• HOME
  • »
  • NEWS
  • »
  • kerala
  • »
  • സച്ചിൻദേവ് എംഎൽഎയുടെ കാറിടിച്ച് സ്കൂട്ടറിൽ സഞ്ചരിച്ച അച്ഛനും മകൾക്കും പരിക്ക്

സച്ചിൻദേവ് എംഎൽഎയുടെ കാറിടിച്ച് സ്കൂട്ടറിൽ സഞ്ചരിച്ച അച്ഛനും മകൾക്കും പരിക്ക്

ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ ആബിദും മകളും സ്കൂട്ടറിനു അടിയിലായിപ്പോയി

  • Share this:
കോഴിക്കോട്: കെ എം സച്ചിൻദേവ് എംഎൽഎയുടെ കാറിടിച്ച് സ്കൂട്ടറിൽ സഞ്ചരിച്ച അച്ഛനും മകൾക്കും പരിക്കേറ്റു. രാവിലെ മലാപ്പറമ്പ് ബൈപാസിലായിരുന്നു സംഭവം. താനൂർ മൂസാന്റെ പുരക്കൽ ആബിദ് (42), മകൾ ഫമിത ഫർഹ (11) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ ആബിദും മകളും സ്കൂട്ടറിനു അടിയിലായിപ്പോയി. ആബിദിനു ഇടതു കൈക്കും മകൾക്ക് ഇടതു കാലിനുമാണ് പരിക്കേറ്റത്. അപകടം നടക്കുമ്പോൾ സച്ചിൻദേവ് എംഎൽഎ കാറിൽ ഉണ്ടായിരുന്നില്ല. എംഎൽഎയെ കൂട്ടാനായി വീട്ടിലേക്കു പോകുകയായിരുന്നു കാർ. പരിക്കേറ്റ പിതാവിനെയും മകളെയും എംഎൽഎ പിന്നീട് ആശുപത്രിയിൽ സന്ദർശിച്ചു.

വടക്കഞ്ചേരി ബസ് അപകടം; ഡ്രൈവർക്കെതിരെ നരഹത്യ കുറ്റം ചുമത്തി

വടക്കഞ്ചേരി അപകടത്തിനിടയാക്കിയ ടൂറിസ്റ്റ് ബസ് ഡ്രൈവർക്കെതിരെ നരഹത്യ കുറ്റം ചുമത്തി. ടൂറിസ്റ്റ് ബസ്സിന്റെ ഡ്രൈവര്‍ പെരുമ്പടവം പൂക്കോട്ടില്‍വീട്ടില്‍ ജോമോന്‍ പത്രോസിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.  അപകടത്തിന് ശേഷം ഒളിവിലായിരുന്ന  ഇയാളെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു.

ഡ്രൈവറുടെ രക്തസാമ്പിൾ പരിശോധനയ്ക്ക് അയച്ചു. കാക്കനാട് ലാബിലേക്കാണ് അയച്ചത്. മദ്യപിച്ചിരുന്നോ എന്ന് സ്ഥിരീകരിക്കാനാണ് രക്തസാമ്പിള്‍‌ പരിശോധിക്കുന്നത്. ഡ്രൈവറുടെ മുൻകാല പശ്ചാത്തലം പരിശോധിക്കും.

Also Read-വടക്കഞ്ചേരി അപകടകാരണം ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അശ്രദ്ധയെന്ന് റിപ്പോർട്ട്; ബസുടമ കസ്റ്റഡിയിൽ

അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ റിപ്പോർട്ട് നൽകിയിരുന്നു. ഇടതുവശത്തു കൂടി കാറിനെ മറികടക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു. ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത് ഗതാഗതമന്ത്രിക്ക് റിപ്പോർട്ട് കൈമാറി.

അതേസമയം അപകടത്തിനിടയാക്കിയ ടൂറിസ്റ്റ് ബസുടമയെ കസ്റ്റഡിയിലെടുത്തു. കോട്ടയം സ്വദേശി അരുണിനെയാണ് കസ്റ്റഡിയിലെടുത്തത്. അപകടത്തിന് തൊട്ടുമുമ്പ് ബസ് അമിത വേഗതയിലാണെന്ന് ചൂണ്ടിക്കാട്ടി ബസുടമയുടെ മൊബൈല്‍ ഫോണിലേക്ക് രണ്ട് തവണ (രാത്രി 10.18നും 10.56നും) സന്ദേശം എത്തിയിരുന്നു. അപകടമുണ്ടാകുമ്പോള്‍ ബസ് 97 കിലോമീറ്റര്‍ വേഗതയിലായിരുന്നു.
Published by:Anuraj GR
First published: