നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോട്ടയത്ത് ഭിന്നശേഷിക്കാരിയായ പതിനാറുകാരിയെ അച്ഛൻ പീഡിപ്പിച്ചു

  കോട്ടയത്ത് ഭിന്നശേഷിക്കാരിയായ പതിനാറുകാരിയെ അച്ഛൻ പീഡിപ്പിച്ചു

  സംഭവമറിഞ്ഞ ഞെട്ടലിൽ മാതാവ് നേരിട്ട് മുണ്ടക്കയം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

  News18 malayalam

  News18 malayalam

  • Share this:
  കോട്ടയം: കുട്ടികൾക്കെതിരായ ലൈംഗിക പീഡന വാർത്തകൾ കേരളത്തിൽ തുടർക്കഥയാകുകയാണ്. ഏറ്റവുമൊടുവിൽ കോട്ടയം മുണ്ടക്കയത്തു നിന്നാണ് ദാരുണമായ സംഭവം പുറത്തുവരുന്നത്. പിതാവിൽ നിന്ന് തന്നെ പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായി എന്ന് ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവന്നത്. 16 വയസ്സുകാരിയായ പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു എന്നാണ് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്.

  പെൺകുട്ടി ഭിന്നശേഷിക്കാരി ആയിരുന്നു എന്ന് പോലീസ് വ്യക്തമാക്കി. 50 ശതമാനത്തോളം ശാരീരിക ക്ഷമത  കുട്ടിക്കില്ല എന്നാണ് ഡോക്ടർമാർ നൽകിയിരിക്കുന്ന സർട്ടിഫിക്കറ്റ്. ഈ അവസ്ഥയിലുള്ള പെൺകുട്ടിയെയാണ് സ്വന്തം പിതാവ് തന്നെ പീഡിപ്പിച്ചത്. ഒരു വർഷം മുൻപു നടന്ന പീഡനത്തിന്റെ വിവരമാണ് ഇപ്പോൾ പുറത്തുവന്നത്. കുട്ടിയുടെ മാതാവ് നൽകിയ പരാതിയിലാണ് മുണ്ടക്കയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

  സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മുണ്ടക്കയം സർക്കിൾ ഇൻസ്പെക്ടർ എ ഷൈൻ കുമാർ ന്യൂസ് 18 നോട് പറഞ്ഞു. കുട്ടികൾക്കെതിരായ അതിക്രമ നിയമപ്രകാരമാണ് കേസെടുക്കുന്നത് എന്നും സർക്കിൾ ഇൻസ്പെക്ടർ വ്യക്തമാക്കി. അതുകൊണ്ടുതന്നെ ഇക്കാര്യത്തെക്കുറിച്ച് കൂടുതൽ വ്യക്തമാക്കാൻ ആകില്ല. പ്രതിയുടെ പേരും മറ്റു വിശദാംശങ്ങളും അടക്കം നൽകാത്തത് ഇരയെ തിരിച്ചറിയും എന്ന കാരണത്താൽ ആണെന്നും സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു.

  ഒന്നിൽ കൂടുതൽ തവണ പെൺകുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് മാതാവ് നൽകിയിരിക്കുന്ന വിവരം. കുട്ടിയെ കൗൺസിലിങ്ങിന് ഹാജരാക്കി കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് പോലീസ് നീക്കം. കുട്ടിയുടെ മാനസികാരോഗ്യത്തിന് കൗൺസിലിംഗ് ആവശ്യമായതിനാൽ ആണ് ഇത് നടത്തുന്നത്. പ്രതിയെ കോടതിയിൽ ഇന്നലെ രാത്രി തന്നെ ഹാജരാക്കി.

  You may also like:ലൈംഗികപീഡനശ്രമം എതിർത്തതിന് കൊല; കടയ്ക്കാവൂർ ശാരദ കൊലക്കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി

  കോടതി ഇയാളെ റിമാൻഡ് ചെയ്തിട്ടുണ്ട്. കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള നീക്കവും മുണ്ടക്കയം പോലീസ് നടത്തിവരുന്നുണ്ട്. മകളെ കുളിപ്പിക്കുന്നതിനിടെയാണ് സംശയം തോന്നിയ മാതാവ് വിശദമായ കാര്യങ്ങൾ ചോദിച്ച് അറിഞ്ഞത്. ഇതോടെ കുട്ടി കാര്യങ്ങൾ തുറന്നു പറഞ്ഞു. സംഭവമറിഞ്ഞ ഞെട്ടലിൽ മാതാവ് നേരിട്ട് മുണ്ടക്കയം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

  കൂലിപ്പണിക്കാരനാണ്  കുട്ടിയെ ക്രൂര പീഡനത്തിനിരയാക്കിയ പിതാവ്. ഇയാൾ മറ്റാരെയെങ്കിലും പീഡിപ്പിച്ചിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിച്ചു വരികയാണ്. നേരത്തെ വീട്ടിൽ മാതാവിനെ അടക്കം പല തരത്തിൽ ഇയാൾ  മർദ്ദിച്ചതായി ഉള്ള വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. മദ്യത്തിനും പലതരത്തിലുള്ള ലഹരിക്കും ഇയാൾ അടിമയായിരുന്നു എന്നും പൊലീസ് പറയുന്നു.

  കോട്ടയത്തിന്റെ കിഴക്കൻ മേഖലയായ മുണ്ടക്കയത്ത് നിരവധി ക്രിമിനൽ കേസുകളും കൂടിവരുന്ന സാഹചര്യമാണ് ഉള്ളത്. നേരത്തെ മാനസിക വിഭ്രാന്തിയുള്ള അമ്മ മകളെ കഴുത്തു ഞെരിച്ച് കൊന്നശേഷം കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. മദ്യപാന കേസുകളും കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന സ്ഥലം ആയി മുണ്ടക്കയം മാറിക്കഴിഞ്ഞു.  അതിനിടെയാണ് ഞെട്ടിക്കുന്ന പീഡന വാർത്ത പുറത്ത് വരുന്നത്.
  Published by:Naseeba TC
  First published:
  )}