നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • പാലായ്ക്ക് പിന്നാലെ ഇടതുമുന്നണിക്ക് തലവേദനയായി വടകരയും; സീറ്റിനായി അവകാശവാദം ഉന്നയിച്ച് ജനതാ പാര്‍ട്ടികള്‍

    പാലായ്ക്ക് പിന്നാലെ ഇടതുമുന്നണിക്ക് തലവേദനയായി വടകരയും; സീറ്റിനായി അവകാശവാദം ഉന്നയിച്ച് ജനതാ പാര്‍ട്ടികള്‍

    പാലായിൽ എൻ.സി.പിയുടെ സിറ്റിങ് സീറ്റിനായി കേരളാ കോൺഗ്രസ്സ് (എം) ആവശ്യം ഉന്നയിക്കുമ്പോൾ, വടകരയിൽ ജെ.ഡി.എസ് സീറ്റ് ഇക്കുറി തങ്ങൾക്ക് വേണമെന്നാണ് എൽ.ജെ.ഡിയുടെ ആവശ്യം.

    Vadakara

    Vadakara

    • Share this:
    കോഴിക്കോട്: പാലായില്‍ എന്‍സിപിയുടെ സിറ്റിങ് സീറ്റിനായി കേരള കോണ്‍ഗ്രസ് അവകാശവാദം ഉന്നയിക്കുമ്പോള്‍, വടകരയില്‍ ജനതാദളിന്റെ സീറ്റ് നോട്ടമിട്ടാണ് എല്‍.ജെ.ഡിയുടെ നീക്കം. വടകര വിട്ടുകൊടുത്തുള്ള യാതൊരു നീക്കുപോക്കുമില്ലെന്നാണ് ജനതാദള്‍ എസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ.ലോഹ്യ ന്യൂസ് 18നോട് പറഞ്ഞു.

    സീറ്റ് എൽ.ജെ.ഡിക്ക് അവകാശപ്പെട്ടതാണെന്ന് കഴിഞ്ഞദിവസം എൽജെഡി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ പ്രസ്താവന ഇറക്കിയിരുന്നു. പാർട്ടിക്ക് അവകാശപ്പെട്ട സീറ്റിൽ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചതായും വടകര മേഖലയിൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മികച്ച വിജയമാണ് എൽ.ജെ.ഡി കരസ്ഥമാക്കിയതെന്നുമായിരുന്നു മനയത്തിന്റെ നിലപാട്.

    എന്നാൽ എൽജെഡി വന്നതു കൊണ്ട് തദ്ദേശ തിരഞ്ഞെടുപ്പിൽ വടകര മേഖലയിൽ എൽഡിഎഫിന് നേട്ടമുണ്ടായിട്ടില്ലെന്നും കെ.ലോഹ്യ തിരിച്ചടിച്ചു. അഴിയൂർ, ഏറാമല, ഒഞ്ചിയം പഞ്ചായത്തുകളിൽ എൽജെഡിക്ക് അംഗങ്ങൾ കുറയുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

    കാലങ്ങളായി ജനതാദൾ എസ് മത്സരിക്കുന്ന നിയമസഭ മണ്ഡലമാണ് വടകര. ഈ സീറ്റിനായി അവകാശ വാദം ഉന്നയിക്കുകയും സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിക്കുകയും ചെയ്ത എൽജെഡി ജില്ലാ പ്രസിഡന്റിന്റെ നിലപാട് മുന്നണി മര്യാദയുടെ ലംഘമാണ്. കഴിഞ്ഞ കാലങ്ങളിൽ യു.ഡി.എഫിന്റെ ഭാഗമായിരുന്നപ്പോൾ തുടർന്ന നടപടികൾ ഇടത് മുന്നണിയിൽ നടപ്പില്ലെന്നും ലോഹ്യ വ്യക്തമാക്കി.

    You may also like:തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ താല്‍പര്യം പരസ്യമാക്കി ഇബ്രാഹിംകുഞ്ഞ്; ലീഗ് നേതൃത്വം പ്രതിസന്ധിയില്‍

    നിലവില്‍ ജനതാദള്‍ എസിലെ സി.കെ.നാണു പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് വടകര. കഴിഞ്ഞ തവണ യുഡിഎഫില്‍ ജെഡിയുവിന് വേണ്ടി മത്സരിച്ചത് ഇപ്പോള്‍ എല്‍.ജെ.ഡി ജില്ലാ പ്രസിഡന്റായ മനയത്ത് ചന്ദ്രനാണ്. രണ്ടു കക്ഷികളും ഇടതു മുന്നണിയിലായതോടെയാണ് സീറ്റ് വിഭജനം കീറാമുട്ടിയായത്. വടകരയിൽ മനയത്ത് ചന്ദ്രന്‍ ഇക്കുറിയും മത്സരത്തിന് ഒരുങ്ങുന്നതാണ് ജനതാ പാർട്ടികൾ തമ്മിലുള്ള തർക്കം പരസ്യമായ ഏറ്റുമുട്ടലിലേക്ക് എത്തിച്ചത്.
    You may also like:ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ മകളെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ച സംഭവം: പൊലീസ് കേസെടുത്തു

    എൽ.ജെ.ഡി അവകാശവാദം ഉന്നയിച്ച സ്ഥിതിക്ക് അടുത്ത മാസം 14ന് ജനതാദൾ വടകര മണ്ഡലം കൺവൻഷനും വിളിച്ച് ചേർത്തിട്ടുണ്ട്. എല്‍.ജെ.ഡി, ജെ.ഡി.എസ് ലയനചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴാണ് വടകരയുടെ പേരിലുള്ള കലഹം മുന്നണിക്കു തന്നെ തലവേദനയാവുന്നത്. വടകര സീറ്റ് വേണമെന്ന നിലപാടില്‍ ഇരു പാര്‍ട്ടികളും ഉറച്ചുനിന്നാല്‍ അത് ലയനത്തെയും പ്രതികൂലമായി ബാധിക്കും.

    ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൽജെഡിക്ക് ഉണ്ടായ നേട്ടം ചൂണ്ടി കാണിച്ചതാണ് വടകര സീറ്റിനായി മനയത്ത് ചന്ദ്രൻ അവകാശവാദം ഉന്നയിക്കുന്നത്. പാലായിലും, വടകരയിലും സമാനമായ വെല്ലുവിളിയാണ് ഇടതുമുന്നണി നേരിടുന്നത്. പാലായിൽ എൻ.സി.പിയുടെ സിറ്റിങ് സീറ്റിനായി കേരളാ കോൺഗ്രസ്സ് (എം) ആവശ്യം ഉന്നയിക്കുമ്പോൾ, വടകരയിൽ ജെ.ഡി.എസ് സീറ്റ് ഇക്കുറി തങ്ങൾക്ക് വേണമെന്നാണ് എൽ.ജെ.ഡിയുടെ ആവശ്യം. പാലായിയുടെ പേരിൽ എൻ.സി.പി മുന്നണി വിടാൻ തയ്യാറെടുക്കുമ്പോൾ, വടകരയിലെ പ്രശ്നം ഇടത് മുന്നണി എങ്ങനെ പരിഹരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.

    യു.ഡി.എഫിൽ സീറ്റിനായി മുസ്ലിം ലീഗ് വടകര സീറ്റ് വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. പൊതു സ്വതന്ത്രയായി ഇവിടെ കെ.കെ.രമയെ സ്ഥാനാർത്ഥിയാക്കുവാനാണ് ലീഗ് ലക്ഷ്യമിടുന്നത്. അങ്ങനെ വന്നാൽ കോഴിക്കോട് ജില്ലയിലെ പല മണ്ഡലങ്ങളിലും ആർ.എം.പിയുടെ സഹായം മുന്നണിക്ക് കിട്ടുമെന്നാണ് ലീഗിന്റെ കണക്കു കൂട്ടൽ.
    Published by:Naseeba TC
    First published:
    )}