കോഴിക്കോട്: ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചവരെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ഡോക്ടർമാർ പ്രത്യക്ഷസമരത്തിലേക്ക്. മാർച്ച് 17 ന് മെഡിക്കൽ സമരം നടത്താൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തീരുമാനിച്ചു. രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ ചികിത്സയിൽ നിന്ന് ഡോക്ടർമാർ മാറി നിൽക്കും.
തുടർച്ചയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡോക്ടർമാർക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് കടുത്ത തീരുമാനത്തിലേക്ക് ഐ എം എ എത്തിയിരിക്കുന്നത്. പ്രതിഷേധം രേഖപ്പെടുത്താൻ മറ്റൊരു പോംവഴി ഇല്ലാത്തതിനാലാണ് പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുന്നതെന്ന് ഐഎംഎ സംസ്ഥാന പ്രസിഡണ്ട് ഡോ. സുൽഫി നൂഹ് പറഞ്ഞു.
കോഴിക്കോട് ഫാത്തിമ ആശുപത്രിയിൽ ഡോക്ടറെ അക്രമിച്ച് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിയാത്തത് പോലീസിന്റെ വീഴ്ചയാണ്. പ്രതികളെ പിടികൂടിയാൽ സമരത്തിൽ പുനരാലോചന ഉണ്ടാകും. അല്ലാത്തപക്ഷം, വരുന്ന 17ന് രാവിലെ ആറ് മുതൽ വൈകുന്നേരം ആറുവരെ ചികിത്സയിൽ നിന്നും മാറിനിന്ന് സമരം നടത്താനാണ് തീരുമാനം. അതേസമയം അത്യാഹിത വിഭാഗത്തെ സമരത്തിൽ നിന്നും മാറ്റി നിർത്തും.
സിടി സ്കാൻ റിപ്പോർട്ട് ലഭിക്കാൻ വൈകിയെന്നാരോപിച്ചായിരുന്നു കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് പി.കെ.അശോകന് മർദനമേറ്റത്. സംഭവത്തിൽ ആറു പേർക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തിരുന്നു.
കഴിഞ്ഞയാഴ്ച്ച ആശുപത്രിയിൽ കുന്ദമംഗലം സ്വദേശിയായ യുവതിയുടെ നവജാതശിശു മരിച്ചിരുന്നു. ശാരീരിക അവശതകളെ തുടർന്ന് യുവതി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയായിരുന്നു. ഡോക്ടർ അനിതയാണ് യുവതിയെ ചികിത്സിച്ചിരുന്നത്. ഇതിനിടയിൽ യുവതിയുടെ സി ടി സ്കാൻ റിസൾട്ട് വൈകിയതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. ആശുപത്രി കൗണ്ടറിന്റെ ചില്ലും ചെടി ചട്ടികളും രോഗിയുടെ കൂട്ടിരിപ്പുകാർ തകർത്തു.
ഡോക്ടർ അനിതയുടെ ഭർത്താവാണ് ഹൃദ്രോഗ വിദഗ്ധനായ ഡോ. അശോകൻ. സ്ഥലത്തെത്തിയ ഡോക്ടർ അനിതയുടെ ഭർത്താവായ ഡോക്ടർ അശോകനെ ബന്ധുക്കൾ ആക്രമിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറയുന്നു. ആശുപത്രി അധികൃതരുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.