പ്രശസ്ത എഴുത്തുകാരനും മലയാളം അധ്യാപകനുമായ ഡോക്ടർ. എസ്.വി. വേണുഗോപൻ നായർ (77) അന്തരിച്ചു. വാർദ്ധക്യസഹജമായ സുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് വെളുപ്പിന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സാധാരണക്കാരന്റെ വ്യവഹാര ഭാഷയിൽ കഥകളെഴുതിയ എഴുത്തുകാരനായിരുന്നു അദ്ദേഹം.
കുളത്തൂർ (നെയ്യാറ്റിൻകര) ഹൈസ്‌കൂളിലും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലുമായിരുന്നു പഠനം. മലയാള സാഹിത്യത്തിൽ എം. എ., എം. ഫിൽ., പിഎച്ച്.ഡി ബിരുദങ്ങൾ നേടി. 1965 മുതൽ കോളജ് അധ്യാപകനായി. നാഗർകോവിൽ സ്‌കോട്ട് ക്രിസ്‌റ്റ്യൻ കോളജിലും മഞ്ചേരി, നിലമേൽ, ധനുവച്ചപുരം, ഒറ്റപ്പാലം, ചേർത്തല എന്നീ എൻ. എസ്. എസ്. എന്നീ കോളേജുകളിലും അധ്യാപകനായി ജോലി ചെയ്തിരുന്നു.നിരവധി കോളേജുകളിൽ പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് , ഇടശ്ശേരി പുരസ്കാരം, അബുദാബി ശക്തി പുരസ്കാരം , പത്മരാജൻ പുരസ്കാരം എന്നിങ്ങനെ നിരവധി അവാർഡുകൾ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.
ആദിശേഷൻ , ഗർഭശ്രീമാൻ, മൃതിതാളം, രേഖയില്ലാത്ത ഒരാൾ, തിക്‌തം തീക്ഷ്‌ണം തിമിരം, ഭൂമിപുത്രന്റെ വഴി, ഒറ്റപ്പാലം കഥകളതിസാദരം, എന്റെ പരദൈവങ്ങൾ എന്നീ കഥാ സമാഹാരങ്ങളും, വാത്സല്യം സി. വി. യുടെ ആഖ്യായികകളിൽ എന്ന പഠന ഗ്രന്ഥവും പ്രധാന കൃതികളാണ്.
സൗ സുയേ-ജിൻ (Cao Xueqin) രചിച്ച ചൈനീസ് ഗ്രന്ഥമായ ഹങ് ലൗ മെങ് അദ്ദേഹം ചുവന്ന അകത്തളത്തിന്റെ കിനാവ് എന്ന പേരിൽ മലയാളത്തിലേയ്ക്ക് തർജ്ജമ ചെയ്തിട്ടുണ്ട്.
രേഖയില്ലാത്ത ഒരാൾ’ ഇടശ്ശേരി അവാർഡിനും (1984) ‘ഭൂമിപുത്രന്റെ വഴി’ കേരള സാഹിത്യ അക്കാദമി അവാർഡിനും (1990) അർഹമായി. ഡോ. കെ. എം. ജോർജ് അവാർഡ് ട്രസ്‌റ്റിന്റെ ഗവേഷണപുരസ്‌കാരവും (1995) ലഭിച്ചു. കേരള സാഹിത്യ അക്കാദമി നിർവാഹകസമിതി അംഗമായിരുന്നു.
നെയ്യാറ്റിൻകര കാരോട് ദേശത്ത് 1945 ഏപ്രിൽ 18 നായിരുന്നു ജനനം. അധ്യാപകനായ പി.സദാശിവൻ തമ്പിയും ജെ.വി. വിശാലാക്ഷിയമ്മയുമാണ് മാതാപിതാക്കള്‍. ഭാര്യ വത്സല. മൂന്ന് മക്കൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Obit