സെക്രട്ടേറിയറ്റിൽ തീ പിടിച്ചത് ഫാനിൽ നിന്ന്; ഫോറൻസിക് റിപ്പോർട്ട് തള്ളി ഗ്രാഫിക്സ് വീഡിയോയുമായി പൊലീസ്
സെക്രട്ടേറിയറ്റിൽ തീ പിടിച്ചത് ഫാനിൽ നിന്ന്; ഫോറൻസിക് റിപ്പോർട്ട് തള്ളി ഗ്രാഫിക്സ് വീഡിയോയുമായി പൊലീസ്
തീപിടിത്തം ഉണ്ടായ ഹാളിൽ നിന്നും അകലെയുള്ള കാബനിലാണ് മദ്യക്കുപ്പികൾ കണ്ടെത്തിയത്. ഇതിൽ മദ്യം ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥനോട് വിശദീകരണം തേടിയിരുന്നെന്നും പൊലീസ്.
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിൽ തീപിടിത്തമുണ്ടായ സംഭവത്തിൽ ഫോറൻസിക് കണ്ടെത്തൽ തള്ളി സംസ്ഥാന പൊലീസ്. ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് ഫാനിൽ നിന്നാണ് തീ പടർന്നതെന്നും ദുരൂഹതയില്ലെന്നുമാണ് പൊലീസ് പറയുന്നത്. ഇതു വിശദീകരിക്കുന്ന ഗ്രാഫിക്സ് വീഡിയോയും പൊലീസ് തയാറാക്കിയിട്ടുണ്ട്. തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട് അല്ലെന്നും പ്രോട്ടോകോൾ ഓഫീസിൽ നിന്നും മദ്യക്കുപ്പികൾ കണ്ടെടുത്തെന്നും ഫോറൻസിക് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
തീപിടിത്തം ഉണ്ടായ ഹാളിൽ നിന്നും അകലെയുള്ള കാബനിലാണ് മദ്യക്കുപ്പികൾ കണ്ടെത്തിയത്. ഇതിൽ മദ്യം ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥനോട് വിശദീകരണം തേടിയിരുന്നെന്നും പൊലീസ് വ്യക്തമാക്കുന്നു. ഫാനിലുണ്ടായ ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപിടിച്ചതെന്നു വ്യക്തമാക്കുന്ന ഗ്രാഫിക്സ് വീഡിയോയും പൊലീസ് പുറത്തുവിട്ടു. തീപിടിത്തം ഉണ്ടായ സ്ഥലത്തുനിന്നും ശേഖരിച്ച സാധനങ്ങൾ നാഷണൽ ലാബിലേക്ക് വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
2013ൽ നിർമിച്ച ഫാനിൽ ഇലക്ടിക്കൽ തകരാർ ഉണ്ടായിരുന്നെന്നും തുടർച്ചയായി പ്രവർത്തിച്ചു ചൂടായ ഫാനിലെ പ്ലാസ്റ്റിക് ഉരുകി ഷെൽഫിനു മുകളിലെ പേപ്പറിൽ വീണു തീപിടിച്ചിരിക്കാനാണു സാധ്യതയെന്നുമാണ് പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കത്തിനശിച്ച ഫാനിന്റെ എംസിബി ട്രിപ്പായ അവസ്ഥയിലായിരുന്നു. ഫാനിലേക്കുള്ള കണക്ഷൻ വയറിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായാൽ എംസിബി ട്രിപ്പാകാൻ സാധ്യതയുണ്ട്. ഫൊറൻസിക് ലബോറട്ടറിയിൽ വിഷ്വൽ ആൻഡ് മൈക്രോസ്കോപ്പിക് എക്സാമിനേഷനാണു നടത്തിയതെന്നും ഇതു വിശദമായി പരിശോധിക്കുന്നതിനു നാഷനൽ ലാബിലേക്ക് അയക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഫാനിന്റെ പ്ലാസ്റ്റിക് ഉരുകിയതുമായി ബന്ധപ്പെട്ട ശാസ്ത്രീയ പരിശോധന നടത്താനുള്ള സംവിധാനം ഫൊറൻസിക് ലാബിലില്ലാത്തതിനാൽ അതും നാഷണൽ ലാബിൽ അയയ്ക്കും. ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയും സെക്രട്ടേറിയറ്റ് പരിസരത്തെ 30,000ൽ അധികം ഫോൺ കോളുകൾ പരിശോധിക്കുകയും ചെയ്തു. സഥലത്തുനിന്ന് സാനിറ്റൈസറിന്റെ ഒഴിഞ്ഞ കുപ്പി കണ്ടെത്തിയെങ്കിലും അതിലൂടെ തീപിടിത്തം ഉണ്ടായില്ലെന്നു ശാസ്ത്രീയ പരിശോധനയിലൂടെ വ്യക്തമായെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.
45 വസ്തുക്കൾ ഫോറൻസിക്പരിശോധനയ്ക്കു അയച്ചു. 70 രേഖകൾ പരിശോധിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്നു സിസിടിവിയിലെ 48 മണിക്കൂര്‍ ദൃശ്യങ്ങൾ പരിശോധിച്ചു. സിസിടിവി ദൃശ്യങ്ങളിൽ ഉണ്ടായിരുന്ന 222 വ്യക്തികളെ കണ്ടെത്തി വിവരങ്ങൾ ആരാഞ്ഞു. കേന്ദ്ര ഏജൻസികൾ ആവശ്യപ്പെട്ട ഫയലുകൾ സുരക്ഷിതമാണെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.