തിരുവനന്തപുരം: കെപിസിസി പുനസംഘടനയുടെ അന്തിമ രൂപരേഖ ഇന്ന് തയ്യാറായേക്കും. അന്തിമപട്ടികയ്ക്ക് രൂപം നൽകാൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ സംസ്ഥാനത്തെ പ്രധാന നേതാക്കളുമായി ഇന്ന് ചർച്ച നടത്തും.
കെപിസിസി ആസ്ഥാനത്ത് നടക്കുന്ന ചർച്ചയിൽ പ്രതിപക്ഷനേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവരടക്കമുള്ള പ്രമുഖർ പങ്കെടുക്കും. വിവിധ ഘട്ടങ്ങളിലായി നടന്ന ചർച്ചകളെ തുടർന്ന് തയ്യാറാക്കിയ കരട് പട്ടികയിൽ ഗ്രൂപ്പ് നേതാക്കളുടെ നിലപാട് ഇന്നറിയാം.
പാർട്ടിയുടെയും നിയമസഭാകക്ഷിയുടെയും തലപ്പത്ത് ഗ്രൂപ്പ് പരിഗണന നൽകാതെയാണ് ഹൈക്കമാൻഡ് നിയമനം നടത്തിയത്. പക്ഷേ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും നയിക്കുന്ന എ, ഐ ഗ്രൂപ്പുകൾ സംസ്ഥാനത്തെ പ്രധാന ശക്തികേന്ദ്രമാണിപ്പോഴും. പാർട്ടി പുനഃസംഘടന വരുമ്പോൾ ഇരുനേതാക്കളും എടുക്കുന്ന നിലപാട് അതുകൊണ്ടുതന്നെ അതിപ്രധാനമാണ് താനും.
ഗ്രൂപ്പ് പരിഗണന നൽകാതെ പൊതുവായി നിശ്ചയിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് കരട് പട്ടിക രൂപം നൽകിയത്. ഡിസിസി അധ്യക്ഷൻമാരെ നിയമിക്കുന്നതാണ് ആദ്യഘട്ട നടപടി. ഇന്ന് നടക്കുന്ന കൂടിക്കാഴ്ചയിൽ ഓരോ ജില്ലയിലും പരിഗണനാ ലിസ്റ്റിലുള്ളവരുടെ പേരുകൾ കെപിസിസി അധ്യക്ഷൻ നേതാക്കളെ അറിയിക്കും.
Also Read-'ഇനിയും പ്രതിസന്ധിഘട്ടങ്ങളിൽ എന്നെ വേണ്ടിവരും': കോൺഗ്രസ് നേതൃത്വത്തിനെതിരെ കെ. മുരളീധരന്റെ ഒളിയമ്പ്
തങ്ങളുടെ ഇഷ്ടക്കാർക്കായി ഗ്രൂപ്പ് നേതാക്കൾ സമ്മർദ്ദം ചെലുത്തുമോ എന്നതാണ് നിർണായകം. പൂർണമായും മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് നിയമനം നടത്തുക എന്ന് പറയുമ്പോഴും ലിസ്റ്റിലുള്ളവരെല്ലാം ഓരോ ഗ്രൂപ്പിന്റെ ഭാഗമാണ്. പക്ഷേ പുനഃസംഘടനയിൽ പരിഗണിക്കുന്നതിന് ഗ്രൂപ്പ് എന്ന മാനദണ്ഡം ബാധകമാകില്ല എന്ന് ആവർത്തിക്കുകയാണ് കെപിസിസി നേതൃത്വം.
പതിവുപോലെ പുനഃസംഘടന ഉണ്ടാകുമ്പോൾ ഉണ്ടാകാറുള്ള ഗ്രൂപ്പ് നീക്കങ്ങളൊന്നും ഇത്തവണ ഉണ്ടായിട്ടില്ല. ഗ്രൂപ്പ് വികാരം പ്രകടിപ്പിക്കുന്ന തരത്തിലുള്ള നിർദ്ദേശങ്ങളൊന്നും പ്രധാന നേതാക്കൾ നൽകിയിട്ടുമില്ല. കാര്യമായ ഏറ്റുമുട്ടലുകൾ ഒന്നുമില്ലാതെ പുനഃസംഘടന പൂർത്തിയാവാനാണ് സാധ്യത.
ഇന്നു നടക്കുന്ന ചർച്ചയിൽ ധാരണയുണ്ടായാൽ ഹൈക്കമാൻഡിന് അനുമതിയോടെ അടുത്ത ആഴ്ചയോടെ ഡിസിസി അധ്യക്ഷൻമാരെ പ്രഖ്യാപിക്കാനാണ് നീക്കം. പിന്നാലെ കെപിസിസി യുടെയും ഡിസിസി യുടെയും ഭാരവാഹികളെ നിശ്ചയിക്കും. ഭാരവാഹികളെ നിശ്ചയിക്കാനുള്ള മാനദണ്ഡം നേരത്തെ തന്നെ തയ്യാറാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: K sudhakaran, Kpcc, Kpcc reshuffling