കോട്ടയം: അഹമ്മദാബാദ് സ്ഫോടനക്കേസില്‍(Ahmedabad Serial Blasts Case) വധിശിക്ഷിയ്ക്ക് വിധിക്കപ്പെട്ട മലയാളികളായ ഷിബിലിയും ഷാദുലിയും നിരപരാധികളെന്ന് പിതാവ് അബ്ദുല്‍ കരീം. ഇരുവരും ജയിലില്‍ ആയിരുന്നപ്പോഴാണ് സ്ഫോടനം നടന്നതെന്നും മറ്റ് പ്രതികളുമായി ബന്ധമില്ലെന്നും അബ്ദുല്‍ കരീം പറഞ്ഞു. ഷിബിലി എ കരീം, ഷാദുലി എ കരിം എന്നിവര്‍ ഇരട്ടസഹോദരങ്ങളാണ്.
അഹമ്മദാബാദ് സ്ഫോടന പരമ്പര കേസില്‍ പ്രത്യേക കോടതി 38 പേര്‍ക്കാണ് വധശിക്ഷ വിധിച്ചത്. നിരോധിത സംഘടനയായ സ്റ്റുഡന്‍സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ(സിമി) വാഗമണ്‍ തങ്ങള്‍പ്പാറയില്‍ നടത്തിയ ആയുധ പരിശീലന ക്യാംപില്‍ ഷിബിലിയും ഷാദുലിയും പങ്കെടുത്തതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അഹമ്മദാബാദിലെ സ്ഫോടന പരമ്പരയ്ക്ക് മുന്നോടിയായി ഈ ക്യാംപിലാണ് സ്ഫോടന പരിശീലനം ലഭിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
2007 ഡിസംബര്‍ 9 മുതല്‍ 12 വരെ നടന്ന ക്യാംപില്‍ 45 പേര് പങ്കെടുത്തിരുന്നു. അഹമ്മദാബാദ് സ്ഫോടന പരമ്പരയുടെ സൂത്രധാരന്‍ ഉള്‍പ്പെടെയുള്ളവരും ക്യാംപിന് എത്തിയിരുന്നു. ക്യാംപിനെത്തിയവര്‍ക്ക് താമസസൗകര്യവും വാഹനവും ഏര്‍പ്പെടുത്തിയത് ഷിബിലിയും ഷാദുലിയുമായിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു.
കൊണ്ടോട്ടി സ്വദേശി ഷറഫുദ്ദീന് ആണ് വധശിക്ഷ ലഭിച്ച മറ്റൊരു മലയാളി. കുറ്റക്കാരുടെ പട്ടികയിലെ മറ്റ് മലയാളികള്‍ ഇവരാണ്: ആലുവാ കുഞ്ഞാനിക്കര സ്വദേശി മുഹമ്മദ് അന്‍സാരി, മംഗലാപുരത്ത് നിന്നുള്ള മലയാളി നൗഷാദ്. ഇവര്‍ക്ക് രണ്ട് പേര്‍ക്കും ജീവപര്യന്തം ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.
ബോംബുകള്‍ക്കുള്ള ചിപ്പുകള്‍ തയ്യാറാക്കി നല്‍കിയതാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഷറഫുദ്ദീന്റെ കുറ്റം. ഷറഫുദ്ദീന്റെ പിതാവ് ഇടി സൈനുദ്ദീന്‍, അബ്ദുള്‍ സത്താര്‍, സുഹൈബ് പൊട്ടുമണിക്കല്‍ എന്നീ മൂന്ന് മലയാളികള്‍ കൂടി പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും ഇവരെ കോടതി കുറ്റവിമുക്തരാക്കി.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.