തിരുവനന്തപുരം: സിപിഎം (CPM) പാളയം ലോക്കൽ (Palayam) സമ്മേളനത്തിൽ നാടകീയ രംഗങ്ങൾ. ലോക്കൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന നേതാവിനെതിരേ സമ്മേളന ഹാളിൽ വച്ച് വനിതാ അംഗം പീഡന പരാതി (Sexual Harrasment) ഉയർത്തി. തുടർന്ന് മറ്റൊരു ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെട്ട ഏര്യാ നേതാവ് ഐ പി ബിനുവിനെ പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയാക്കി നേതൃത്വം തടിതപ്പുകയായിരുന്നു.
പാർട്ടി ആസ്ഥാനമായ എ കെ ജി സെൻ്റർ ഉൾപ്പെടുന്ന ലോക്കൽ കമ്മിറ്റിയുടെ സമ്മേളനമാണ് നാടകീയ സംഭവങ്ങൾക്ക് സാക്ഷിയായത്. മുതിർന്ന നേതാവിനെതിരേയായിരുന്നു വനിതാ അംഗത്തിൻ്റെ പീഡന പരാതി.
സമ്മേളന ഹാളിൽ ജില്ലാ സെക്രട്ടറിയും സംസ്ഥാന നേതാവും എത്തിയതോടെ വനിതാ അംഗം നിലവിളിയോടെ നേതാക്കൾക്കടുത്തെത്തി. തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ സെക്രട്ടറി ആക്കിയാൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിയും മുഴക്കി. ഇതോടെ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പുതിയ നിർദേശം മുന്നോട്ടു വച്ചു. ഏര്യാ കമ്മിറ്റി ചുമതലക്കാരനും നഗരസഭ മുൻ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ഐ.പി. ബിനു ലോക്കൽ കമ്മിറ്റി സെക്രട്ടറിയാകും. ജനറൽ ഹോസ്പിറ്റൽ ലോക്കൽ കമ്മിറ്റിയിയായിരുന്നു ഇരു ഐ.പി.ബിനുവിൻ്റെ പ്രവർത്തന മേഖല.
ആരോപണ വിധേയനേയും പരാതിക്കാരിയേയും പുതിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തുകയും ചെയ്തു. പാളയത്ത് നേരത്തേ സംഘടനാ വിഷയങ്ങൾ ഉണ്ടായിരുന്നെന്ന് നേതൃത്വം പറയുന്നു.
ലോക്കൽ സെക്രട്ടറി സ്ഥാനം ലക്ഷ്യമിട്ടുള്ള ചിലരുടെ നീക്കങ്ങളാണ് പീഡന പരാതിക്ക് പിന്നിലെന്നും വിലയിരുത്തലുണ്ട്. സമ്മേളന കാലം കഴിഞ്ഞാൽ ഏര്യാ നേതാവടക്കമുള്ളർക്കെതിരേ നടപടിക്കും സാധ്യതയുണ്ട്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.