• HOME
 • »
 • NEWS
 • »
 • kerala
 • »
 • കുളത്തിലേക്ക് തലകീഴായി മറിഞ്ഞ് കാർ; അമ്മയ്ക്കും മകനും രക്ഷകരായത് ആകസ്മികമായി സ്ഥലത്തെത്തിയ അഗ്നിശമന സേനാ ഉദ്യോഗസ്ഥർ

കുളത്തിലേക്ക് തലകീഴായി മറിഞ്ഞ് കാർ; അമ്മയ്ക്കും മകനും രക്ഷകരായത് ആകസ്മികമായി സ്ഥലത്തെത്തിയ അഗ്നിശമന സേനാ ഉദ്യോഗസ്ഥർ

ഫയർഫോഴ്‌സ് ഉദ്യാഗസ്ഥരായ നൗഫർ, മിഥുൻ എന്നിവർ കുളത്തിലേക്ക് ചാടി കാർ ഉയർത്തി നാട്ടുകാരുടെ സഹായത്തോടെ കരയ്ക്കടുപ്പിച്ചശേഷം യാത്രക്കരായ അമ്മയെയും മകനയും രക്ഷപ്പെടുത്തുകയായിരുന്നു

 • Last Updated :
 • Share this:
  കൊല്ലം: ആഴമുള്ള കുളത്തിലേക്കു തലകീഴായി മറിഞ്ഞ കാറിനുള്ളിൽ കുടുങ്ങിയ അമ്മയ്ക്കും മകനും രക്ഷകരായത് ആകസ്മികമായി സ്ഥലത്തെത്തിയ അഗ്നിശമന സേനയിലെ ഉദ്യോഗസ്ഥർ. ഡ്യൂട്ടിയിൽ അല്ലാതിരുന്ന ഉദ്യോഗസ്ഥർ സ്വകാര്യ ആവശ്യങ്ങൾക്കായി രണ്ട് സ്ഥലങ്ങളിലേക്ക് പോകും വഴി അപകട സ്ഥലത്തെത്തുകയും തുടർന്ന് രക്ഷാപ്രവർത്തനം നടത്തിയതാണ് അമ്മയുടെയും മകന്റെയും ജീവൻ രക്ഷിച്ചത്. കരുനാഗപ്പള്ളി അഗ്നിരക്ഷാസേനയിലെ ഉദ്യോഗസ്ഥരായ മൈനാഗപ്പള്ളി പച്ചക്കുളത്തുവീട്ടിൽ എൻ നൗഫറും ചവറ കോട്ടയ്ക്കകം സാരംഗത്തിൽ എം എസ് മിഥുനുമാണ് രക്ഷകരായത്.

  ചവറ ടൈറ്റാനിയം – ശാസ്താംകോട്ട റോഡിൽ തേവലക്കര കൂഴംകുളം ജംക്‌ഷനു സമീപം വാഹനങ്ങൾ കൂട്ടയിടിച്ചതിനെ തുടർന്ന് അമ്മയും മകനും സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് കുളത്തിലേക്ക് തലകീഴായി മറിയുകയായിരുന്നു. വെള്ളിമൺ വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ ജീവനക്കാരി തേവലക്കര പാലയ്ക്കൽ ബീനാ ഭവനിൽ എസ് അനു (39) എട്ട് വയസ്സുകാരനായ മകൻ സനൽ കൃഷ്ണൻ എന്നിവരാണ് അപകടത്തിൽപ്പെട്ടത്.

  നൗഫർ തേവലക്കരയ്ക്ക് കാറിൽ പോകുന്നതിനിടെയാണ് അപകട സ്ഥലത്ത് എത്തുന്നത്. നാട്ടുകാർ എന്തുചെയ്യണമെന്നറിയാതെ നോക്കിനിൽക്കെ നൗഫർ കുളത്തിലേക്ക് ചാടുകയായിരുന്നു. പിന്നാലെ സുഹൃത്തുക്കൾക്കൊപ്പം പുത്തൂരിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്ന മിഥുൻ ആൾക്കൂട്ടം കാണുകയും തുടർന്ന് നൗഫറിനൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കുചേരുകയുമായിരുന്നു.

  ചില്ലുകൾ അടഞ്ഞിരുന്ന കാറിൽ വെള്ളം കയറുന്നുണ്ടായിരുന്നു. പ്രദേശത്ത് തടിച്ചുകൂടിയ നാട്ടുകാരുടെ സഹായത്തോടെ കാർ മുങ്ങാതെ കയർ കെട്ടി നിർത്തുകയും തുടർന്ന് അനുവിനെയും സനലിനെയും അവർ പുറത്തെടുക്കുകയുമായിരുന്നു. സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാൽ അനുവിനും മകനും കാര്യമായ പരുക്കുണ്ടായില്ല.

  ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയ ഇരുവരും വീട്ടിൽ വിശ്രമത്തിലാണ്. ഇന്നലെ വൈകീട്ട് അനുവിന്റെ വീട്ടിൽ നൗഫറും മിഥുനും എത്തുകയും വീട്ടുകാർ അവർക്ക് വലിയ സ്വീകരണ൦ നൽകുകയും ചെയ്തിരുന്നു. സംഭവം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ഇരുവർക്കും അഭിനന്ദന പ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

  Also read- Tiger attack| മാനന്തവാടിയിൽ വീണ്ടും കടുവയിറങ്ങി; ഇന്നലെ ആടിനെ കൊന്ന കടുവ ഇന്ന് പശുവിനെ ആക്രമിച്ചു

  കാര്‍ പിന്നോട്ടെടുക്കുന്നതിനിടെ ഡോര്‍ തുറന്നു; മുറ്റത്തേക്ക് വീണ രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

  വയനാട്: കാര്‍ പിന്നോട്ടെടുക്കുന്നതിനിടെ ഡോർ തുറന്നു മുറ്റത്തേക്ക് തെറിച്ചു വീണു രണ്ടു വയസുകാരന് ദാരുണാന്ത്യം. കമ്മന കുഴിക്കണ്ടത്തില്‍ രഞ്ജിത്തിന്റെയും ഐശ്വര്യയുടെയും ഇളയ മകന്‍ സ്വാതിക് (2) ആണ് മരിച്ചത്.

  കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചര മണിയോടെയായിരുന്നു അപകടം. രഞ്ജിത്തും കുടുംബസമേതം മാനന്തവാടി ടൗണിലേക്ക് പോകാനായി കാര്‍ പിന്നോട്ടെടുക്കുന്നതിനിടെ ഡോര്‍ തുറക്കുകയയും കുട്ടികള്‍ പുറത്തേയ്ക്ക് തെറിച്ച് യുമായിരുന്നു എന്നാണ് പ്രാഥമിക വിവരം. രഞ്ജിത്തിന്റെ മൂത്ത മകനും അപകടത്തില്‍ കൈക്ക് പരിക്കേറ്റു.

  കുട്ടികളെ മാനന്തവാടിയിലെ വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ഇളയക്കുട്ടി മരിച്ചിരുന്നു. മൂത്ത കുട്ടിക്ക് ചികിത്സ നല്‍കി വിട്ടയച്ചു. സ്വാതിക്കിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
  Published by:Naveen
  First published: