തിരുവനന്തപുരം: കെ എസ് എഫ് ഇ പ്രവാസി ചിട്ടി പരാജയമാണെന്ന പ്രചാരണം ശരിയല്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ചിട്ടി നടത്തിപ്പിന്റെ സാങ്കേതിക വശങ്ങളെപ്പറ്റി കൃത്യമായി അറിവില്ലാത്തവരാണ് ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞവർഷം നവംബറിൽ മാത്രം വരിസംഖ്യ സ്വീകരിച്ചു തുടങ്ങിയ പ്രവാസി ചിട്ടി ഏഴുമാസം കൊണ്ട് അന്‍പതു കോടിയോളം രൂപ സമാഹരിച്ചു കഴിഞ്ഞതായും ധനമന്ത്രി അറിയിച്ചു. ഇതിനോടകം 240ലേറെ ചിട്ടികള്‍ ആരംഭിക്കുകയും ആയിരത്തോളം പേര് ചിട്ടി വിളിച്ചെടുക്കുകയും ചെയ്തിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കുന്നു.
ധനമന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
കെഎസ്എഫ്ഇ പ്രവാസി ചിട്ടി പരാജയമാണെന്ന പ്രചാരണം ശരിയല്ല. ചിട്ടി നടത്തിപ്പിന്റെ സാങ്കേതിക വശങ്ങളെപ്പറ്റി കൃത്യമായി അറിവില്ലാത്തവരാണ് ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നിൽ. കഴിഞ്ഞവർഷം നവംബറിൽ മാത്രം വരിസംഖ്യ സ്വീകരിച്ചുതുടങ്ങിയ പ്രവാസി ചിട്ടി ഏഴുമാസം കൊണ്ട് അന്‍പതു കോടിയോളം രൂപ സമാഹരിച്ചു കഴിഞ്ഞു. ഇതിനോടകം 240ലേറെ ചിട്ടികള്‍ ആരംഭിക്കുകയും ആയിരത്തോളം പേര് ചിട്ടി വിളിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
ഇപ്പോൾ ആരംഭിച്ചിട്ടുള്ള ചിട്ടികളുടെ മാത്രം കാലാവധി പൂർത്തിയാകുമ്പോൾ 310 കോടിയിലേറെ രൂപയുടെ വിറ്റുവരവാണ് ഉണ്ടാകുക. അതിന്റെ ആദ്യഗഡുക്കള്‍ മാത്രമാണ് ഇപ്പോഴത്തെ അന്പതുകോടി. ചിട്ടിയെന്നാൽ ഒറ്റ മാസത്തേക്കുള്ള നിക്ഷേപമല്ല, മറിച്ച് നിശ്ചിത കാലാവധിയിലേക്കു നീളുന്ന ഒന്നാണ്. കുറഞ്ഞത് രണ്ടുവർഷമാണ് ഓരോ ചിട്ടിയും പൂർത്തിയാകുന്നതിനുള്ള കാലാവധി. അതുകൊണ്ടുതന്നെ ഓരോ മാസവും വിറ്റുവരവ് വർധിച്ചുകൊണ്ടിരിക്കും. ആദ്യം തുടങ്ങിയ പ്രവാസിച്ചിട്ടികളുടെ കാലാവധിപോലും 2020ൽ മാത്രമേ പൂർത്തിയാകുകയുള്ളു. അപ്പോഴാണ് അവയുടെ പൂർണമായ വിറ്റുവരവ് ലഭ്യമാകുക.
ഓരോ ചിട്ടി തുടങ്ങുമ്പോഴും അതിന്റെ ആദ്യഗഡു തുകയാണ് ബോണ്ടായി കിഫ്ബിയില്‍ നിക്ഷേപിക്കുന്നത്. അതോടൊപ്പം ചിട്ടി പിടിച്ചവർ ആ തുക സ്ഥിര നിക്ഷേപമാക്കിയാല്‍ അതും കിഫ്ബി ബോണ്ടാക്കി മാറ്റും. ഓരോ മാസവും ലേലം നടത്തിയശേഷം തൊട്ടടുത്ത മാസത്തെ ലേലത്തിയതി വരെയാണ് അതതു മാസങ്ങളിലെ ഗഡുക്കൾ അടയ്ക്കാൻ ഇടപാടുകാർക്ക് സാവകാശമുള്ളത്.
ഇത്തരത്തിൽ ഓരോ ഇടപാടുകാരും അടയ്ക്കുന്ന ചിട്ടിത്തവണയ്ക്ക് ഫ്ളോട്ട് ഫണ്ട് എന്നാണ് പറയുന്നത്. ചിട്ടി പിടിച്ചവർക്ക് തൊട്ടടുത്ത മാസം തുക നൽകുന്നതുവരെ ഇതും ഹ്രസ്വകാല ബോണ്ടായി കിഫ്ബിയിലേക്ക് നൽകുന്നുണ്ട്. ഈ മൂന്ന് ഇനങ്ങളിലായി ഇതിനോടകം 25 കോടിയോളം രൂപ കിഫ്ബിയില്‍ നിക്ഷേപിച്ചിട്ടുണ്ട്.
ചിട്ടിയുടെ പ്രചാരണത്തിനായി തുടക്കത്തിൽ ചെലവാക്കിയ തുക ആരംഭച്ചെലവ് മാത്രമാണ്. ഏതൊരു പുതിയ സംരംഭത്തിനും ഇത് ആവശ്യവുമാണ്. ചിട്ടി തുടങ്ങി ഏതാനും മാസങ്ങൾക്കുള്ളിൽ അന്‍പതുകോടിയിലേറെ രൂപ പിരിഞ്ഞുകിട്ടുകയും ഇരുപത്തഞ്ചു കോടിയോളം രൂപ കിഫ്ബിയിലേക്ക് ബോണ്ടാക്കി നൽകാനാകുകയും ചെയ്തതിനാൽതന്നെ പ്രവാസി ചിട്ടി വിജയത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞതായി നിസ്സംശയം പറയാനാകും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.