'സ്ത്രീ ആയിപ്പോയി; ഇല്ലെങ്കില്‍ ചേബംറില്‍ നിന്ന് വലിച്ചു പുറത്തിട്ട് തല്ലിച്ചതച്ചേനെ'; വഞ്ചിയൂർകേസില്‍ എഫ്ഐആർ

വനിതാ മജിസ്‌ട്രേറ്റിനെ ഭീഷണിപ്പെടുത്തി വഞ്ചിയൂരിലെ വക്കീലന്മാർ. കോടതിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയെന്നും എഫ്‌ഐആര്‍

News18 Malayalam | news18-malayalam
Updated: November 29, 2019, 6:42 PM IST
  • Share this:
തിരുവനന്തപുരം: വനിതാ മജിസ്‌ട്രേറ്റിനെ വഞ്ചിയൂര്‍ ബാറിലെ അഭിഭാഷകര്‍ ഭീഷണിപ്പെടുത്തിയെന്നും അപമാനിച്ചെന്നും എഫ്‌ഐആര്‍. തിരുവനന്തപുരം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ദീപാ മോഹന്റെ പരാതിയില്‍ വഞ്ചിയൂര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മജിസ്‌ട്രേറ്റിനെ ചേംബറില്‍ തടഞ്ഞുവച്ച പ്രതികള്‍ കോടതിയുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തി. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.പി.ജയചന്ദ്രന്‍,സെക്രട്ടറി പാച്ചല്ലൂര്‍ ജയകൃഷ്ണന്‍ പിന്നെ കണ്ടാലറിയുന്ന 10 അഭിഭാഷകര്‍ ഇവരുടെ പേരിലാണ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്. മജിസ്‌ട്രേറ്റിനെ കോടതി കാണാത്തവളെന്നു പറഞ്ഞ് അധിക്ഷേപിക്കുന്ന ശബ്ദ സന്ദേശവും പുറത്തുവന്നു.

also read:ഇന്ത്യയിൽ ഏറ്റവും കൂടുതൽ അഴിമതി രാജസ്ഥാനിൽ; കേരളത്തിൽ കൈക്കൂലി 10% മാത്രം

വഞ്ചിയൂര്‍ കോടതിയില്‍ മജിസ്‌ട്രേറ്റിനു നേരേ അഭിഭാഷകര്‍ കാട്ടിയ ഗുണ്ടായിസത്തിന്റെ തീവ്രത വ്യക്തമാക്കുന്നതാണ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.പി.ജയചന്ദ്രന്റേയും സെക്രട്ടറി പാച്ചല്ലൂര്‍ ജയകൃഷ്ണന്റേയും നേതൃത്വത്തില്‍ പത്തോളം അഭിഭാഷകര്‍ ചേംബറില്‍ അതിക്രമിച്ചു കയറി. കെ.പി.ജയചന്ദ്രന്‍ മജിസ്‌ട്രേറ്റിനു നേരേ കൈചൂണ്ടി ഓര്‍ഡര്‍ ചലഞ്ച് ചെയ്യണോ വേണ്ടയോ എന്നു ഞങ്ങള്‍ക്കറിയാമെന്നും അത് നിങ്ങള്‍ പറഞ്ഞുതരേണ്ടെന്നും പറഞ്ഞു.

പിന്നീട് ഭീഷണിയുടെ സ്വരത്തിലായിരുന്നു സംസാരം. അത് ഇപ്രകാരമായിരുന്നു. നിങ്ങള്‍ ആദ്യം പോയി നിയമം പഠിക്കണം. സ്ത്രീ ആയി പോയി. ഇല്ലെങ്കില്‍ ചേംബറില്‍ നിന്ന് വലിച്ച് പുറത്തിട്ട് തല്ലിച്ചതച്ചേനേ. ഇനി കോടതിയില്‍ ആരെങ്കിലും വരണോ എന്ന് ഞങ്ങള്‍ തീരുമാനിക്കും. മജിസ്‌ട്രേറ്റിനെ കഠിന ദേഹോപദ്രവം ഏല്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും എഫ്‌ഐആര്‍ വ്യക്തമാക്കുന്നു. ചേംബറില്‍ നിന്ന് പുറത്തിറങ്ങിയ പ്രതികള്‍ ഇനി നിങ്ങള്‍ പുറത്തിറങ്ങുന്നതു കാണാം എന്നു മജിസ്‌ട്രേറ്റിനോട് പറഞ്ഞ് ചേംബറിന്റെ വാതില്‍ വലിച്ചടച്ചു. മജിസ്‌ട്രേറ്റിനെ തടങ്കലില്‍ വച്ചു. വീണ്ടും കെ.പി.ജയചന്ദ്രന്‍ മജിസ്‌ട്രേറ്റിനു നേരേ കൈ ചൂണ്ടിക്കൊണ്ട് പുറത്തിറങ്ങരുതെന്നും ഇവിടയിരുന്നോളണം എന്നും ആജ്ഞാപിച്ചു.

കോടതി ഇനി പ്രവര്‍ത്തിക്കുന്നില്ലെന്നും എല്ലാവരും ഇറങ്ങിക്കോളണമെന്നും കോര്‍ട്ട് ഹാളില്‍ ഇരുന്നവരോട് മറ്റു പ്രതികള്‍ ആക്രോശിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നില്‍ വിചാരണയിലുള്ള കേസിലെ നടപടികളാണ് അഭിഭാഷകരെ മജിസ്‌ട്രേറ്റിന് എതിരാക്കിയത്. കഴിഞ്ഞ ബുധനാഴ്ച ഈ കേസിലെ പ്രതിയെ മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തു. തുടര്‍ന്നായിരുന്നു ബാര്‍ അസോസിയേഷന്‍ പ്രസിഡന്റിന്റേയും സെക്രട്ടറിയുടേയും നേതൃത്വത്തില്‍ അഭിഭാഷകര്‍ മജിസ്‌ട്രേറ്റിന്റെ ചേംബറില്‍ കയറി അക്രമം നടത്തിയത്.

ഇതിനിടെ മജിസ്‌ട്രേറ്റിനെ അപഹസിക്കുന്ന വാട്‌സ് ആപ് ശബ്ദസന്ദേശവും അഭിഭാഷകര്‍ പുറത്തുവിട്ടു. മജിസ്‌ട്രേറ്റിന് യാതൊരു പ്രാക്ടീസുമില്ല. കോടതിയുടെ വരാന്ത പോലും കണ്ടിട്ടില്ല. ഈ മജിസ്‌ട്രേറ്റ് ഈവനിങ് കോഴ്‌സില്‍ പോയി എല്‍എല്‍എബി എടുത്തു. അതു കഴിഞ്ഞു വീട്ടിലിരുന്ന് പരീക്ഷ എഴുതി പാസായി. കോടതി എങ്ങനെ ഇരിക്കുന്നെന്ന് കണ്ടിട്ടില്ല. കോടതി നടപടിക്രമങ്ങള്‍ അറിയില്ല. എന്നിങ്ങനെ ആയിരുന്നു അധിക്ഷേപം.

അഭിഭാഷകരുടെ വാട്‌സ് ആപ് ഗ്രൂപ്പില്‍ വന്ന സന്ദേശമാണ് പുറത്തായത്. നേരത്തേ പൊലീസുകാരേയും മാധ്യമപ്രവര്‍ത്തരേയും കോടതിയിലിട്ട് തല്ലിച്ചതച്ച് കുപ്രസിദ്ധരായ വഞ്ചിയൂരിലെ അഭിഭാഷകര്‍ വനിതാ മജിസ്‌ട്രേറ്റിനോടും സമാന രീതിയിലാണ് പെരുമാറിയത്. കോടതിയുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തിയ അഭിഭാഷകരുടെ നടപടി നിയമവൃത്തങ്ങളിലും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
First published: November 29, 2019, 5:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading