തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധി മൂലം സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം തുടരുമെന്ന് ധനമന്ത്രി തോമസ് ഐസക്. വായ്പാ പരിധി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചതാണ് പ്രതിസന്ധിക്കു കാരണമെന്നും മാര്‍ച്ച് ആദ്യവാരത്തോടെ പ്രതിസന്ധിയില്‍ അയവു വരുമെന്നും ന്യൂസ് 18നോട് സംസാരിക്കവെയാണ് ധനമന്ത്രി അറിയിച്ചത്.
സാമ്പത്തിക പ്രതിസന്ധി തുടരുന്നത് മൂലം സംസ്ഥാനത്തെ പദ്ധതി പ്രവർത്തനങ്ങൾ അവതാളത്തിലാണ്. ബില്ലുകൾ മാറി നൽകാത്തതിനാൽ പ്രവൃത്തികൾ നിര്‍ത്തി വയ്ക്കുമെന്ന് കരാറുകാർ സർക്കാരിന് മുന്നറിയിപ്പ് നൽകി കഴിഞ്ഞു. വായ്പാ പരിധി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാരാണ് പ്രതിസന്ധിയുണ്ടാക്കിയതെന്നാണ് വിമർശനം.
അവസാന മൂന്നു മാസം 6000 കോടി രൂപ വായ്പ എടുക്കാനുള്ള അവകാശം ഉണ്ടായിരുന്നു. അതില്‍ 1800 കോടി കേന്ദ്രം കുറവ് ചെയ്തു. അതാണ് പ്രതിസന്ധിക്ക് കാരണം. അത് അനുവദിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. 6000 കോടിയും അനുവദിക്കാന്‍ ആകില്ലെന്ന് കേന്ദ്രം നിലപാടെടുത്തതിനാൽ ജനുവരിയില്‍ വായ്പ എടുക്കാനേ കഴിഞ്ഞില്ല. അതിനാലാണ് ബില്‍ പരമാവധി ഒരു ലക്ഷമായി പരിമിതപ്പെടുത്തിയത്. പിന്നീട് 1800 കോടി മാത്രം കുറച്ചപ്പോള്‍ 5 ലക്ഷമായി ഉയര്‍ത്തി.മാര്‍ച്ച് ആദ്യം കൂടുതല്‍ വായ്പ ലഭിക്കുന്നതോടെ പ്രതിസന്ധിക്ക് അയവുവരുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷയെന്നും ധനമന്ത്രി വ്യക്തമാക്കി.
കൂടുതല്‍ വായ്പ ലഭിക്കുന്നതോടെ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യാനാകും. കുറച്ചു ബില്‍ അടുത്ത വര്‍ഷത്തേക്ക് മാറ്റിവയ്‌ക്കേണ്ടി വരും എന്നാൽ അത് ആദ്യ സംഭവമല്ല. ഏപ്രില്‍ മാസത്തില്‍ കുടിശ്ശിക പൂര്‍ണമായും കൊടുത്തുതീര്‍ത്താക്കാനാകുമെന്നും മന്ത്രി അറിയിച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.