• HOME
 • »
 • NEWS
 • »
 • kerala
 • »
 • വിദ്യാർത്ഥികൾക്ക് കൈത്താങ്ങുമായി 'അമ്മ'; ടാബുകൾ വിതരണം ചെയ്ത് താരസംഘടന

വിദ്യാർത്ഥികൾക്ക് കൈത്താങ്ങുമായി 'അമ്മ'; ടാബുകൾ വിതരണം ചെയ്ത് താരസംഘടന

കൊച്ചിയിൽ നടന്ന ചടങ്ങിൽ 'അമ്മ' പ്രസിഡന്റ്‌ മോഹൻലാൽ ടാബുകൾ വിതരണം ചെയ്‌തു

ടാബ്‌ലെറ്റ് വിതരണ ചടങ്ങിൽ നിന്നും

ടാബ്‌ലെറ്റ് വിതരണ ചടങ്ങിൽ നിന്നും

 • Share this:
  കൊച്ചി: കോവിഡ് പ്രതിസന്ധി കാലത്ത് ഓൺലൈൻ പഠനത്തിന് സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് സഹായവുമായി താരസംഘടനയായ 'അമ്മ' (AMMA). 'ഒപ്പം അമ്മയും' എന്ന പദ്ധതിയിലൂടെയാണ് 'അമ്മ' വിദ്യാർത്ഥികൾക്ക് പഠന സഹായമായി ടാബ് നൽകിയത്. 'അമ്മയുടെ' യുട്യൂബ് ചാനലിന്റെ ഉദ്ഘാടനവും കൊച്ചിയിൽ നടന്നു.

  കേരളത്തിലെ 14 ജില്ലകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 100 വിദ്യാർത്ഥികൾക്കാണ് സഹായം നൽകിയത്. കൊച്ചിയിൽ നടന്ന ചടങ്ങിൽ 'അമ്മ' പ്രസിഡന്റ്‌ മോഹൻലാൽ ടാബുകൾ വിതരണം ചെയ്‌തു. മഹാമാരിയൊഴിഞ്ഞ്, ആഘോഷങ്ങൾ സജീവമായ നല്ല നാളുകൾ തിരികെ വരട്ടെയെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കവെ മോഹൻലാൽ പറഞ്ഞു.

  സംഘടനയുടെ ഏറ്റവും ശ്രേഷ്ഠമായ കർമ്മമാണ് പഠനോപകരണ വിതരണം. മഹാമാരി മൂലം കടുത്ത പ്രതിസന്ധിയിലൂടെയാണ് സിനിമാ മേഖല കടന്നു പോകുന്നത്. ഐശ്വര്യസമൃദ്ധമായ പുതുവർഷം ആവട്ടെ നമ്മൾ ഓരോരുത്തർക്കും. ഏവർക്കും ഹൃദയം നിറഞ്ഞ ചിങ്ങപ്പുലരി ആശംസകളും മോഹൻലാൽ നേർന്നു.

  ഹൈദരാബാദിൽ സിനിമാ ചിത്രീകരണത്തിൻ്റെ തിരക്കിലായിരുന്ന മോഹൻലാൽ ചടങ്ങിൽ പങ്കെടുക്കാൻ മാത്രമാണ് കൊച്ചിയിലെത്തിയത്. ചടങ്ങിനു ശേഷം ഹൈദരാബാദിലേക്ക് മടങ്ങുകയും ചെയ്തു. പൃഥിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയിലാണ് മോഹൻലാൽ അഭിനയിച്ച് വന്നിരുന്നത്.

  തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് അതാതു ജില്ലകളിൽ നിന്ന് ടാബുകൾ വാങ്ങാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. മുതിർന്ന നടി കവിയൂർ പൊന്നമ്മയെ ചടങ്ങിൽ ആദരിച്ചു. സംഘടനയിലെ അംഗങ്ങൾക്കുള്ള ഓണക്കിറ്റിൻ്റെ വിതരണോദ്ഘാടനവും ചടങ്ങിൽ നടന്നു.  'അമ്മ' യുടെ ഏതെങ്കിലും ഒരു അംഗത്തിന്റെ നിർദ്ദേശത്തിലോ (അവരുടെ സാക്ഷ്യപത്രത്തോടൊപ്പം) വാർഡ് കൗൺസിലർമാരുടെയോ മറ്റു ഔദ്യോഗിക ജനപ്രനിധിയുടെയോ ശുപാർശ്ശയുടെ രേഖകൾ കൂടെ ഉൾപ്പെടുത്തി, പൂർണ്ണ വിവരങ്ങൾ അടങ്ങിയ കത്തിനോടൊപ്പം വിലാസം, ബന്ധപ്പെടുവാനുള്ള മൊബൈൽ നമ്പർ, കൂട്ടി പഠിക്കുന്ന സ്കൂൾ, ക്ലാസ്, പേര് തുടങ്ങിയ വിവരങ്ങൾ അടക്കം എത്തിയ അപേക്ഷകളിൽ വിശദമായ പരിശോധന നടത്തിയാണ് ടാബുകൾ വിതരണം ചെയ്തത്.

  ആയിരത്തിലധികം കത്തുകളും മുന്നൂറ്റമ്പത് ഇ-മെയിലുകളുമാണ് സഹായമഭ്യർത്ഥിച്ച് എത്തിയതെന്ന് 'അമ്മ' ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. കൂടുതൽ കുട്ടികളിലേക്ക് സഹായം എത്തിയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. സംഘടനയ്ക്ക് ലഭിച്ച കത്തുകളിൽ നിന്നും ആവശ്യമായ അന്വേഷണം നടത്തി തീർത്തും അർഹരായ 100 പേർക്കാണ് ടാബുകൾ വിതരണം ചെയ്തത്.

  നേരത്തെ 'അമ്മ' അംഗങ്ങൾക്കും കുടുംബങ്ങൾക്കും സഹയാത്രികർക്കും സിനിമാ പ്രവർത്തകർക്കും ഓഫീസിനോട് ചേർന്നുള്ള റെസിഡൻസ് അസോസിയേഷൻ അംഗങ്ങൾക്കും പരിസര വാസികൾക്കും സൗജന്യമായി 'വാക്സിനേഷൻ ഡ്രൈവ്' അമ്മ സംഘടിപ്പിച്ചിരുന്നു.

  താരങ്ങളായ സിദ്ധിഖ്, മനോജ് കെ. ജയൻ, ബാബുരാജ്, ടിനി ടോം, ടൊവിനോ തോമസ്, ആസിഫ് അലി, അജു വർഗീസ്, രമേഷ് പിഷാരടി, രചന നാരായണൻകുട്ടി, അനു സിതാര, അനുശ്രീ, പാരിസ് ലക്ഷ്മി, നമിത പ്രമോദ് എന്നിവരടക്കം നിരവധി ചലച്ചിത്ര പ്രവർത്തകർ ചടങ്ങിനെത്തി.
  Published by:user_57
  First published: