• HOME
 • »
 • NEWS
 • »
 • kerala
 • »
 • Viral | 'പുതിയത് വാങ്ങാന്‍ നിര്‍വാഹമില്ല, സൈക്കിള്‍ തിരിച്ചു തരണം' ; മകന് വേണ്ടി കള്ളനോട് അപേക്ഷിച്ച് അച്ഛന്‍റെ പോസ്റ്റര്‍

Viral | 'പുതിയത് വാങ്ങാന്‍ നിര്‍വാഹമില്ല, സൈക്കിള്‍ തിരിച്ചു തരണം' ; മകന് വേണ്ടി കള്ളനോട് അപേക്ഷിച്ച് അച്ഛന്‍റെ പോസ്റ്റര്‍

തന്‍റെയും മകന്‍റെയും സങ്കടം മനസിലാക്കിയ മോഷ്ടാവ് സൈക്കിള്‍ തിരികെ നല്‍കുമെന്ന പ്രതീക്ഷയിലാണ് സൈഫുദീന്‍

 • Share this:
  "എന്റെ മകന്‍ സ്കൂളിലേക്ക് കൊണ്ടുപോയിരുന്ന ലേഡി ബേര്‍ഡ് സൈക്കിള്‍ ഇവിടെ നിന്നും ആരോ മനപൂര്‍വമോ അല്ലാതെയോ 19.3.2022ന് എടുത്ത് കൊണ്ടു പോയ വിവരം ഖേദപൂര്‍വം അറിയിക്കുന്നു. മകന്‍ പത്താം ക്ലാസിലാണ് പഠിക്കുന്നത്, അവന് ഇനി  ‍പുതിയതോ പഴയതോ ആയ സൈക്കിൾ വാങ്ങി നൽകുവാൻ ഒരു പിതാവ് എന്ന നിലയിൽ എനിക്ക് നിർവാഹമില്ല.അതിനാൽ അത് എടുത്തയാൾ ഇതു വായിക്കുവാനിടയായാൽ ഞങ്ങളുടെ സ്ഥിതി മനസ്സിലാക്കി ആ സൈക്കിൾ തിരിച്ചു തരണമെന്നു വിനീതമായി അപേക്ഷിക്കുന്നു. ദയ അൽപമെങ്കിലും ബാക്കിയുണ്ടെങ്കിൽ ഈ നമ്പറിൽ വിളിക്കുക 8606161369 നമുക്കെല്ലാവർക്കും എന്നും നന്മ വരട്ടെ... ദൈവം അനുഗ്രഹിക്കട്ടെ''.

  മകന്‍റെ കാണാതായ സൈക്കിള്‍ തിരികെ നല്‍കാന്‍ ആവശ്യപ്പെട്ട് നിസഹായനായ ഒരു പിതാവ് മോഷ്ടാവിനോട് അപേക്ഷിച്ചു കൊണ്ട് പതിപ്പിച്ച പോസ്റ്ററിലെ വരികളാണ് ഇത്. തൃശൂരിലെ ചേർപ്പ് എട്ടുമന ചിറക്കുഴിയിലെ പെയിന്റിങ് തൊഴിലാളി വലിയകത്ത് സൈഫുദീന്റെ മകന്റെ സൈക്കിളാണ് കരുവന്നൂർ രാജാ കമ്പനി ബസ് സ്റ്റോപ്പ് പരിസരത്ത് നിന്ന് ശനിയാഴ്ച കാണാതായത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ മകന്  ബന്ധു നൽകിയ പഴയ സൈക്കിളാണ് ഇത്.

  വീട്ടിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള ബസ് സ്റ്റോപ് വരെ സൈക്കിൽ സഞ്ചരിച്ചാണ് പത്താം ക്ലാസുകാരനായ മകൻ സ്കൂളിൽ പോയിരുന്നത്. സൈക്കിൾ മോഷണം പോയതോടെ കുട്ടിയുടെ യാത്ര ബുദ്ധിമുട്ടിലായി. മകന്റെ സങ്കടം സൈഫുദീന് താങ്ങാനായില്ല.  ഒടുവില്‍ കടലാസിൽ സങ്കടങ്ങൾ പകർത്തി സൈക്കിൾ മോഷണം പോയ സ്ഥലത്ത് ഒട്ടിച്ചു വച്ചു. തന്‍റെയും മകന്‍റെയും സങ്കടം മനസിലാക്കിയ മോഷ്ടാവ് സൈക്കിള്‍ തിരികെ നല്‍കുമെന്ന പ്രതീക്ഷയിലാണ് സൈഫുദീന്‍.

  വൈക്കത്തപ്പന് വഴിപാടായി കരിഞ്ഞ കൂവളമാല; ക്ഷേത്രത്തിലെ തട്ടിപ്പിനെതിരെ ഹൈക്കോടതി കേസെടുത്തു


  വൈക്കം മഹാദേവക്ഷേത്രത്തിൽ (Vaikom Shri Mahadeva Temple)  വഴിപാട് (offering) വസ്തുക്കളുടെ വിൽപ്പനയിൽ നടക്കുന്ന തട്ടിപ്പില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. നടയിൽ സമർപ്പിക്കുന്ന വഴിപാട് വസ്തുക്കൾ പൂജയ്ക്കു പോലും എടുക്കാതെ തൊട്ടുപിന്നാലെ കൗണ്ടറുകളിൽ വിൽപനയ്ക്കെത്തുന്നതായി ഭക്തര്‍ കണ്ടെത്തിയിരുന്നു. ദേവസ്വം ജീവനക്കാരുടെ ഒത്താശയോടെ കൂവള മാലകളുടെയും എണ്ണയുടെ വിതരണത്തിലും നടക്കുന്ന തട്ടിപ്പിന്‍റെ ദൃശ്യങ്ങൾ സഹിതം സമൂഹമാധ്യങ്ങളിലൂടെ പുറത്തുവന്നിരുന്നു.

  വൈക്കത്തപ്പന് ചാര്‍ത്തുവാനായി ഭക്തര്‍ സമര്‍പ്പിക്കുന്ന കൂവളമാലയിലാണ് പ്രധാന തട്ടിപ്പ് നടക്കുന്നത്.  കടുത്തുരുത്തി സ്വദേശി മനു എന്നയാളാണ് തട്ടിപ്പ് വിവരം ദൃശ്യങ്ങള്‍ സഹിതം സമൂഹമാധ്യമങ്ങളിലൂടെ ഭക്തരെ അറിയിച്ചത്. നൂറും ഇരുനൂറും വിലയുള്ള കേശാദിപാദം മാലക്ക് ഒരു മുഴം മാത്രമാണ് നീളം. കരിഞ്ഞതും പഴകിയതുമായ കൂവള ഇലകള്‍ ഉപയോഗിച്ചാണ് മാലകള്‍ നിര്‍മിക്കുന്നത്.  വാഴയിലയിൽ പൊതിഞ്ഞുക്കെട്ടി  വഴിപാടായി നൽകുന്ന മാലകൾക്ക് ഒരാഴ്ച്ചയിലേറെ പഴക്കമുണ്ട്.

  അഞ്ച് പതിറ്റാണ്ടിലേറെയായി ക്ഷേത്രത്തിലെ വഴിപാടു സാധനങ്ങൾ വിൽക്കാനുള്ള   കരാർ ലഭിക്കുന്നത്  ഒരേ കുടുംബത്തിനാണ് . വൻ തുക വാങ്ങുന്ന ബോർഡ്  വഴിപാട് സാധനങ്ങൾക്കുള്ള വിലയൊ അളവൊ നിശ്ചയിച്ച് നൽകാറില്ല. ഭക്തർ സമർപ്പിക്കുന്ന കൂവളമാല, പഴം, ചന്ദനത്തിരി വരെ അധികം താമസിയാതെ തിരികെ കൗണ്ടറിൽ എത്തും. ഇത് തന്നെ മറ്റൊരാൾക്ക് വിൽക്കും.

  വിളക്കിലൊഴിക്കുന്ന എണ്ണ  ശേഖരിച്ച് വിൽപനയ്ക്കെത്തിക്കാനും  സംവിധാനവുമുണ്ട്. ഭക്തർ  സമർപ്പിക്കുന്ന  വഴിപാട് വസ്തുക്കൾ ശേഖരിച്ച് ഉപയോഗിക്കേണ്ട ദേവസ്വം ബോർഡ് തന്നെ ഈ തട്ടിപ്പിന് ഒത്താശ ചെയ്യുന്നു.

  വേനലിൽ കൂവളമാല കിട്ടാനില്ലെന്നും എണ്ണയ്ക്കടകം വില കൂടിയെന്നാണ് തട്ടിപ്പിനുള്ള ന്യായീകരണമായി കരാറുകാരന്‍ പറയുന്നത്.  തട്ടിപ്പിനെതിരെ ദേവസ്വം വിജിലൻസിനടക്കം പരാതി  നല്‍കാന്‍ ഭക്തര്‍ ഒരുങ്ങുന്നതിനിടെയാണ് ഹൈക്കോടതി സംഭവത്തില്‍ സ്വമേധയാ കേസെടുത്തത്. ബുധനാഴ്ച വിശദീകരണം നല്‍കാനാണ് നിര്‍ദേശം. ദേവസ്വം മന്ത്രിയും സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പരാതി ഉയർന്നതിന് പിന്നാലെ വഴിപാട് സാധനങ്ങൾ ഭക്തർക്ക് കാണുന്ന വിധം നൽകാൻ ബോർഡ് തീരുമാനിച്ചു.
  Published by:Arun krishna
  First published: