കോഴിക്കോട്:കുറച്ച് പേർ കൂടി പാർട്ടിയിൽ നിന്ന് പോവാനുണ്ടെന്നും, അവർ കൂടി പോയാൽ എല്ലാം ശരിയാകുമെന്നും കെ.മുരളീധരൻ. ഡി. സി. സി സംഘടിപ്പിച്ച കളക്ട്രറേറ്റ് ധര്‍ണ്ണ ഉദ്ഘടനം ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു നേതാക്കള്‍ പാര്‍ട്ടി വിടുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് കെ. മുരളീധരന്റെ പരിഹാസം നിറഞ്ഞ മറുപടി. കെ. പി. അനില്‍ കുമാറിന് പിന്നാലെ പി. വി. ബാലചന്ദ്രനും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചല്ലോ എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം. കുറച്ച് പേര് കൂടി പാര്‍ട്ടിയില്‍ നിന്ന് പോവാനുണ്ടെന്നും, അവര്‍ കൂടി പോയാല്‍ എല്ലാം ശരിയാകുമെന്നുമായിരുന്നു ചോദ്യത്തിന് കെ.മുരളീധരന് നല്കിയ മറുപടി.
മോന്സണ് വിഷയം സിബിഐ അന്വേഷണമെന്നും കെ.മുരളീധരന് ആവശ്യപ്പെട്ടു. കേരളത്തിലെ എല്ലാ കേസുകളും അട്ടിമറിക്കാന്‍ അന്വേഷണ ചുമതല ഏല്‍പ്പിക്കുന്ന ഉദ്യോഗസ്ഥനാണ് ഐ. ജി. ശ്രീജിത്ത്. അദ്ദേഹം അന്വേഷിച്ച കേസുകള്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ മനസിലാവും. മോന്സണ് കേസും ശ്രീജിത്തിനെ ഏല്‍പ്പിച്ചതിന് പിന്നില്‍ അന്വേഷണം അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ശ്രീജിത്തിന്റെ മേല്നോട്ടത്തിക്കുള്ള അന്വേഷണം ഫലപ്രാപ്തിയില്ല. അതിനാല്‍ സര്‍ക്കാര്‍ സി. ബി. ഐ അന്വേഷണം ആവശ്യപ്പെടണം.
മോന്സണ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളെ ചൂണ്ടികാണിച്ച് യഥാര്‍ത്ഥ കളളന്മാരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് കെ. സുധാകരന് നേരെയുള്ള ആക്രമണം. കെ. പി. സി. സി പ്രസിഡന്റ് ആണ് പറയുന്നത് സി. ബി. ഐ അന്വേഷണം വേണമെന്ന്. അന്തരാഷ്ട്ര കള്ളക്കടത്തുകാരുമായി ബന്ധമുള്ള പിണറായി സര്‍ക്കാര്‍ മാറി. മോന്സണ് കേസ് അന്താരാഷ്ട്ര ബന്ധമുള്ളതിനാല്‍ കേസ് സി. ബി. ഐ അന്വേഷിക്കണമെന്നാണ് കോണ്‍ഗ്രസ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാരിന്റെ നേരിടുള്ള പ്രളയതട്ടിപ്പ് സി.ബി.ഐ അന്വേഷിക്കണമെന്നും കെ.മുരളീധരന് പറഞ്ഞു. പ്രളയ തട്ടിപ്പ് കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട്കോഴിക്കോട് ഡി. സി. സി. സംഘടിപ്പ കളക്ട്രറേറ്റ് ധര്‍ണ്ണയില്‍ ഡി. സി. സി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ അധ്യക്ഷനായിരുന്നു.
അതേ സമയം പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപോയി. കേസിലെ പ്രതിയായ മോണ്സന് മാവുങ്കലിനെ കുറിച്ച് രണ്ടര വര്‍ഷം മുമ്പ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിട്ടും സര്‍ക്കാര്‍ നോക്കി നിന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ അന്വേഷണം നടത്തുകയായിരുന്നുവെന്നും സുഖ ചികിത്സക്ക് ആരെല്ലാമാണ് പോയതെന്ന് അറിയാമായിരുന്നുവെന്നുമാണ് ഭരണപക്ഷവും മുഖ്യമന്ത്രിയും ഇതിനോട് പ്രതികരിച്ചത്.
മോണ്സന് മാവുങ്കലിന്റെ മ്യൂസിയത്തില്‍ സന്ദര്‍ശന നടത്തിയ മുന്‍ ഡിജിപി ലോക്നാഥ് ബെഹറയെ സംരക്ഷിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. മോണ്‍സണില്‍ നിന്ന് ചികിത്സ തേടിയ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ന്യായീകരിച്ചു.
മോണ്സന് പോലീസ് കാവലേര്‍പ്പെടുത്തിയെന്നും ശബരിമലയില്‍ വ്യാജ ചെമ്പോലയുണ്ടാക്കി ജനങ്ങളെ കബളിപ്പിച്ചുവെന്ന് പി.ടി.തോമസ് ആരോപിച്ചു. മോണ്‍സനെ കുറിച്ച് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഉണ്ടായിട്ടും രണ്ടേകാല്‍ വര്‍ഷം എന്തെടുക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ചോദിച്ചു. പുരാവസ്തുക്കളെ സംബന്ധിച്ച് പരിശോധന നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, പുരാവസ്തു വകുപ്പ് എന്നിവരോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.