നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ഗാർഹിക പീഡനം തടയാൻ സർക്കാർ ചെയ്യേണ്ട 8 കാര്യങ്ങൾ; സർക്കാരിന് മുന്നിൽ നിർദ്ദേശങ്ങളുമായി ഫാത്തിമ തഹലിയ

    ഗാർഹിക പീഡനം തടയാൻ സർക്കാർ ചെയ്യേണ്ട 8 കാര്യങ്ങൾ; സർക്കാരിന് മുന്നിൽ നിർദ്ദേശങ്ങളുമായി ഫാത്തിമ തഹലിയ

    സ്ത്രീധനത്തിൽ നിന്ന് കമ്മീഷൻ വാങ്ങി സ്ത്രീധനവിവാഹം നടത്തിക്കൊടുക്കുന്ന വിവാഹ ബ്രോക്കർമാർക്ക് എതിരെ ശക്തമായ നിയമനടപടി സർക്കാർ സ്വീകരിക്കണം.

    Fathima Thahiliya

    Fathima Thahiliya

    • News18
    • Last Updated :
    • Share this:
      സംസ്ഥാനത്ത് സ്ത്രീകൾക്ക് എതിരായ ഗാർഹിക പീഡന പരാതികൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സർക്കാരിനു മുന്നിൽ നിർദ്ദേശങ്ങളുമായി എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ ഫാത്തിമ തഹലിയ. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലാണ് തഹലിയ എട്ടിന നിർദ്ദേശങ്ങൾ മുന്നോട്ടു വെച്ചത്.

      ഗാർഹിക പീഡനം അവസാനിപ്പിക്കാൻ സർക്കാർ എന്താണ് ചെയ്യേണ്ടത് എന്ന ചോദ്യത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. സ്ത്രീധനത്തിൽ നിന്നും പണം പറ്റി വിവാഹം നടത്തുന്ന ബ്രോക്കർമാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് വീഡിയോയിൽ ആവശ്യപ്പെടുന്നു. ഗാർഹിക പീഡനമേറ്റ സ്ത്രീകൾക്കായി പ്രത്യേക സാമ്പത്തിക പദ്ധതികളും വിവാഹമോചന കേസുകൾക്കായി കൂടുതൽ കുടുംബ കോടതികളും വേണമെന്നും തഹലിയ ആവശ്യപ്പെടുന്നു.

      തഹലിയ മുന്നോട്ടു വെയ്ക്കുന്ന നിർദ്ദേശങ്ങൾ,

      'ഗാർഹിക പീഡനം അവസാനിപ്പിക്കാൻ സർക്കാർ എന്താണ് ചെയ്യേണ്ടത്. ഈ വിഷയവുമായി ബന്ധപ്പെട്ട് എനിക്ക് തോന്നിയ ചില നിർദ്ദേശങ്ങൾ ഞാൻ ഈ വീഡിയോയിലൂടെ പങ്കു വെയ്ക്കുകയാണ്. ഒന്ന്, നിരന്തരമായി ഗാർഹിക പീഡനം ഏൽക്കേണ്ടി വരുന്ന ഒരു സ്ത്രീ ആദ്യം ചെയ്യേണ്ടത് ആ ബന്ധത്തിൽ നിന്ന് പുറത്തു കടക്കുക എന്നുള്ളതാണല്ലോ. ഒരു സ്ത്രീക്ക് വിവാഹമോചനം ലഭിക്കണമെങ്കിൽ അവർ കുടുംബ കോടതിയെ സമീപിക്കണം. കേരളത്തിലെ കുടുംബ കോടതികളാകട്ടെ കേസുകളുടെ ബാഹുല്യം മൂലം വളരെ തിരക്കേറിയതാണ്. ഒരു വിവാഹമോചന ഹർജി വിചാരണ ചെയ്ത് തീർപ്പാക്കണമെങ്കിൽ നാലും അഞ്ചും വർഷം വരെ വേണ്ടി വരും. ഈ കാലതാമസം ഗാർഹികപീഡനം ഏൽക്കേണ്ടി വരുന്ന സ്ത്രീകൾക്ക് നീതി നിഷേധിക്കപ്പെടാൻ കാരണമാകും. കൂടുതൽ കുടുംബകോടതികൾ സ്ഥാപിക്കുക എന്നുള്ളതാണ് ഇതിനുള്ള ഏക പരിഹാരം. നിലവിൽ ഒരു ജില്ലയിൽ ഒന്നോ രണ്ടോ കുടുംബകോടതികൾ മാത്രമാണ് ഉള്ളത്. ഓരോ താലൂക്കിലും കുടുംബകോടതികൾ സ്ഥാപിച്ചു കൊണ്ട് പരിഹാരം കാണണം.



      രണ്ട്, ഗാർഹിക പീഡനത്തിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം യു പി എ സർക്കാരിന്റെ കാലത്ത് 2005ൽ തന്നെ പാർലമെന്റ് പാസാക്കിയിട്ടുണ്ട്. ഈ നിയമപ്രകാരം ഹർജി സമർപ്പിക്കേണ്ടത് മജിസ്ട്രേറ്റ് കോടതിയിലാണ്. വളരെ തിരക്കേറിയ കോടതികളാണ് കേരളത്തിലെ മജിസ്ട്രേറ്റ് കോടതികൾ. കേസുകളുടെ ബാഹുല്യം മൂലം മജിസ്ട്രേറ്റ് കോടതികളിലും സ്ത്രീകൾക്ക് നീതി വൈകുകയാണ്. ഇതിന് പരിഹാരമെന്നോണം ഗാർഹിക പീഡന കേസുകൾ തീർപ്പാക്കാനായി പ്രത്യേക മജിസ്ട്രേറ്റ് കോടതികൾ രൂപീകരിക്കണം.

      മുണ്ടക്കയത്ത് ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ പൂജാരി കീഴടങ്ങി

      മൂന്ന്, പലരും ഗാർഹികപീഡനം സഹിച്ച് ബന്ധത്തിൽ തുടരുന്നത് അതിൽ നിന്ന് പുറത്തു കടന്നാലുള്ള സാമ്പത്തിക പ്രതിസന്ധി ചിന്തിച്ചിട്ടാണ്. ഗാർഹിക പീഡനത്തിന് ഇരയാകുന്ന സ്ത്രീകൾക്ക് വേണ്ടി പ്രത്യേക സാമ്പത്തിക സഹായവും സ്വയം തൊഴിൽ കണ്ടെത്തുന്നതിന് പലിശരഹിത വായ്പകളും നൽകേണ്ടതാണ്.

      നാല്, സംരംഭകരായ സ്ത്രീകൾക്കായുള്ള സർക്കാരിന്റെ വിവിധ സാമ്പത്തിക പദ്ധതികൾ അവരെ മുൻനിർത്തി വീട്ടിലുള്ള പുരുഷൻമാർ കൈക്കലാക്കുന്ന പ്രവണത കണ്ടു വരുന്നുണ്ട്. ഇത് തടയാനുള്ള ഭരണപരമായിട്ടുള്ള നടപടികൾ സർക്കാർ സ്വീകരിക്കണം.

      അഞ്ച്, സ്ത്രീധനനിരോധന നിയമപ്രകാരം സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരമാണ്. നിവൃത്തികേടു കൊണ്ട് സ്ത്രീധനം നൽകേണ്ടി വരുന്ന കുടുംബത്തിനും ക്രിമിനൽ കുറ്റം നേരിടേണ്ടി വരുന്ന സാഹചര്യമാണ് ഉള്ളത്. ഈ നിയമം മാറ്റണം. സ്ത്രീധനം കൊടുക്കേണ്ടി വന്ന കുടുംബത്തിനെ ഇരയായി പ്രഖ്യാപിക്കണം. അവര് ക്രിമിനൽ കേസ് നേരിടുന്ന സാഹചര്യം ഒഴിവാക്കണം.

      ആറ്, സ്ത്രീധനത്തിൽ നിന്ന് കമ്മീഷൻ വാങ്ങി സ്ത്രീധനവിവാഹം നടത്തിക്കൊടുക്കുന്ന വിവാഹ ബ്രോക്കർമാർക്ക് എതിരെ ശക്തമായ നിയമനടപടി സർക്കാർ സ്വീകരിക്കണം.

      ഏഴ്, മാട്രിമോണിയൽ വെബ്സൈറ്റുകളിൽ ആന്റി - ഡെവറി പോളിസി സ്വീകരിക്കാൻ ആവശ്യപ്പെടണം. സ്ത്രീധനം ആവശ്യപ്പെടുന്ന പ്രൊഫൈലുകളെ റിപ്പോർട്ട് ചെയ്യാനും ബ്ലോക്ക് ചെയ്യാനുമുള്ള സംവിധാനം ഈ വെബ്സൈറ്റുകളിൽ ഉണ്ടാകേണ്ടതുണ്ട്.

      എട്ട്, സ്ത്രീധനനിരോധന നിയമപ്രകാരം നിയമിക്കേണ്ട ഡവറി പ്രൊഹിബിഷൻ ഓഫിസ് സംവിധാനം കേരളത്തിൽ കാര്യക്ഷമമാക്കണം.

      ഇത്തരത്തിലുള്ള ഗാർഹിക പീഡനങ്ങൾ തടയാൻ സർക്കാർ കൈക്കൊള്ളേണ്ട നിർദ്ദേശങ്ങൾ പങ്കുവെയ്ക്കാൻ പൊതുജനങ്ങളോടും ആവശ്യപ്പെടുന്നുണ്ട് ഫാത്തിമ തഹലിയ.
      Published by:Joys Joy
      First published:
      )}