• HOME
  • »
  • NEWS
  • »
  • kerala
  • »
  • മകള്‍ അച്ഛനൊപ്പം ചേര്‍ന്നു;നീണ്ട 16 വര്‍ഷത്തിനിപ്പുറം; പുതുവത്സരത്തലേന്ന് സ്‌നേഹ സംഗമത്തിന് സാക്ഷിയായി റസ്‌ക്യൂ ഹോം

മകള്‍ അച്ഛനൊപ്പം ചേര്‍ന്നു;നീണ്ട 16 വര്‍ഷത്തിനിപ്പുറം; പുതുവത്സരത്തലേന്ന് സ്‌നേഹ സംഗമത്തിന് സാക്ഷിയായി റസ്‌ക്യൂ ഹോം

ഈ പുതുവത്സരം ഉത്തർപ്രദേശുകാരായ ദീപ് രാജ് ഗുപ്തക്കും മകൾ പുഷ്പക്കും എല്ലാ അർത്ഥത്തിലും പുതിയ തുടക്കമാണ്.  

  • Last Updated :
  • Share this:
മലപ്പുറം: കാണാതായ മകൾക്ക് വേണ്ടി ഒരു അച്ഛൻ അലഞ്ഞത് നീണ്ട 16 വർഷം. ഒടുവിൽ മലപ്പുറം തവനൂർ റെസ്ക്യൂ ഹോമിൽ നിന്നും തൻ്റെ മകളെ തിരിച്ചു കിട്ടിയപ്പോൾ ആ അച്ഛന് നന്ദി പറയാൻ വാക്കുകൾ തികഞ്ഞില്ല. നിറകണ്ണുകളും കൂപ്പിയ കൈകളും എല്ലാം പറഞ്ഞു. അതെ ഈ പുതുവത്സരം ഉത്തർപ്രദേശുകാരായ ദീപ് രാജ് ഗുപ്തക്കും മകൾ പുഷ്പക്കും എല്ലാ അർത്ഥത്തിലും പുതിയ തുടക്കമാണ്.

ഇടക്ക് എവിടെയോ വറ്റിപ്പോയ ഇവരുടെ ജീവിത നദി ഒരു ഉറവയിൽ നിന്നെന്ന പോലെ പുനർജനിക്കുകയും ഒഴുകി നിറഞ്ഞു പരക്കുകയും ചെയ്യുക ആണ് ഇവിടെ. 16 വർഷം മുൻപ് മുംബൈ സെൻട്രൽ റെയിൽ വേ സ്റ്റേഷനിൽ നിന്ന് കാണാതായ പുഷ്പയെ രാജ് ഗുപ്തക്ക് വീണ്ടു കിട്ടിയത് മലപ്പുറം തവനൂരിലെ റെസ്ക്യൂ ഹോമിൽ നിന്ന്. അച്ഛനോട് ഒപ്പം പുഷ്പ പുതുവർഷ തലേന്ന് നാട്ടിലേക്ക് യാത്ര തിരിക്കുകയും ചെയ്തു.

കഴിഞ്ഞ 9 വർഷമായി പുഷ്പവനിത-ശിശു വികസന വകുപ്പിനു കീഴില്‍ തവനൂര്‍ റസ്‌ക്യു ഹോമില്‍ ആയിരുന്നു . വർഷങ്ങൾ നീണ്ടു നിന്ന അന്വേഷണത്തിന് ഒടുവിൽ 2005 ല്‍ മുംബൈ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ നഷ്ടമായ മകളെ 16 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ച് കിട്ടിയ സന്തോഷമായിരുന്നു 76 കാരനായ അച്ഛന്‍ ദീപ് രാജ് ഗുപ്തയ്ക്ക്. രക്ഷിതാക്കളെ കണ്ടെത്തുന്നതിനുള്ള വനിത-ശിശു വികസന വകുപ്പിന്റെ നിരന്തര പരിശ്രമത്തിന്റെ ഫലമായാണ് നഷ്ടമായെന്ന് കരുതിയ ജീവിതത്തിലേക്ക് പുതുവര്‍ഷത്തലേന്ന് പുഷ്പ അച്ഛനോടൊപ്പം കുറ്റിപ്പുറം റയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്ര തിരിച്ചത്.

ഉത്തര്‍പ്രദേശിലെ ഡയറിയ ജില്ലയിലെ ഗര്‍മീര്‍ സ്വദേശിനിയായ പുഷ്പയെ 2012 ല്‍ തിരൂര്‍ പൊലീസാണ് തവനൂര്‍ റെസ്‌ക്യു ഹോമിലെത്തിക്കുന്നത്. മാനസിക വെല്ലുവിളികളുള്ളതിനാല്‍ പലപ്പോഴും സംസാരിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. അതിനാല്‍ തന്നെ ബന്ധുക്കളെ കണ്ടെത്തുന്നതും പ്രയാസകരമായിരുന്നു. ഇടയ്ക്കുള്ള സംസാരങ്ങളില്‍ നിന്നാണ് ഉത്തര്‍പ്രദേശിലെവിടെയോ ആണ് വീടെന്ന സൂചന ലഭിക്കുന്നത്. തുടര്‍ന്ന് ഗൊരഖ്പൂര്‍ പൊലീസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് രക്ഷിതാക്കളെ കണ്ടെത്താനായത്. കോവിഡ് പശ്ചാത്തലമായതിനാല്‍ വീഡിയോ കോളിലൂടെ ബന്ധുക്കളുമായി പരസ്പരം കാണുകയും തിരിച്ചറിയുകയുമായിരുന്നു.

തുണിക്കച്ചവടക്കാരനായിരുന്ന ദീപ് രാജ് ഗുപ്ത മകളെ കാണാതായി ആറ് മാസക്കാലം കിടപ്പിലായിരുന്നു. ഇപ്പോള്‍ കൃഷി നടത്തിയാണ് കഴിയുന്നത്. പുഷ്പയെ കൂടാതെ മൂന്ന് പെണ്‍ മക്കളും രണ്ട് ആണ്‍ മക്കളുമാണ് ഇദ്ദേഹത്തിനുള്ളത്. പതിനേഴാം വയസിലാണ് പുഷ്പയെ കാണാതാകുന്നത്. ഇപ്പോള്‍ 33 വയസുള്ള പുഷ്പയുടെ മാനസിക നില ഏറെ മെച്ചപ്പെട്ടതായി അച്ഛന്‍ പറയുന്നു. മുംബൈയിലുള്ള മകന്റെ വീട്ടിലേക്കാണ് ഇവര്‍ ആദ്യം പോകുന്നത്. തുടര്‍ന്ന് സ്വന്തം നാടായ ഉത്തര്‍പ്രദേശിലേക്ക് പോകും.

ജില്ലാ വനിത ശിശു വികസന ഓഫീസര്‍ എ.എ ഷറഫുദ്ദീന്‍, റെസ്‌ക്യുഹോം സൂപ്രണ്ട് എന്‍.ടി സൈനബ, മേട്രണ്‍ ഷൈജ, റെസ്‌ക്യു ഹോം ജീവനക്കാരായ അമീറ കാപ്പില്‍, ശരത്, ശാക്കിര്‍ മുഹമ്മദ് എന്നിവര്‍ പുഷ്പയെ യാത്രയാക്കാന്‍ കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നു. ഇരുവര്‍ക്കും തേര്‍ഡ് എ.സി ടിക്കറ്റും വീട്ടിലെത്തുന്നത് വരെയുള്ള ഭക്ഷണമടക്കമുള്ള ചെലവും വനിത ശിശു വികസന വകുപ്പ് നല്‍കി.

റെസ്‌ക്യു ഹോമില്‍ ശേഷിക്കുന്ന 24 കുട്ടികളുടെ രക്ഷിതാക്കളെ കണ്ടെത്തുന്നതിനായുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ജില്ലാ വനിത ശിശു വികസന ഓഫീസര്‍ അറിയിച്ചു. ഇതില്‍ മൂന്ന് പേരുടെ സ്വദേശം കൂടി കണ്ടെത്തിയതായും തുടര്‍നടപടികള്‍ സ്വീകരിച്ച് വരുന്നതായും അദ്ദേഹം പറഞ്ഞു.
Published by:Jayesh Krishnan
First published: