HOME » NEWS » Kerala » FIR AGAINST AISHA SULTANA IN SEDITION CASE IN LAKSHADWEEP 1 AR TV

'ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് രാജ്യത്തെ മറ്റിടങ്ങളിലെ ജനങ്ങളോട് ശത്രുതയുണ്ടാക്കി'; അയിഷ സുൽത്താനയ്ക്കെതിരായ FIR

രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും അംഗീകരിയ്ക്കുന്നതില്‍ നിന്നും ജനങ്ങളെ തടയാനും കേന്ദ്ര സർക്കാരിനെതിരെ ലക്ഷദ്വീപിലെ ജനങ്ങളുടെ വികാരം ലക്ഷദ്വീപിലെ പ്രാദേശിക ജനസമൂഹത്തിലെ ജനങ്ങള്‍ക്കിടയില്‍ ഇളക്കിവിട്ടു.

News18 Malayalam | news18-malayalam
Updated: June 10, 2021, 10:59 PM IST
'ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് രാജ്യത്തെ മറ്റിടങ്ങളിലെ ജനങ്ങളോട് ശത്രുതയുണ്ടാക്കി'; അയിഷ സുൽത്താനയ്ക്കെതിരായ FIR
Aisha_Sulthana
  • Share this:
കൊച്ചി: ലക്ഷദ്വീപില്‍ നിന്നുള്ള സിനിമാ പ്രവര്‍ത്തകയും ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ ജനകീയ പ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളിയുമായ അയിഷ സുല്‍ത്താനയ്‌ക്കെതിരെ  കവരത്തി പോലീസ് കേസെടുത്തു. ചാനല്‍ ചര്‍ച്ചയ്ക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരായ ബയോവെപ്പണ്‍ പരാമര്‍ശത്തേത്തുടര്‍ന്നാണ് നടപടി. ലക്ഷദ്വീപ് ബി.ജെ.പി അധ്യക്ഷന്‍ സി.അബ്ദുള്‍ ഖാദര്‍ ഹാജി നല്‍കിയ പരാതിയിലാണ് നടപടി.രാജ്യദ്രോഹക്കുറ്റങ്ങള്‍ ഉള്‍പ്പെടുന്ന 12 എ,153 ബി വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിയ്ക്കുന്നത്.

രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും അംഗീകരിയ്ക്കുന്നതില്‍ നിന്നും ജനങ്ങളെ തടയാനും കേന്ദ്ര സർക്കാരിനെതിരെ ലക്ഷദ്വീപിലെ ജനങ്ങളുടെ വികാരം ലക്ഷദ്വീപിലെ പ്രാദേശിക ജനസമൂഹത്തിലെ ജനങ്ങള്‍ക്കിടയില്‍ ഇളക്കിവിട്ടു. ലക്ഷദ്വീപിലെ ജനങ്ങള്‍ക്കുമേല്‍ കൊറോണ വൈറസിനെ ബയോ വെപ്പണായി ഉപയോഗിച്ചു എന്ന് വ്യാജമായി പറഞ്ഞതിലൂടെ ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് രാജ്യത്തെ മറ്റിടങ്ങളിലെ ജനങ്ങളോട് അസഹിഷ്ണുതയും ശത്രുതാമനോഭാവവും ഉടലെടുക്കാന്‍ കാരണമായതായി എഫ്.ഐ.ആറില്‍ പറയുന്നു.

ഒന്നാം കോവിഡ് തരംഗത്തില്‍ ഒരു കേസുപോലും റിപ്പോര്‍ട്ടു ചെയ്യാതിരുന്ന ലക്ഷദ്വീപില്‍ അഡ്മിനസ്‌ട്രേറ്ററുടെ പ്രത്യേക നിര്‍ദ്ദേശത്തേത്തുടര്‍ന്ന് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയതിനേത്തുടര്‍ന്ന് രോഗം പടര്‍ന്നു പിടിച്ചിരുന്നു. അഡ്മിനിസ്‌ട്രേറ്ററുടെ നയങ്ങള്‍ ജൈവായുധം പോലെ തനിയ്ക്കു തോന്നുന്നുവെന്നായിരുന്നു അയിഷയുടെ പരമാര്‍ശങ്ങള്‍.



അയിഷ സുല്‍ത്താനയ്ക്ക് പിന്തുണയുമായി ലക്ഷദ്വീപില്‍ പ്രക്ഷോഭം നടത്തുന്ന സംഘടനകള്‍ രംഗത്തെത്തി. അയിഷയ്‌ക്കൊപ്പം ദ്വീപിലെ ജനങ്ങള്‍ ഒന്നടങ്കം ഉറച്ചുനില്‍ക്കും. ഭരണകൂടത്തിനെതിരായ വിമര്‍ശനങ്ങള്‍ രാജ്യദ്രോഹക്കുറ്റമായി ചിത്രീകരിയ്ക്കുന്നത് ശരിയല്ലെന്ന്  പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ലക്ഷദ്വീപ് സാഹിത്യപ്രവര്‍ത്തക സംഘം പ്രസ്താവനയില്‍ അറിയിച്ചു.

Also Read- Lakshadweep | സിനിമാപ്രവർത്തക അയിഷ സുൽത്താനയ്ക്കെതിരെ ലക്ഷദ്വീപിൽ രാജ്യദ്രോഹത്തിന് കേസ്

ബി.ജെ.പി പ്രവര്‍ത്തകര്‍ തന്നെ രാജ്യദ്രോഹിയായി ചിത്രീകരിയ്ക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നതായി അയിഷ സുല്‍ത്താന നേരത്തെ ആരോപിച്ചിരുന്നു.ബയോ വെപ്പണ്‍ എന്ന വാക്ക് പ്രഫുല്‍ പട്ടേലിനെ മാത്രം ഉദ്ദേശിച്ചാണ് രാജ്യത്തെയോ സർക്കാരിനെയോ അല്ലെന്ന് അയിഷ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

അയിഷയുടെ വാക്കുകളിങ്ങനെയായിരുന്നു

എന്റെ മദീന നിങ്ങളോട് യുദ്ധത്തിന് വന്നാലും നിങ്ങള്‍ നിങ്ങളുടെ മാതൃരാജ്യത്തിനൊപ്പം നില്‍ക്കണം എന്ന് പഠിപ്പിച്ചത് മുഹമ്മദ് നബി(സ) ഇത് ഇവിടെ പറയാനുള്ള കാരണം

എന്നെ ചിലര്‍ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നു, അതിനു കാരണം ഇന്നലത്തെ ചാനല്‍ ചര്‍ച്ചയില്‍ ഞാന്‍ 'ബയോവെപ്പണ്‍' എന്നൊരു വാക്ക് പ്രയോഗിച്ചതില്‍ ആണ്...

സത്യത്തില്‍ ആ ചര്‍ച്ച കാണുന്ന എല്ലാവര്‍ക്കും അറിയാം ഞാന്‍ ആ വാക്ക് പ്രയോഗിച്ചത് പ്രഫുല്‍ പട്ടേലിനെ മാത്രം ഉദ്ദേശിച്ച് തന്നെയാണു... പ്രഫുല്‍ പട്ടേലും അയാളുടെ നയങ്ങളും തികച്ചും ഒരു വെപ്പണ്‍ പോലെ എനിക്ക് തോന്നി..

അതിന് കാരണം ഒരു വര്‍ഷത്തോളമായി 0 കോവിഡ് ആയ ലക്ഷദ്വീപില്‍ ഈ പ്രഫുല്‍ പട്ടേലും, ആളുടെ കൂടെ വന്നവരില്‍ നിന്നുമാണ് ആ വൈറസ് നാട്ടില്‍ വ്യാപിച്ചത്... ഹോസ്പിറ്റല്‍ ഫെസിലിറ്റിസ് ഇല്ലാ എന്നറിഞ്ഞിട്ടും ആ കാര്യം ഞങ്ങളുടെ മെഡിക്കല്‍ ഡയറക്ടര്‍, പ്രഫുല്‍ പട്ടേലിനെ അറിയിച്ചപ്പോഴും അതൊന്നും ചെവി കൊള്ളാതെ മെഡിക്കല്‍ ഡയറക്ടറെ പോലും ഡീ പ്രമോട്ട് ചെയ്ത ഈ പ്രഫുല്‍ പട്ടേലിനെ ഞാന്‍ ബയോവെപ്പണ്‍ ആയി താരതമ്യം ചെയ്തു..

അല്ലാതെ രാജ്യത്തെയോ ഗവണ്‍മെന്റിനെയോ അല്ല. ചാനലിലെ ടെക്‌നിക്കല്‍ ഇഷ്യൂ കാരണം പരസ്പരം പറയുന്ന കാര്യങ്ങളില്‍ ശ്രദ്ധ കുറവ് അവിടെ ഉണ്ടായിട്ടുണ്ട് അതില്‍ ഞാന്‍ അവസാനം വരെയും പ്രഫുല്‍ പട്ടേലിനെ തന്നെയാണു പറഞ്ഞുകൊണ്ടിരുന്നത്. അല്ലാതെ എന്റെ രാജ്യത്തെ അല്ല.

കോവിഡ് കേരളത്തില്‍ എത്തിയ അന്ന് മുതല്‍ ഞാന്‍ ഒരു ദിവസം പോലും റസ്റ്റില്ലാതെ ലക്ഷദ്വീപ് ഗവണ്‍മെന്റിന്റെ കൂടെ നിന്ന് അവരെ സഹായിച്ചിട്ടുണ്ട് അതിനെ പറ്റി അന്ന് ലക്ഷദ്വീപിലെ യാത്രക്കാരുടെ കാര്യങ്ങള്‍ നോക്കിയിരുന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്നെ പറ്റി പറഞ്ഞൊരു വിഡിയോ ഞാന്‍ ഇതിന്റെ കൂടെ പോസ്റ്റു ചെയ്യുന്നു.

അന്ന് ഉറക്കം പോലും ഇല്ലാതെ അവിടെ ഇവിടെ കുടുങ്ങി കിടക്കുന്നവരേയും, ഇവാകുവേഷന്‍ നടക്കുമ്പോള്‍ ആ രോഗികളെയും പോയി കൊണ്ട് വന്നു യഥാ സ്ഥലത്ത് എത്തിച്ചത് ഗവണ്‍മെന്റിനോടുള്ള എന്റെ ഉത്തരവാദിത്തമായി കണ്ടത് കൊണ്ടാണ് ഒപ്പം ആ നാട്ടില്‍ കൊറോണ വരാതിരിക്കാന്‍ വേണ്ടിയും കൂടിയാണ്... അന്ന് അത്രയും റിസ്‌ക് എടുത്ത ഞാന്‍ പിന്നിട് അറിയുന്നത് പ്രഫൂല്‍ പട്ടേല്‍ കാരണം കൊറോണ നാട്ടില്‍ പടര്‍ന്നു പിടിച്ചു എന്നതാണ്...സത്യത്തില്‍ നിങ്ങള്‍ ഒന്ന് മനസിലാക്ക്... ഞാന്‍ പിന്നേ അദ്ദേഹത്തെ എന്ത് പേരിലാണ് വിളിക്കുക

നിരവധി സിനിമകളില്‍ സംവിധായകന്‍ ലാല്‍ജോസിന്റെ സംവിധാന സഹായിയാരുന്നു അയിഷ സുല്‍ത്താന. മോഡലിംഗ്, അഡ്വര്‍ടൈസ്‌മെന്റ് മേഖലകളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് സിനിമാരംഗത്തേക്ക് എത്തിയത്. ഫ്‌ളഷ് എന്ന സിനിമയിലൂടെയാണ് സ്വതന്ത്രസംവിധായിക ആയത്. ലക്ഷദ്വീപില്‍ നിന്നുള്ള ആദ്യ വനിതാ സിനിമാ സംവിധായിക എന്നി പദവിയും അയിഷയ്ക്ക് സ്വന്തമാണ്.
Published by: Anuraj GR
First published: June 10, 2021, 10:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories