്രിയ സഹധർമിണിയുടെ അകാല വിയോഗമുൾപ്പടെ ജീവിതത്തിൽ ഉണ്ടായ അനവധി അഗ്നി പരീക്ഷണങ്ങളെ നേരിടാൻ സാറിനെ പര്യാപ്തനാക്കിയത്.  തിരുവനന്തപുരം മെഡിക്കൽ കോളജിലെ എന്റെ ജനറൽ മെഡിസിൻ പി.ജി. (എം. ഡി) കാലഘട്ടത്തിൽ വകുപ്പു മേധാവിയും ഞങ്ങളുടെ പരീക്ഷയ്ക്ക് പ്രധാന പരീക്ഷകനും ആയിരുന്നു സാർ. ആ വർഷം തന്നെ സാർ റിട്ടയർ ചെയ്തു എന്നാണ് ഓർമ. അതിന് ശേഷം ഒന്നോ രണ്ടോ തവണയേ സാറിനെ കണ്ടിട്ടുള്ളു.   

  സാർ സ്ഥിരമായി ക്വോട്ട് ചെയ്യുന്ന ഒരു വാചകം ഉണ്ട്. വില്യം ഓസ്ലറുടെ ആണ് എന്ന് തോന്നുന്നു... (ഉറപ്പില്ല; മറ്റു ചില പാശ്ചാത്യ വൈദ്യ വിദഗ്ദ്ധരുടെ പേരിലും ഇതേ quote കണ്ടിട്ടുണ്ട് )

  "The aim of medical sciences is to cure sometimes, but whenever you can ; relieve almost always ; and comfort and console always.."

  (സാധിക്കുമ്പോഴൊക്കെ [ എല്ലായ്പോഴും പറ്റണമെന്നില്ലല്ലോ ! ] ഭേദമാക്കുക, ഏതാണ്ട് എല്ലായ്പോഴും തന്നെ ആശ്വാസം ഏകുക, എല്ലായ്പോഴും സാന്ത്വനം ഏകുക... ഇതാവണം ഓരോ മെഡിക്കൽ പ്രഫഷണലിന്റെയും ലക്ഷ്യം )  ക്ഷിപ്രകോപികളും ഉഗ്രശാസനന്മാരുമായ ഭൂരിപക്ഷം മറ്റ് മെഡിക്കൽ അധ്യാപകരുടെ ഇടയിൽ ഒരു കുളിർ കാറ്റുപോലെയുള്ള സ്നേഹസ്പർശമായിരുന്നു ജോയ് ഫിലിപ് സാർ.  പ്രിയ ഗുരുനാഥന് ആദരാഞ്ജലികൾ!

  Published by:Arun krishna
  First published: