മകന്‍റെ മരണത്തിൽ കുറ്റക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള പോരാട്ടത്തിലായിരുന്നു വേലായുധൻ മാസ്റ്റർ. എന്നാൽ ആ പോരാട്ടം വിജയത്തിലെത്തിക്കാൻ കഴിയാതെ തീർത്തും നിരാശനായാണ് വേലായുധൻ മാസ്റ്റർ വിടവാങ്ങിയത്. മലബാർ സിമൻ്റ്സ് മുൻ കമ്പനി സെക്രട്ടറി വി ശശീന്ദ്രൻ്റെയും രണ്ടു മക്കളുടെയും മരണം കൊലപാതകം ആണെന്നായിരുന്നു ആരോപണം.
മലബാർ സിമൻ്റ്സിലെ ക്രമക്കേടുകൾ കണ്ടെത്തിയതിനും അഴിമതിക്ക് കൂട്ട് നിൽക്കാത്തതിനും ശശീന്ദ്രനെ അഴിമതി നടത്തിയവർ കൊലപ്പെടുത്തിയെന്ന് ഈ കുടുംബം പരാതിപ്പെട്ടു. സംഭവത്തിന് ഉത്തരവാദികളായവർക്ക് അർഹരായ ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് നിയമ പോരാട്ടങ്ങൾ നടത്തി. വേലായുധൻ മാസ്റ്ററും സഹോദരൻ സനലും നിരന്തരം കോടതികൾ കയറിയിറങ്ങി.
Also Read: മലബാർ സിമന്‍റ്സിൽ മുൻപും അഴിമതി നടന്നതായി ആരോപണം
2011 ജനുവരി 24 നാണ് ശശീന്ദ്രനെയും പന്ത്രണ്ടും എട്ടും വയസ്സുള്ള ആൺമക്കളെയും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണുന്നത്. ഇത് കൊലപാതകമാണെന്നായിരുന്നു വീട്ടുകാരുടെ പരാതി. സിബിഐ ഉൾപ്പടെയുള്ള അന്വേഷണ ഏജൻസികളെല്ലാം ശശീന്ദ്രൻ്റെയും മക്കളുടെയും മരണം ആത്മഹത്യയാണെന്ന് റിപ്പോർട്ട് നൽകി. എന്നാൽ അന്വേഷണം അട്ടിമറിച്ചതായി വീട്ടുകാർ ആരോപിച്ചു. പുനരന്വേഷണം ആവശ്യപ്പെട്ടു.
ആക്ഷൻ കൗൺസിൽ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിലും പാലക്കാട് കലക്ടറേറ്റിലും മറ്റും നടത്തിയ നിരവധി സമരങ്ങളിൽ ശശീന്ദ്രൻ്റെ പിതാവ് വേലായുധൻ മാസ്റ്റർ സജീവമായി പങ്കെടുത്തു. നീതി ലഭിച്ചില്ലെന്ന് വേലായുധൻ മാസ്റ്റർ വേദനയോടെ പറഞ്ഞു. വാർധക്യസഹജമായ രോഗങ്ങളേക്കാളും ഈ പിതാവിനെ തളർത്തിയത് മകൻ്റെയും പേരമക്കളുടെയും ദുരൂഹമരണത്തിൽ നീതി ലഭിച്ചില്ല എന്ന വേദനയായിരുന്നു.
സിബിഐയുടെ കണ്ടെത്തലുകൾ ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഇപ്പോഴും തീർപ്പായിട്ടില്ല. ഇതിൽ തീരുമാനം വൈകുന്നത് ചൂണ്ടിക്കാട്ടി രണ്ടു മാസം മുൻപ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവർക്ക് പരാതി നൽകി അനുകൂല നടപടി പ്രതീക്ഷിച്ച് കാത്തിരിപ്പിനിടെയാണ് മരണം.
പെരുവെമ്പ് സി.ഏ. ഹൈസ്കൂൾ മുൻ അധ്യാപകനായ കെ.വേലായുധൻ മാസ്റ്റർ കൊല്ലങ്കോട് എസ്.എൻ.ഡി.പി സ്ഥാപകശാഖാ പ്രസിഡൻ്റായി ദീർലകാലം പ്രവർത്തിച്ചിരുന്നു. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കൊല്ലങ്കോട് ഏരിയ സ്ഥാപക പ്രസിഡൻറ്, നെന്മേനി വിജ്ഞാന കലാകേന്ദ്രം മുൻ പ്രസിഡൻ്റ് എന്നീനിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കവനകുസുമം കവിതാ സമാഹരത്തിൻ്റെയും അരുണാചല പുരാണം (തമിഴിൽ നിന്ന് വിവർത്തനം) രചയിതാവാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.