ഇടുക്കി: അങ്കണവാടി (Anganwadi) കെട്ടിടത്തിന്റെ സീലിംഗ് തകർന്നുവീണു. ഇടുക്കി (Idukki) നെടുങ്കണ്ടം പഞ്ചായത്തിലെ കുഞ്ഞൻ കോളനി അങ്കണവാടിയിലാണ് സംഭവം. രണ്ട് വര്‍ഷം മുൻപ് നിർമാണം പൂർത്തീകരിച്ച കെട്ടിടത്തിന്റെ സീലിംഗാണ് തകര്‍ന്നത്. അങ്കണവാടിയിലെ കുട്ടികൾക്ക് കളിക്കാൻ ഉപയോഗിക്കുന്ന മുറിയിലെ മേൽക്കൂരയിലെ പിവിസി ഷീറ്റ് കൊണ്ടുള്ള സീലിംഗാണ് തകർന്നുവീണത്. ഈ സമയത്ത് കുട്ടികൾ മറ്റൊരു മുറിയിൽ ആയിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
സീലിംഗ് തകര്‍ന്നു വീഴുമ്പോൾ കുട്ടികൾ തൊട്ടുത്തുള്ള പഠന മുറിയിലായിരുന്നു. മുറിയിൽ നിന്നും ശബ്ദം കേട്ട് ജീവനക്കാരിയെത്തി നോക്കിയപ്പോഴാണ് സംഭവമറിഞ്ഞത്. കളികൾക്കായി കുട്ടികളെ ഈ മുറിയിലേക്ക് കൊണ്ടുവരാന്‍ തുടങ്ങുന്നതിന് തൊട്ടുമുൻപാണ് അപകടം നടന്നത്. ഇതേ മുറിക്കുള്ളിൽ തന്നെയാണ് കുട്ടികൾക്കായുള്ള ശുചിമുറിയും ക്രമീകരിച്ചിരിക്കുന്നത്.
കുറച്ചു നാൾ മുന്‍പ് മുറിയുടെ ഒരു ഭാഗത്തെ സീലിംഗ് ഷീറ്റുകൾ തകര്‍ന്നിരുന്നു. ബാക്കി ഭാഗവും തകർന്നുവീഴാൻ സാധ്യതയുണ്ടെന്ന് അങ്കണവാടി ജീവനക്കാർ പഞ്ചായത്തിലും ഐസിഡിഎസ് അധികൃതർക്കും റിപ്പോര്‍ട്ട് നല്‍കിയെങ്കിലും വിഷയത്തിൽ നടപടികളൊന്നും ഉണ്ടായില്ല. ഈ അവസ്ഥയിലും പഞ്ചായത്തിലെ അസിസ്റ്റൻറ് എഞ്ചിനീയർ കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകി.
രണ്ട് വര്‍ഷം മുന്‍പ് 14 ലക്ഷം രൂപ മുടക്കിയാണ് സാക്ഷാരതാ മിഷന് കെട്ടിടത്തിന്റെ മുകളിൽ അങ്കണവാടിക്കായി മുറികൾ പണിതത്. നിർമാണത്തിലെ അപാകതയാണ് തകർച്ചയ്ക്ക് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിലെ വിലയിരുത്തൽ. സംഭവത്തിൽ ഐസിഡിഎസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.