കൊല്ലം: മായം ചേര്‍ക്കല്‍ സംബന്ധിച്ച് ഭക്ഷ്യ- ക്ഷീര വികസന വകുപ്പുകള്‍ തമ്മില്‍ തര്‍ക്കത്തിന് ഇടയാക്കിയ തമിഴ്നാട്ടില്‍ നിന്നുള്ള 15300 ലിറ്റര്‍ പാല് ഇന്ന് നശിപ്പിക്കും. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കസ്റ്റഡിയിൽ തെന്മല പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന പാൽ ഇന്നലെ ക്ഷീര വികസന വകുപ്പിന് കൈമാറിയിരുന്നു. സംഭവത്തില്‍ മായം ചേർക്കൽ കുറ്റത്തിന് കേസെടുത്തിട്ടില്ലാത്തതിനാൽ ഇതുമായി ബന്ധപ്പെട്ട നടപടികൾ ഇതോടെ അവസാനിക്കും.
പിടിച്ചെടുത്ത ടാങ്കർ ലോറി അന്യായമായി കസ്റ്റഡിയിൽ വച്ചിരിക്കുന്നുവെന്ന് കാട്ടി ആലപ്പുഴ അഗ്രിസോഫ്ട് മിൽക്ക്സ് ഉടമസ്ഥൻ ഫയൽ ചെയ്ത ഹർജിയിൽ പാൽ ക്ഷീര വികസന വകുപ്പിന് കൈമാറാനും നശിപ്പിക്കാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പഞ്ചായത്തിന്റെ സഹായത്തോടെ പാൽ നശിപ്പിച്ച് ടാങ്കർ ലോറി ഉടമയ്ക്ക് കൈമാറണമെന്നാണ് കോടതിയുടെ ഉത്തരവ്.
സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ക്ഷീര വികസന വകുപ്പിന് വേണ്ടി ഹാജരായ സർക്കാർ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ജനുവരി 11ന് രാവിലെ 5 മണിയോടെയാണ് ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ വച്ച് തെങ്കാശിയിലെ കർഷകരിൽ നിന്ന് ശേഖരിച്ച പാലുമായി ആലപ്പുഴയിലേക്ക് പോവുകയായിരുന്ന ടാങ്കർ ലോറി ക്ഷീര വികസന വകുപ്പ് പിടികൂടിയത്.
വിവിധ റീ ഏജന്റുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ പാലില്‍ ഹൈഡ്രജൻ പെറോക്സൈഡിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. തുടര്‍ന്ന് വിശദ പരിശോധനയ്ക്കായി ടാങ്കർ ഭക്ഷ്യസുരക്ഷാ വകുപ്പിന് കൈമാറുകയായിരുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തിരുവനന്തപുരത്തെ ലാബിൽ നടത്തിയ പരിശോധനയിൽ ഹൈഡ്രജൻ പെറോക്സൈഡ് സാന്നിദ്ധ്യം കണ്ടെത്താനായില്ല. ഇതോടെയ ഇരുവകുപ്പുകൾ തമ്മിൽ തർക്കം രൂക്ഷമായി.
തെന്മല പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ടാങ്കർ ലോറിയിൽ നിന്ന് ഇന്നലെ രാവിലെ 9 മണിയോടെ പത പോലെയുള്ള ദ്രാവകം നുരഞ്ഞുപൊന്തിയിരുന്നു. രാസമാറ്റം സംഭവിച്ച് ടാങ്കറിനുള്ളിൽ മർദ്ദമേറി വാൽവിന്റെ ഭാഗത്ത് പൊട്ടൽ സംഭവിച്ചാണ് ചോർച്ചയുണ്ടാകാന്‍ കാരണം.
അതേസമയം പാലിന്റെ സാമ്പിൾ ക്ഷീര വികസന വകുപ്പിന്റെ തിരുവനന്തപുരത്തെ അക്രഡിറ്റഡ് ലാബിൽ പരിശോധിച്ചതായും എന്നാൽ ഫലം പുറത്തുവിട്ടില്ലെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ആരോപിച്ചു.
Also Read-പിടികൂടിയ പാലിന്റെ പരിശോധനാഫലം; ഭക്ഷ്യ സുരക്ഷാ വകുപ്പിനെതിരെ മന്ത്രി ജെ. ചിഞ്ചുറാണി
വാഹനം വിട്ടുനൽകുന്നതിന് മുമ്പ് ക്ഷീരവികസന വകുപ്പ് അധികൃതരോട് രേഖാമൂലം റിപ്പോർട്ട് ആവശ്യപ്പെട്ടെങ്കിലും പ്രതികരണം ഉണ്ടായില്ല. അതിനാൽ നടപടികൾ അവസാനിപ്പിച്ചതായും ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യക്തമാക്കി. ക്ഷീരവികസന വകുപ്പിന്റെ ലാബിലും മായം കണ്ടെത്താനായിട്ടില്ലെന്നും അതിനാലാണ് ഫലം പുറത്തുവിടാത്തതെന്നും ആക്ഷേപമുണ്ട്. യഥാസമയം പരിശോധന നടത്താതെ ഭക്ഷ്യസുരക്ഷാ വകുപ്പ് വീഴ്ച വരുത്തിയതാണ് മായം കണ്ടെത്താൻ കഴിയാത്തതിന് കാരണമെന്നാണ് ക്ഷീര വികസന വകുപ്പിന്റെ വാദം.
പാലിൽ മായം കലർന്നിട്ടില്ലെന്ന കണ്ടെത്തിയതോടെ ഭക്ഷ്യസുരക്ഷാ വകുപ്പിനെതിരെ മന്ത്രി ജെ ചിഞ്ചുറാണി രംഗത്തെത്തിയിരുന്നു. രണ്ടുവട്ടം പരിശോധന നടത്തിയെന്നും വീഴ്ചയുണ്ടായിട്ടില്ലെന്നും മന്ത്രി വീണാ ജോർജും പ്രതികരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.