• HOME
  • »
  • NEWS
  • »
  • kerala
  • »
  • എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കുന്നത് ഫാസിസം; M S F വേദിയില്‍ ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ഫാത്തിമ തഹ്ലിയ

എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കുന്നത് ഫാസിസം; M S F വേദിയില്‍ ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ഫാത്തിമ തഹ്ലിയ

പാര്‍ട്ടിയില്‍ ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാവണം. അതിന് ഉത്തരവും ലഭിക്കണം. പകുതിയോളം വനിതകള്‍ പങ്കെടുത്ത പരിപാടിയില്‍ ഫാത്തിമ തഹ്ലിയ ചോദ്യം ചോദിച്ചു കൊണ്ടേയിരിക്കണമെന്ന് പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു

  • Share this:
    കോഴിക്കോട്: എം.എസ്.എഫ്(msf) വേദിയില്‍ ലീഗ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് മുന്‍ ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തഹ്ലിയ.(Fatima Tahliya) വിരുദ്ധാഭിപ്രായം പറയുന്നവരെ പാര്‍ട്ടിയില്‍ പിന്നെ കാണാതാവുകയാണ്. ഇത് ഫാസിസമാണ്. ലീഗിലെ(iuml) മുന്‍കാല നേതാക്കള്‍ വിരുദ്ധാഭിപ്രായമുള്ളവരെ ചേര്‍ത്തുനിര്‍ത്തിയിരുന്നവരായിരുന്നുവെന്നും ഫാത്തിമ സഹ്ലിയ പറഞ്ഞു.

    കോഴിക്കോട് ലീഗ് ഹൗസില്‍ എം.എസ്.എഫ് സ്റ്റുഡന്റ്സ് പാര്‍ലിമെന്റിലായിരുന്നു ഫാത്തിമ തഹ്ലിയയുടെ വിമര്‍ശനം. സെഷനില്‍ പ്രസംഗിക്കാനെത്തിയ ഫാത്തിമ തഹ്ലിയ പാര്‍ട്ടിയിലെ ജനാധിപത്യവിരുദ്ധതക്കെതിരെ വിരല്‍ചൂണ്ടി. ലീഗിലെ മുന്‍കാല നേതാക്കള്‍ എതിരഭിപ്രായമുള്ളവരെ ചേര്‍ത്തുനിര്‍ത്തിയിരുന്നു. ഇപ്പോള്‍ വിരുദ്ധാഭിപ്രായങ്ങള്‍ പറയുന്നവരെ സംഘടനയില്‍ പിന്നെ കാണാതാവുന്നു. ഇത് ഫാസിസമാണ്.

    'ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം മുസ്ലിം ലീഗ് പിരിച്ചുവിടാനായി നേതാക്കള്‍ യോഗം ചേര്‍ന്നു. ആ യോഗത്തില്‍ പങ്കെടുത്ത കുറച്ചുപേരാണ് പാര്‍ട്ടി പിരിച്ചുവിടരുതെന്നും ന്യൂനപക്ഷത്തിന്റെ അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കണമെന്നും അഭിപ്രായപ്പെട്ടത്. അവരുടെ അഭിപ്രായമാണ് നേതൃത്വം എടുത്തത്. അതുകൊണ്ടാണ് മുസ്ലിം ലീഗ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ജനാധിപത്യത്തില്‍ എതിരഭിപ്രായങ്ങള്‍ക്കും ചെറിയ ശബ്ദങ്ങള്‍ക്കും ഇടമുണ്ടാകണം. തിര്‍ശബ്ദങ്ങളെ ചേര്‍ത്തുനിര്‍ത്തുകയാണ് മുസ്ലിം ലീഗിലെ പഴയകാല നേതാക്കളായ ബാഫഖി തങ്ങളും സീതി സാഹിബും സി.എച്ച് മുഹമ്മദ് കോയയുമൊക്കെ ചെയ്തത്. അതാണ് ജനാധിപത്യം. എന്നാല്‍ എതിരഭിപ്രായം പറയുന്നവരെ പാര്‍ട്ടിയില്‍ പിന്നീട് കാണുന്നില്ലെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ഇത് ഫാസിസമാണ്. അത് നമ്മള്‍ തിരിച്ചറിയണം.- തഹ്ലിയ പറഞ്ഞു.

    ബി.ജെ.പിയെ ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ജനങ്ങളും പിന്തുണച്ചാലും അവരാണ് ശരിയെന്ന് പറയാനാകില്ലല്ലോ. അതായത് ഭൂരിപക്ഷമുണ്ടെന്ന് കരുതി അവര്‍ പറയുന്നത് ശരിയാവണമെന്നില്ല. ന്യൂനപക്ഷം പറയുന്നത് സ്വീകരിച്ചില്ലെങ്കിലും അവര്‍ക്ക് പറയാനുള്ള ഇടം കൊടുക്കുന്നതും അവരെക്കൂടി ഉള്‍ക്കൊള്ളുന്നതുമാണ് ജനാധിപത്യം. ഇത് രാഷ്ട്രീയ പാര്‍ട്ടികള്‍ തിരിച്ചറിയണമെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞു.

    പാര്‍ട്ടിയില്‍ ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാവണം. അതിന് ഉത്തരവും ലഭിക്കണം. പകുതിയോളം വനിതകള്‍ പങ്കെടുത്ത പരിപാടിയില്‍ ഫാത്തിമ തഹ്ലിയ ചോദ്യം ചോദിച്ചു കൊണ്ടേയിരിക്കണമെന്ന് പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു.

    കഴിഞ്ഞ ദിവസം നടന്ന യൂത്ത് ലീഗ് പുനസംഘടനയില്‍ സ്ത്രീപ്രാതിനിധ്യം ഉണ്ടായില്ലെന്ന് മാത്രമല്ല ഹരിത നേതാക്കളെ പിന്തുണച്ചതിന് എം.എസ്.എഫ് ദേശീയ പ്രസിഡണ്ട് ടി.പി അഷ്റഫലിക്ക് ഭാരവാഹിത്തം ലഭിക്കാതെ പോവുകയും ചെയ്തു. നടപടിക്ക് വിധേയമായെങ്കിലും ഫാത്തിമ തഹ്ലിയക്കും പുറത്താക്കപ്പെട്ട ഹരിത നേതാക്കള്‍ക്കും എം.എസ്.എഫില്‍ വലിയൊരു വിഭാഗത്തിന്റെ പിന്തുണയുണ്ട്. പാര്‍ട്ടി ആസ്ഥാനത്ത് എം.എസ്.എഫ് പരിപാടിയില്‍ തന്നെ ഫാത്തിമ തഹ്ലിയക്ക് നേതൃത്വത്തിനെതിരെ വിമര്‍ശനം ഉയര്‍ത്താന്‍ കഴിഞ്ഞതും ഇതുകൊണ്ടാണ്.
    Published by:Jayashankar Av
    First published: