തിരുവനന്തപുരം: പൊലീസ് സേവനങ്ങൾക്ക് റോബോട്ട് സംവിധാനം ഉപയോഗപ്പെടുത്തി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് കേരളാ പൊലീസ്. ഇതോടെ പൊലീസിൽ റോബോട്ടിനെ ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സേനയായി മാറിയിരിക്കുകയാണ് കേരളാ പൊലീസ്.
പൊലീസ് ആസ്ഥാനത്ത് ഇനി മുതൽ സന്ദർശകരെ റോബോട്ട് സ്വീകരിക്കും. സംസ്ഥാന പോലീസ് മേധാവിയെ കാണാനെത്തുന്നവർക്ക് വേണ്ട നിർദേശങ്ങൾ നൽകാനും അവരുടെ വിവരം ചോദിച്ചറിയാനും റോബട്ടിലൂടെ സാധിക്കും. ഒരു തവണയെത്തിയവരെ പോലും ഓർത്തുവയ്ക്കാൻ റോബോട്ടിനു ശേഷിയുണ്ടാകും. അതുകൊണ്ട് തന്നെ പൊലീസ് ആസ്ഥാനത്ത് വീണ്ടുമെത്തുന്ന സന്ദർശകർക്ക് തങ്ങളുടെ പരാതിയുടെ വിശദവിവരങ്ങൾ പെട്ടെന്ന് തന്നെ ലഭ്യമാകും.
Also read: മുഖ്യമന്ത്രിക്ക് സല്യൂട് നൽകി; പൊലീസ് മേധാവി പേരു ചോദിച്ചപ്പോൾ മിണ്ടാതെ നിന്ന് 'പൊലീസ് റോബോ'
പൊലീസ് ആസ്ഥാനത്ത് ലഭ്യമായ സേവനങ്ങളുടെ കൃത്യവും വിശദവുമായ വിവരങ്ങൾ റോബോട്ട് നൽകും. നേരിട്ട് ചോദ്യങ്ങൾ ചോദിച്ചും ലഭ്യമാക്കിയിരിക്കുന്ന സ്‌ക്രീനിന്‍റെ സഹായത്താലും വിവരങ്ങൾ മനസ്സിലാക്കാവുന്നതാണ്. സന്ദർശകർക്ക് തിരിച്ചറിയൽ കാർഡ് നൽകുവാനും ഉദ്യോഗസ്ഥരെ കാണുന്നതിന് സമയം നിശ്ചയിച്ച് നൽകാനും റോബോട്ടിൽ സൗകര്യമുണ്ട്. ഫേസ് റെക്കഗനേഷനും സ്ഫോടക വസ്തുക്കൾ കണ്ടാൽ തിരിച്ചറിയുന്ന സംവിധാനങ്ങളും ഉൾപ്പെടുത്തി റോബോട്ടിൽ മാറ്റം വരുത്താനുള്ള ശ്രമത്തിലാണ് കേരള പൊലീസ് അധികൃതർ.
കൊച്ചിയില്‍ നടന്ന കൊക്കൂണ്‍ സൈബര്‍ കോണ്‍ഫറന്‍സില്‍ വെച്ചാണ് പൊലീസ് വകുപ്പിലെ ചില ചുമതലകള്‍ നിര്‍വഹിക്കുന്നതിന് യന്ത്രമനുഷ്യന്റെ സേവനം വിനിയോഗിക്കുവാന്‍ തീരുമാനിച്ചത്. തുടര്‍ന്നാണ് കൊച്ചിയിലെ സ്റ്റാര്‍ട്ട് അപ്പ് സംരംഭമായ അസിമോവ് റോബോട്ടിക്സ് എന്ന സ്ഥാപനവുമായി ചേര്‍ന്ന് കേരള പൊലീസ് സൈബര്‍ ഡോം എന്ന സംവിധാനം വികസിപ്പിച്ചെടുത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala police, Kerala Police Facebook page, Kerala police Facebook post